Wednesday 29 August 2012

പുതിയ ചുവടുകൾ



ഇന്നലെ പറഞ്ഞതുതന്നെ ഇന്നും പറയുകയാണെങ്കിൽ നാം ബുദ്ധിപരമായി മരിച്ചു എന്നാണർഥമെന്ന് എം.എൻ.വിജയൻ ഒരിക്കൽ പറയുകയുണ്ടായി.ബൗദ്ധികമായ കെട്ടിക്കിടപ്പ് ജീർണ്ണതയെ വിളംബരചെയ്യലാണെന്നും അത് ജൈവികമായ യുക്തിയെയും സർഗ്ഗാത്മകതയെയും ഇല്ലായ്മചെയ്യുമെന്നും വിജയന് നല്ല ബോധ്യമുണ്ടായിരുന്നു.പ്രാചീനസംസ്കൃതിയുടെ വന്യതടസ്ഥലിയിൽനിന്ന് നവസംസ്കാരത്തിന്റെ എടുപ്പുകളിലേക്കുള്ള മനുഷ്യന്റെ എഴുന്നേറ്റുനടപ്പിൽ ഇട്ടെറിയലും കൂട്ടിച്ചേർക്കലും തേച്ചുമിനുക്കലും പലകുറി നടന്നിട്ടുണ്ട്.പുതിയ തിരിച്ചറിവുകൾ മനുഷ്യനെ ബൗദ്ധികമായ സത്യസന്ധതയുടെ പൗരനാക്കുന്നു.മാറാത്ത യുക്തി ബീജഗണിതത്തിലെ അക്കങ്ങൾപോലെ വിരസമാണ്.സർഗ്ഗാത്മകമായ യുക്തിയാവട്ടെ  കവിതപോലെ സുന്ദരമാണ്.ചരിത്രവും സാഹിത്യവും രാഷ്ട്രീയവും വാഗ്ദാനംചെയ്യുന്നയുക്തി മാറിമറിയുന്നത് അതിനകത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സർഗ്ഗാത്മകതയുടെ തള്ളിച്ചകൊണ്ടുകൂടിയാണ്.ജീവിതം അതിന്റെ ഘടനയ്ക്കകത്തുതന്നെ സ്വയം പൂർണ്ണമായ സർഗ്ഗാത്മകതയായതുകൊണ്ടാണ് കവിതയും ചരിത്രവും പോലെയുള്ള പിരിച്ചെഴുത്തുകൾ സാധ്യമാകുന്നത്.
മലയാളത്തിലെ പുതുകവിതയെക്കിറിച്ച്  ആലോചിച്ചു തുടങ്ങുമ്പോൾ ഇങ്ങനെയൊരു മുഖവുര ആവശ്യമാണെന്ന് തോന്നുന്നു.പഴകിയ കാവ്യാനുശീലനത്തിന്റെ മുഴക്കോൽകൊണ്ട് പുതുകവിതയെ അളക്കാൻശ്രമിക്കുന്ന കാവ്യവിമർശനം സ്വയം നിറയൊഴിക്കലിന്റെ രഷ്ട്രീയമാണ് നിർവഹിക്കുന്നത്.കവിത സൗന്ദര്യാത്മക നിർമ്മിതിയായിരുന്ന ആധുനികതയിൽനിന്നു പുതുകവിത പുലർത്തുന്ന ദൂരം അതിന്റെ രാഷ്ട്രീയത്തെക്കൂടി ചേർത്തുവായിക്കുമ്പോൾ മാത്രമേ ബോധ്യമാവുകയുള്ളൂ.ഭാഷയുടെ ആടയാഭരണങ്ങൾ അഴിച്ചുവച്ച് പിറന്നപടി നിൽക്കാൻ പുതുകവിത ആഗ്രഹിക്കുന്നു.അലങ്കാരങ്ങൾ കവിതയുടെ ആത്മാവിനെ ആഴത്തിൽ കുഴിച്ച്മൂടുമെന്നും ആനന്ദാന്വേഷണത്തിന്റെ ശീലങ്ങൾ ആവർത്തിക്കുകവഴി കവിത മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം തിരിച്ചറിയപ്പെടാതെപോകുമെന്നും പുതുകവികൾ വിശ്വസിക്കുന്നു.മുൻ കാലകവിത താലോലിച്ചുവന്ന ആനന്ദരാഷ്ട്രീയത്തിന് നേരെയുള്ള കലാപംകൂടിയായി ഇത് വായിച്ചെടുക്കാവുന്നതാണ്.
“ഇന്ന് വാക്കുകൾക്ക് ഒരു പകിട്ടുമില്ല
മുനപോയ ഉളികൊണ്ടു പണിയുന്ന
ആശാരിയാണ് കവി.
ആലയില്ലാത്ത കൊല്ലൻ,
ചുറ്റികയും കരണ്ടിയുമില്ലാത്ത കൽപ്പണിക്കാരൻ
പണി നടന്നേ പറ്റൂ”(ജോസഫ്-വാക്കുകൾ)
ഒരു പകിട്ടുമില്ലാത്ത വാക്കുകൾകൊണ്ട് കവിതകെട്ടുന്ന പുതുകവിയെ മനസ്സിലാക്കാൻ ആ കവിതയുടെ രാഷ്ട്രീയം പഠിക്കേണ്ടിവരും. സാർവദേശീയ സ്വഭാവമുള്ള ആശയങ്ങളെ ശില്പവൈദഗ്ദ്ധ്യത്തോടെ അണിയിച്ചൊരുക്കുന്ന ആധുനിക കാവ്യയുക്തിയെപുതുകവിത നിഷേധിക്കുന്നു. ജീവിതത്തിന്റെ പുറമ്പോക്കിൽ /കവിതയ്ക്ക് പുറത്ത് നിന്നിരുന്ന മനുഷ്യരെ അകത്തേക്ക് കൊണ്ടുവരുവാൻ പുതുകവിത ബോധപൂർവം ശ്രമിക്കുന്നു.എല്ലാ ശിലകളിലും ശില്പമൊളിഞ്ഞിരിപ്പില്ലെന്ന വരേണ്യകാവ്യയുക്തിയെ പ്രതിരോധിക്കുവാനാണ് ഇന്നത്തെ കവിയുടെ തീരുമാനം.കവിതയ്ക്ക് യോജിക്കുന്ന ജീവിതങ്ങളും അതിന് പുറത്തുള്ള ജീവിതങ്ങളും എന്ന വേർതിരിവിനെ എതിർത്തുതോൽപ്പിക്കുകയാണ് ഈ കവിതകൾ.’കാവ്യബിംബം’ എന്ന കവിതയിൽ വീരാൻ കുട്ടി എഴുതുന്നു:
“വിശക്കാത്തവന്റെ മുന്നിലെ അപ്പത്തിനേ
കാവ്യബിംബമാകാൻ കഴിയൂ
അയാൾക്കു മുന്നിൽ
പൂർണ്ണചന്ദ്രനായ് അപ്പം നിലാവു ചൊരിയും
ആലവട്ടമായ് വീശും.
വിശക്കുന്നവൻ
കിട്ടിയപാടേ അതിനെ
തിന്നുകയേയുള്ളൂ”
പുതുകവിതയുടെ മാറിനടപ്പിന്റെ ന്യായീകരണം ഈ കവിതയിലുണ്ട്.അതേസമയം അനുഭവത്തിന്റെ രൂപപ്പെടൽ പുതുകവിതയിൽ എങ്ങനെയാണ് സംഭവിക്കുന്നത് എന്നതിന്റെ സൂചനയുമുണ്ട്.പഴയകവിതയുടെ ഉല്പന്നങ്ങൾ കൊണ്ടുതന്നെ അതിനെ നേരിടുന്ന കെ.ആർ.ടോണി പുതുകവിതയുടെ കാവ്യയുക്തി ഉറപ്പിച്ചുപറയുകയാണ്.കവിതയുടെ മാറിയപരിസരം ബോധ്യപ്പെടാത്തവർ മനസ്സിരുത്തി വായിക്കണമെന്ന് ആഗ്രഹിച്ചുകൊണ്ടാവണം ജോസഫ്’ മലയാളകവിതയ്ക്ക് ഒരു കത്ത് ‘എന്ന കവിതയെഴുതിയത്.പഴയ ശീലങ്ങളിൽനിന്ന് കുതറിയോടാൻ കവിതയും ആഗ്രഹിക്കുന്നുണ്ട്.
“നിന്റെ ആളുകളെ എനിക്കറിയാം
വലിയ കെട്ടിടങ്ങൾപോലെയുള്ളവർ
അവർ നിന്നെ ചതുരങ്ങളിലും വൃത്തങ്ങളിലും
പൂട്ടിയിട്ടു
ഒരു തുളയിലൂടെ നീ പുറംലോകം കണ്ടു.
വീട്ടുപകരണങ്ങളിൽ തട്ടി വീണു
തുണികളും ചിരികളുമെടുത്തണിഞ്ഞ്
അമ്പലത്തിലേക്ക് പോകുംവഴി
നീ കാറിലിരുന്നു എന്നെ നോക്കിയത് മറക്കത്തില്ല.
എല്ലാം മടുത്തു അല്ലേ?

കാടുകാണാനും ഓലപ്പുരയിലുറങ്ങാനും
ചെളിവെള്ളത്തിൽ നടക്കാനും
പെണ്ണിന് കൊതി തോന്നാം
വെയിലത്ത് അവൾ പൊള്ളും
മഴനനഞ്ഞ് പനിപിടിക്കും.

നിനക്ക് വേണ്ടത് സ്വാതന്ത്ര്യമല്ലേ?
ഇവിടെ അതേയുള്ളൂ
ഇഷ്ടമുള്ളത് പറയാം ,ചെയ്യാം
തോട്ടിൽപ്പോയി കുളിക്കാം
പറമ്പിലെത്തുന്ന കരിയിലാം പിടകളോടൊപ്പം
ചിലയ്ക്കാം
തിണ്ണയിൽ തഴപ്പായിട്ടിരിക്കാം”
ചതുരങ്ങളിലും വൃത്തങ്ങളിലും പൂട്ടിയിടപ്പെട്ട കവിതയെ തുറസ്സിലേക്ക് ഇറക്കിക്കൊണ്ടു വരേണ്ടത് പുതുകവിതയുടെ ബാധ്യതയാണെന്ന് ജോസഫ് കരുതുന്നു.ഒരേസമയം സ്ത്രീയേയും കവിതയേയും തടവിലാക്കിയ വരേണ്യബോധഘടനയെ ചോദ്യംചെയ്യുന്നു ഈ കവിത.തുണികളും ചിരികളും എടുത്തണിഞ്ഞ് പ്രത്യക്ഷപ്പെട്ട കവിതയെ/സ്ത്രീയെ സ്വത്ത്വം മറയ്ക്കപ്പെട്ട നിലയിലേ നാം കാണുന്നുണ്ടായിരുന്നുള്ളൂ.പുതുകവിതയിൽ ഈ അവസ്ഥയ്ക്ക് മാറ്റംവരുന്നു.അരികുകളിൽനിന്ന് കയറിവരുന്ന ജീവിതങ്ങൾ ഇന്നത്തെ കവിതയിലെ യാഥാർഥ്യമാണ്.അതിന്റെ രാഷ്ട്രീയം വേറെയാണ്.അതിന്റെ സൗന്ദര്യസങ്കല്പങ്ങൾ വ്യത്യസ്തമാണ്.മലയാളകവിതയിലെ പുതിയചുവടുകളാണ് അത്.




നഗരത്തെ റദ്ദുചെയ്യുന്ന വിവരണകല



മലയാള നോവലിന്റെ നഗരാഖ്യാനചരിത്രത്തിൽ കോവിലന്റെ  ഇടം അന്വേഷിക്കുമ്പോൾ സ്വാഭാവികമായും നമ്മുടെ ശ്രദ്ധപതിയുന്നത് ‘ഭരതൻ’എന്ന നോവലിലാണ്.തോറ്റങ്ങളും തട്ടകവുമെഴുതിയ കോവിലൻ’ ഭരത’നിൽ ആഖ്യാനസ്വരം പതുക്കെ മാറ്റുന്നതുപോലെ തോന്നാം. പക്ഷേ അടിസ്ഥാനപരമായി കോവിലൻ നാടിന്റെ കാഥികനാണ്.നാടിന്റെ മുലകുടിച്ച് തിടംവച്ച വാക്കാണ് ആ തൂലികയ്ക്ക് വഴങ്ങുന്നത്..നാടൻചൊല്ലിന്റെ ചൊടിയും നാടൻപാട്ടിന്റെ താളപ്പെരുക്കവും നാട്ടറിവിന്റെ ചുനപ്പും കോവിലന്റെ ഭാഷയെ മാത്രമല്ല പ്രജ്ഞയുടെ വിതാനത്തെയും രൂപപ്പെടുത്തുന്നു.നാട്ടുമൊഴിയുടെ  ഗോപ്യമായ ആശയസൂചകക്രമം കോവിലന്റെ ആഖ്യാനങ്ങളെ ചൂഴ്ന്ന് നിൽപ്പുണ്ട്.’ഭരത’നിൽ നാട്ടുമൊഴിയുടെ ഗുരുത്വം ആന്തരികശ്രുതിയായി നിർത്തിക്കൊണ്ട് ആഖ്യാനത്തെ മുന്നോട്ടുകൊണ്ടുപോകുവാനാണ് കോവിലൻ ശ്രദ്ധിക്കുന്നത്.റിയലിസത്തിന്റെ ചെടിച്ച ആഖ്യനപരിസരത്തുനിന്ന് മലയാള നോവലിനെ മാറ്റിയെഴുതാൻ ശ്രമിച്ച കോവിലൻ നടന്നെത്തിയ ദൂരങ്ങൾ വ്യത്യസ്തമായിരുന്നു.നൂതനമായ അനുഭവപരിസരത്തെ കഥകളിലും നോവലുകളിലും ആവിഷ്കരിച്ചുകൊണ്ട് തനതായൊരു ഭാവുകത്വമണ്ഡലം കോവിലൻ രൂപപ്പെടുത്തി.അനുഭവത്തിന്റെ പരപ്പും തീവ്രതയും ചൂഴ്ന്നു നിൽക്കുന്ന ആ കൃതികൾ ആകെത്തുകയിൽ വൈവിദ്ധ്യം പുലർത്തുന്നു എന്നു തോന്നുമെങ്കിലും അസ്ഥിവാരത്തിൽ അവയെല്ലാം ഒന്നിന്റെ തുടർച്ചയാണെന്നു കാണാം.’ഭരത’നിലേക്കുള്ള ‘തട്ടക’ത്തിന്റെ ദൂരം വലുതാണെന്ന് പെട്ടെന്ന് തോന്നുമെങ്കിലും തീരെ ദൂരമില്ലെന്നതാണ് യാഥാർത്ഥ്യം.കോവിലൻ എന്ന എഴുത്തുകാരന്റെ പ്രത്യേകതയാണത്. കോവിലന് ബദൽജീവിതമില്ല;തനിജീവിതം മാത്രം.ഏതെല്ലാം ദേശങ്ങളിൽ ചുറ്റിത്തിരിഞ്ഞാലും ആ പ്രതിഭയുടെ കൂടണയൽ കണ്ടാണശ്ശേരിയിലാണ്.മറ്റെല്ലാം ഞാണിന്മേൽകളിയാണ്.ചുവടുറപ്പിക്കുന്നത് സ്വന്തം തട്ടകത്തിൽ മാത്രം.
”എന്റെ അന്ത്യാഭിലാഷം ഞാനിതാ അറിയിക്കുന്നു,എന്നെ വെടിവച്ചുകൊല്ലാൻ ദയവുണ്ടാകണം.എന്റെ ഭൗതികാവശിഷ്ടങ്ങൾ വാച്ചാലിലും പൊന്നാം തോട്ടിലും മൂന്നോട്ടിലും തർപ്പണം ചെയ്യുമാറാകണം”
ഭരതൻ തന്റെ അന്ത്യാഭിലാഷം ഇപ്രകാരം വെളിപ്പെടുത്തുമ്പോൾ ,കോവിലൻ തന്റെ രചനയുടെ തട്ടകം മാറ്റിയിട്ടില്ലെന്ന് ഉറപ്പിക്കാം.
കമ്പൂട്ടർ എന്ന ഉപകരണത്തെ മുഖ്യസൂചകമാക്കി കോവിലൻ രൂപപ്പെടുത്തുന്ന നോവൽശില്പമാണ് ‘ഭരതൻ. ഗ്രാമത്തിനുമേൽ നാഗരികത നടത്തുന്ന കടന്നാക്രമണം പ്രതീകഭാഷയിൽ അവതരിപ്പിക്കുന്ന നോവലാണിത്.ബാംഗ്ലൂർ ഐ.ഐ.ടി.യെ കേന്ദ്രമാക്കി വികസിപ്പിക്കുന്ന നോവലിന്റെ പ്രമേയപരിസരം ഇത് വ്യക്തമാക്കുന്നു.നോവലിലെ മുഖ്യ കഥാപാത്രമായ ഭരതനിലൂടെ നോവലിസ്റ്റ് ഇത് വിശദമാക്കുന്നുണ്ട്.ഐ.ഐ.ടി.യിലെ ജീവനക്കാരനായ ഭരതനാണ്നോവലിലെനായകൻ.ഗ്രാമത്തിൽ ജനിച്ചുവളർന്ന അയാൾ ഒരുതൊഴിൽതേടിയാണ്ഐ.ഐ.ടിയിലെത്തുന്നത്.ഐ.ഐ.റ്റിയിലെ ജീവനക്കാരെ കൊണ്ടുപൊകുന്ന ബസ്സിന്റെ കണ്ടക്റ്ററായി അയാൾക്ക് ജോലി ലഭിക്കുന്നു.ജോലിക്കിടയിൽ അയാൾക്കു സംഭവിക്കുന്ന ഒരു ചെറിയ വീഴ്ച അയാളുടെ വിധി നിർണ്ണയിക്കുകയാണ്. .ഐ.ഐ.റ്റിയിലെ ട്രാൻസ്പോർട് ഓഫീസറുടെ ഭാര്യയെ പെരേഡ് ബസ്സാറിൽ  ഷോപ്പിംഗിനായി ഇറക്കിവിട്ട ഭരതൻ,മടക്കയാത്രയിൽ അവരെ കയറ്റാതെ പോന്നു എന്നതാണ് കുറ്റം.കുറേ നേരം കാത്തിട്ടും അവരെ കാണാൻ കഴിഞ്ഞില്ല. ബസ്സിൽ ഒരുമണിക്ക് ഓഫീസിൽ ഹാജരാകേണ്ട ജോലിക്കാരാണുള്ളത്.ഒരാൾക്കു വേണ്ടി കാത്തുനിൽക്കുന്നത് അത്രയും പേരുടെ സമയം നഷ്ടപ്പെടുത്തലാകും.കമ്പനിക്കാണ് അതിന്റെ നഷ്ടം.ഒരുപക്ഷേ അത് തന്റെ കൃത്യവിലോപമായി കരുതാനും മതി.ഇത്തരം ചിന്തകളാണ് ഭരതനെ അപ്പോൾ നയിച്ചത്.എന്നാൽ സംഭവിച്ചത് മറിച്ചായിരുന്നു.ഭരതൻ ജോലിയിൽനിന്ന് പിരിച്ചുവിടപ്പെട്ടു.ഭരതന്റെ ദുരന്തം അവിടംകൊണ്ടും അവസാനിക്കുന്നില്ല.അയാൾ രണ്ടു കൊലപാതകങ്ങളിൽ പ്രതിയാകുന്നു.ഒടുവിൽ നിർദ്ദയമായ നിയമത്തിന് കീഴടങ്ങി അയാൾ ബലിയാടാകുന്നു.
ഭരതനിലെ നഗരാനുഭവം സൂക്ഷ്മവും അതേസമയം തീവ്രവുമാണ്.വ്യവസായവൽകരണം ഏകമുഖമായ യാന്ത്രികതയെ സ്ഥാപിച്ചുകൊണ്ട് വളർന്നപ്പോൾ സാങ്കേതികവിദ്യ അതിനെ സുന്ദരമായ യാഥാർത്ഥ്യമാക്കി മാറ്റുകയായിരുന്നു. ആധുനികത സമ്മാനിച്ച തീവ്രാനുഭവങ്ങളിൽ പ്രധാനമായിരുന്നു ഇത്.ഗ്രാമങ്ങളിൽനിന്നു നഗരങ്ങളിലേക്ക് ചേക്കേറിയ മനുഷ്യർ ക്രമേണ നഗരകേന്ദ്രീകൃതമായ ജീവിതം കരുപ്പിടിപ്പിച്ചു. നഗരജീവിതത്തിന്റെ അജൈവമായ ഉണ്മ ഗ്രാമീണതയെ വിഴുങ്ങുന്നതാണ് നോവൽ തരുന്ന വ്യാഖ്യാനപാഠം.ഏപ്പും മുഴപ്പുമില്ലാത്ത നിരപ്പായ മാനുഷികതയാണ് നഗരം കാംക്ഷിക്കുന്നത്.നോവലിലെ ഒരു പ്രധാന കഥാപാത്രമായ അമ്പി ഓടിച്ചുകൊണ്ടുവരുന്ന ബുൾഡോസർ ശക്തമായ സൂചകമായി ഉപയോഗിച്ചുകൊണ്ട് കോവിലൻ ഇത് വ്യക്തമാക്കുന്നു. “ഒരുപക്ഷേ,അമ്പിക്ക് മുഖമില്ല”എന്ന വിശേഷണം നഗരീകൃത മാനവികതയുടെ സാക്ഷ്യപ്പെടുത്തൽ തന്നെയാണ്. ഹൃദയവും മുഖവും നഷ്ടപ്പെട്ട ഒരാൾക്കൂട്ടമായാണ് നഗരത്തിലെ മനുഷ്യരെ നമ്മൾ നോവലിൽ കാണുക.നഗരജീവിതം എങ്ങനെയാണ് മനുഷ്യനിലെ നന്മയും വികാരങ്ങളും ചോർത്തിക്കളയുന്നത് എന്ന് നോവലിന്റെ ആഖ്യാനത്തിൽ, സൂചിപ്പിച്ചു പോകാൻ കോവിലൻ ശ്രമിച്ചിട്ടൂണ്ട്. .ഐ.ഐ.റ്റിയിലെ ട്രാൻസ്പോർട് ഓഫീസറുടെ ഭാര്യയെ വിവരിക്കുന്ന ചില വാക്യങ്ങൾ നോക്കുക:
 “അവരുടെ ചൂണ്ടുവിരൽ ചൊകന്നിട്ടായിരുന്നു.ചൂണ്ടുവിരലിന്റെ നഖം തീപിടിച്ച പോലെയിരുന്നു.ഉച്ചയായതുകൊണ്ടാകാം ,അവരുടെ മുഖം സൂര്യനെപ്പോലെ ജ്വലിച്ചു.”
ഭരതന്റെ വീക്ഷണത്തിൽ വിവരിക്കപ്പെടുന്ന ഈ കഥാപാത്രത്തിൽ ഇണങ്ങിച്ചേരാത്ത എന്തെല്ലാമോ ഘടകങ്ങൾ ഉണ്ട്.വിശപ്പെന്ന മഹാസത്യത്തിനു മുന്നിൽ തോറ്റുപോകുമെന്ന് ഭയന്നാണ് പലരും ഗ്രാമജീവിതം ഉപേക്ഷിച്ച് നഗരത്തിലേക്ക് ചേക്കേറിയത്.എന്നാൽ ഗ്രാമീണതയുടെ ഈടുവയ്പ്പുകളെല്ലാം നഗരത്തിന് ഭാരമാണെന്ന യാഥാർത്ഥ്യം വ്യക്തിയിൽ വലിയ സംഘർഷങ്ങൾ സൃഷ്ടിക്കുന്നു.ഭരതനിൽ ഈ സംഘർഷമാണ് നിലനിൽക്കുന്നത്.ഭരതനെ കുറ്റവിചാരണ നടത്തി തെളിവു ശേഖരിക്കാൻ വരുന്ന അന്വേഷണോദ്യോഗസ്ഥർ ഭരതനോട് പറയുന്നവാക്കുകൾ അയാളുടെ അസ്ഥിത്വം എത്ര പരുങ്ങലിലാണെന്ന് വെളിവാക്കുന്നു
“നിങ്ങളുടെ പേർ ഭരതൻ,നിങ്ങളും ഒരു മനുഷ്യൻ ഒരു പൗരൻ.നിരവധി പട്ടികളിൽ ഒരു പട്ടിയെ തിരിച്ചറിയാൻ അതിനൊരു പേരു വയ്ക്കുന്നതുപോലെ  നിങ്ങൾക്കും ഒരു പേരുണ്ടെന്നല്ലാതെ ഭാരതീയ സാങ്കേതിക കലാശാലയിൽ ഭരതൻ യാതൊന്നുമല്ല,നിങ്ങൾ ഒരു കണ്ടക്ടർ പോലുമല്ല”



രണ്ടുതരം മനുഷ്യരെ നമുക്ക് ഭരതനിൽ കാണാം.ചിലർ നഗരജീവിതവുമായി പെട്ടെന്ന് അലിഞ്ഞുചേരന്നു.നഗരത്തിന്റെ നിയമങ്ങളോട് ഒരിക്കലും പൊരുത്തപ്പെടാനാവാതെ വിഘടിച്ചു മാറി നിൽക്കുന്നവരാണ് രണ്ടാമത്തെ വിഭാഗം.ആദ്യത്തെ വിഭാഗത്തിൽ പെടുന്നവരാണ് ഈ നോവലിലെ ചില കഥാപാത്രങ്ങൾ.കമലേഷ് കുമാർ ഗോയൽ,അമ്പി, മധു ചതുർവേദി തുടങ്ങിയ കഥാപാത്രങ്ങൾ ഉദാഹരണമാണ്.ഭരതൻ,കിഷൻ ലാൽ,യാഗേശ്വർ പ്രസാദ് തുടങ്ങിയവർ രണ്ടാമത്തെ വിഭാഗത്തിൽ പെടും. മധു ചതുർവേദി ഗ്രാമത്തിൽ വളർന്ന പെൺകുട്ടിയാണ്.ഐ.ഐ.ടി.യിൽ ഗ്രാഫിക് ഡിസൈനറുടെ ജോലി കിട്ടി വന്നവളാണവൾ.അവളുടെ ഗ്രാമീണസ്വത്വം ക്രമേണ അവൾക്ക് നഷ്ടമാവുന്നു.കമ്പ്യൂട്ടറുമായുള്ള നിരന്തര സഹവാസം അവളെ അടിമുടി മാറ്റിക്കളഞ്ഞു.ഒരിക്കൽ പ്രിയങ്കരമായിരുന്നതിനെയെല്ലാം വെറുക്കാൻ അവൾ പഠിച്ചു.പുറമേ സൗമ്യതയും ശാലീനതയും വാരിപ്പുതച്ച് ,ഉള്ളിൽ മുറിവേറ്റ മൃഗത്തെ ചങ്ങലയ്ക്കിട്ട് അവർ ജീവിച്ചു.അധികാരത്തെയും നിയമത്തെയും തന്റെ വരുതിയിൽ നിർത്താൻ അവർക്ക് കഴിയുന്നു. കമലേഷ് കുമാർ ഗോയൽ ആഗ്രയിൽനിന്ന് വന്ന ആളാണ്.മനുഷ്യത്ത്വം പൂർണ്ണമായും നഷ്ടമാകാത്ത ആഗ്ര യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ തേടിയാണ് അയാൾ ഐ.ഐ.ടി.യിലെത്തുന്നത്.ഭരതനുമായുള്ള അയാളുടെ ആദ്യത്തെ കൂടിക്കാഴ്ച്ച അയാളിൽ ശേഷിക്കുന്ന മനുഷ്യത്വത്തെ കാട്ടിത്തരുന്നു.എന്നാൽ നോവലിന്റെ അവസാനം നാം കാണുന്ന കമലേഷ് കുമാർ ഗോയൽ തികച്ചും മറ്റൊരാളാണ്.നാഗരികതയുടെ നിയമങ്ങൾക്ക് അയാൾ കീഴ്പ്പെട്ടു എന്നുമാത്രമല്ല അയാൾ അതിന്റെ ഭാഗംതന്നെയായി മാറിക്കഴിഞ്ഞു എന്ന് ബോധ്യമാകുന്നു.തികച്ചും ദുർബലനായി എത്തുകയും സ്വന്തം അനുജന്റെ മരണത്തിന് സാക്ഷിയാകേണ്ടിയുംവന്ന അയാൾ പിന്നീട് അധികാരത്തിന്റെയും നിയമത്തിന്റെയും ഭാഗമാകുന്നു.ഈ പരിണാമം സ്വാഭാവികം തന്നെയാണ്.അമ്പിയെപ്പോലെ അയാളും പെട്ടെന്ന് പരുവപ്പെടുന്ന ,നാഗരികതയ്ക്ക് സ്വീകാര്യനായ മനുഷ്യനാണ്.ഭരതന്റെ എതിർസ്ഥാനത്ത് നിർത്തി പരിശോധിക്കാവുന്ന കഥാപാത്രമാണ് അമ്പി.അയാൾ ഗ്രാമവാസിയായിരുന്നു.ജീവനോപാധി തേടിയാണ് അയാൾ ഇവിടെ എത്തുന്നത്.ഐ.ഐ.ടി.ക്കുവേണ്ടി അക്വയർചെയ്ത സ്ഥലത്ത് ഒരു ബുൽഡോസറുമായി അയാൾ വന്നു.ഐ.ഐ.ടി.യാഥാർത്ഥ്യമാകുന്നതോടെ അയാൾ ഡ്രൈവറുടെ ജോലി ഉപേക്ഷിക്കുന്നു.ഐ.ഐ.ടി.ക്ക് മുന്നിൽ ഒരു മാടക്കടകെട്ടി അയാൾ ജീവിതത്തിന്റെ വഴി തിരിച്ചുവിട്ടു.ക്രമേണ അമ്പി ഐ.ഐ.ടി.യുടെ അവിഭാജ്യഘടകമാകുന്നു.നോവലിന്റെ അവസാനം ന്യായാധിപക്കസേരയിൽ നാം അമ്പിയെ കാണുന്നു.അമ്പിയുടെ പരിണാമം ഭരതനെപ്പോലെയുള്ളവർക്ക് ഒരു പാഠമാണ്.സാഹചര്യങ്ങളോട് വളരെ പെട്ടെന്ന് പൊരുത്തപ്പെടാനും പൊതുബോധത്തിന്റെ ഒഴുക്കിനൊപ്പം നീങ്ങാനും കഴിയുന്നതുകൊണ്ടാണ് അമ്പിക്ക് ഈ നേട്ടങ്ങളെല്ലാം കൈവരിക്കാനാകുന്നത്.ഇതിന്റെ മറുപുറത്താണ് ഭരതൻ നിൽക്കുന്നത്.

ഭരതൻ എന്ന വാക്ക് ഒരു സസ്ക്കാരത്തെ പ്രധിനിധാനം ചെയ്യുകയാണ്.ഭാരതവർഷം എന്ന വാക്കിൽ ധ്വനിപ്പിക്കപ്പെടുന്ന രാജാവ് ഭരതനാണല്ലോ.ഭാരതത്തിന്റെ ഗ്രാമീണ/കാർഷിക സംസ്കാരത്തെ ആ പദം പ്രതിനിധാനം ചെയ്യുന്നുണ്ട്.ഗംഗയെ ഭൂമിയിലേക്ക് കൊണ്ടുവന്ന രാജാവിന്റെ കഥയും പരാമർശവിഷയമാകുന്നുണ്ട്.ആ സംസ്കാരത്തിന് ഇന്ന് എന്തു സംഭവിച്ചു എന്ന അന്വേഷണം ഈ നോവലിന്റെ ആഖ്യാനസ്വരത്തെ നിർണ്ണയിക്കുന്നു.നോവലിൽ ഒരിടത്ത് ഇങ്ങനെ വായിക്കാം:
“ഇതു ഒരു മരുഭൂമിയാകുന്നു.ആദിയിൽ ഈ ഭൂഭാഗങ്ങൽ മരുപ്രദേശങ്ങളായിരുന്നു.ഗംഗാസമതലങ്ങൾ എന്ന് ഇപ്പോൾ വാഴ്ത്തപ്പെടുന്ന ഈ മരുഭൂമിയിലേക്ക് ഭഗീരഥൻ ആകാശഗംഗയെ ഇറക്കിക്കൊണ്ടുവന്നു.ഗംഗ അകലെയാകുന്നു.ഐ.ഐ.ടിയിൽ നിന്നും ദൂരെ റെയില്വേ ലൈനിന്റെയും ഗ്രാന്റ് ട്രങ്ക് റോഡിന്റെയും അപ്പുറത്ത് കരിമ്പ് പാടങ്ങളുടെ പച്ചപ്പരപ്പിന്റെ വിദൂരമായ അതിരുകളിൽ അവൾ കാനൽ തുള്ളുന്നു”
ഗംഗയും പച്ചപ്പും വിദൂരമായ ഒരു സംസ്കാരത്തിന്റെ മുനമ്പിൽ നാം എത്തിച്ചേർന്നിരിക്കുന്നു. ഗ്രാമീണതയ്ക്കുമേൽ അധീശസംസ്ക്കാരം നേടുന്ന ആധിപത്യത്തിന്റെ കഥയാണ് അത്. ആധുനികതയ്ക്ക് പറയാനുള്ളത് അതാണ്.ആധുനികതയുടെ കാലത്ത് രൂപപ്പെട്ട നഗരങ്ങൾ മനുഷ്യനെ ഏതർഥത്തിൽ മാറ്റിമറിച്ചു എന്നതിന്റെ തെളിവുകളാണ് ‘ഭരത’നിൽ കോവിലൻ നിരത്തുന്നത്.അധികാരമാണ് അതിന്റെ കേന്ദ്രസ്ഥാനം.ബ്യൂറോക്രസി അധികാരത്തിന്റെ നടത്തിപ്പ് കുറ്റമറ്റതാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.ജിഡീഷ്യറിയും സിവിൽ-മിലിട്ടറി സർവീസുകളും പിന്നിലുണ്ട്.വിദ്യാഭ്യാസം,ശാസ്ത്രം,ടെക്നോളജി തുടങ്ങിയവ ഇതിൽ പങ്കുചേരുന്നു.’ഭരതനി’ലൂടെ കോവിലൻ പറയാൻ ശ്രമിക്കുന്നത് ഈ ഘടകങ്ങളുടെ കൂട്ടായ്മയിലൂടെ രൂപപ്പെടുന്ന അധികാരത്തിന്റെ നൃശംസതയാണ് .മനസ്സും ഹൃദയവും പറയുന്ന .യുക്തി നാഗരികതയ്ക്ക് മനസ്സിലാകണമെന്നില്ല.നഗരത്തിന് അതിന്റേതായ നിയമങ്ങളുണ്ട്.അതുകൊണ്ടാണ് ഭരതന്റെ നിഷ്ക്കളങ്കതയും നിസ്സഹായതയും പരിഗണിക്കപ്പെടാതെ പോകുന്നത്.നാഗരികജീവിതം മനുഷ്യനെ യന്ത്രസമാനരാക്കുന്നു. കോവിലൻ തനതായ കാഴ്ചപ്പാടിൽനിന്നുകൊണ്ട് ഈ വിഷയം അവതരിപ്പിക്കുകയാണ്.നഗരത്തിന്റെ അടഞ്ഞഘടനയ്ക്കകത്തു പെട്ടുപോകുന്ന മനുഷ്യന്റെ ദുരന്തമാണത്.ധനം,അധികാരം,നിയമം,സൈന്യം-തുടങ്ങിയ  ഘടകങ്ങളാണ് നഗരത്തിന്റെ നിലനിൽപ്പിനെ നിർണ്ണയിക്കുന്നത്.അതിനാൽ ഈ ഘടനയെ സംരക്ഷിക്കേണ്ടത് നാഗരികതയുടെ ആവശ്യമാണ്.നഗരത്തിൽ വന്നുചേരുന്നവർ എത്രവേഗം അതിന് വിധേയരാകുന്നുവോ,അവർ സുരക്ഷിതരാണ്.എന്നാൽ ഭരതനെപ്പോലെ ചിലർക്ക് അതിന് കഴിയുന്നില്ല.നാഗരികതയുടെ കണ്ണിൽ അവർ കുറ്റവാളികളാണ്.അറിഞ്ഞുകൊണ്ട് ആരും കുറ്റം ചെയ്യുന്നില്ല.പക്ഷേ ചിലരുടെ നിഷ്കളങ്കമായ പ്രവൃത്തികൾ അവരെ കിറ്റവാളികളാക്കുന്നു.ഭരതൻ അങ്ങനെ കുറ്റവാളിയായ ആളാണ്.താൻ ചെയ്ത കുറ്റമെന്തെന്ന് അയാൾക്ക് അറിയില്ല. അതയാൾ അന്വേഷണോദ്യോഗസ്ഥരോട് പറയുന്നുണ്ട്.കൊല്ലപ്പെട്ട കിഷൻ ലാലും യോഗേശ്വർ പ്രസാദും കുറ്റമൊന്നും ചെയ്യുന്നില്ല.എന്നാൽ നഗരത്തിന്റെ നിയമങ്ങൾക്ക് അവരെ സഹിക്കാൻ കഴിയുന്നുല്ല.അവർ വധിക്കപ്പെടുന്നു. അതിന്റെ കുറ്റം ഭരതനിൽ വന്നുചേരുന്നു.
ആളൊഴിഞ്ഞുപോയ ഗ്രാമങ്ങൾ ഇടിച്ചുനിരത്തി,വയലുകൾ നികത്തി ഐ.ഐ.ടി.സ്ഥാപിച്ചപ്പോൾ അവിടേക്ക് പലരും ഒഴികിയെത്തി.ഭൗതികമായ ആ എടുപ്പുകൾക്കകത്ത് ശരീരം മാത്രമുള്ള മനുഷ്യർ വിങ്ങി.സാങ്കേതികവിദ്യയുടെ വിർച്വൽ യാഥാർത്ഥ്യത്തിനകത്ത് അവർ സുരക്ഷിതരായി ജീവിച്ചു.മനുഷ്യത്ത്വത്തെ കീഴടക്കുന്ന യന്ത്രങ്ങളെക്കുറിച്ചുള്ള ഭീതിയിൽ നിന്ന് കോവിലൻ രൂപപ്പെടുത്തുന്ന പ്രമേയം ആത്യന്തികമായി നാഗരിക വിചാരണയുടെ സ്വരം സ്വീകരിക്കുകയാണ്. ഐ.ഐ.ടി.ചില ഘടനകളുടെ സൂചകമായാണ് നോവലിൽ വരുന്നത്. പ്രധാനമായും അത് നഗരവൽകൃതജീവിതഘടനയുടെസൂചകമാണ്.പുറത്തേക്ക്തുറസ്സുകളൊന്നുമില്ലാത്തതാണത്.പുറം ലോകത്തിന് തികച്ചും അപരിചിതമാണത്.ഐ.ഐ.ടി.യിൽ ആദ്യമായെത്തുന്ന കിഷൻലാലിന് അവിടെനിന്നും കിട്ടുന്ന അനുഭവം അതാണ് വ്യക്തമാക്കുന്നത്. ഐ.ഐ.ടി എന്ന സ്ഥാപനവും അവിടുത്തെ മനുഷ്യരും അയാൾക്ക് നൽകുന്നത് ഭീതിയും നിസ്സഹായതയുമാണ്.ഗ്രാമത്തിൽനിന്ന് ഏതോ ചുഴലിയിൽപ്പെട്ട് പാറിവന്ന ഒരു പാഴ്വസ്തുപോലെയാണ് അയാൾ ഐ.ഐ.ടി.യിലെത്തുന്നത്.അതയാളുടെ വിധി നിർണ്ണയിക്കുന്നു.
നഗര-ഗ്രാമ സംഘർഷമാണ് ‘ഭരത’നിലെ  പ്രമേയഘടനയെ ഭദ്രമാക്കി നിർത്തുന്നത്.രണ്ടുതരം സംസകാരങ്ങളുടെ സംഘർഷമാണവിടെയുള്ളത്.പഴയതെല്ലാം തച്ചുടയ്ക്കാനും പുതിയ ലോകത്തിനായി പ്രയത്നിക്കാനും ആഹ്വാനം ചെയ്ത ആധിനികത മാനുഷികതയ്ക്ക് വരുത്തിയ ചേതമെന്തെന്ന് ഈ നോവൽ അന്വേഷിക്കുന്നു. അന്ധർ കൊമ്പോ തുമ്പിയോ തൊട്ടുനോക്കി ഗ്രാമീണതയുടെ ഭാവി പ്രവചിച്ചാലും ആ കൊമ്പനാനയുടെ വാലിലെ രോമംകൊണ്ട് ഒരു മോതിരം സ്വന്തമാക്കൻ ആഗ്രഹിച്ച ആറ്റൂരിന്റെ പക്ഷത്താണ് കോവിലനിലെ ഗ്രാമീണനും നിൽക്കുന്നത്.ഭരതൻ ആ ഗ്രാമീണന്റെ തനിപ്പകർപ്പാണ്.അയാൾക്ക് പരിണാമമില്ല. യാഗേശ്വർ പ്രസാദിന്റെ ഗാരേജിൽ കെട്ടിയിടപ്പെട്ട ആടിന്റെ അവസ്ഥയിലാണ് ഭരതനും.
“ഷട്ടർ  പൊക്കുമ്പോഴും ഷട്ടർ താഴ്ത്തുമ്പോഴും ആട് ഭയപ്പെടുന്നു.”
“കട്ടിൽക്കാലിൽ കെട്ടിയ കയറിൽ വലിഞ്ഞ് ഗാരേജിൽനിന്നു പുറത്തുകടക്കാൻ ആട് തത്രപ്പെടുന്നുണ്ടായിരുന്നു”
“ഷട്ടർ തഴ്ത്തിയപ്പോൾ ആട് വീണ്ടും കരഞ്ഞു.ഉരുക്കിനോടും ഉരുക്കിന്റെ കടുത്ത ശബ്ദത്തോടും ആട് ഇതേവരെ ഇണങ്ങിയിട്ടില്ല.ഇതേവരെ ആടിന് ഉരുക്കിൽനിന്ന് ഇലയും വെള്ളവും ലഭിച്ചിട്ടില്ല.”
ഈ വിവരണം സമാന്തരമായി ഭരതനിലേക്കും നീളുന്നതണ്.നാഗരികസംസ്കാരത്തിന് ഭരതൻ ഒരിണങ്ങാത്ത കണ്ണിയാണ്.അതുകൊണ്ടുതന്നെ അയാൾ ഇല്ലാതാകണം.വിചാരണയ്ക്കിടയിൽ ഭരതന് തന്റെ പൂർവകാലം ഓർമ്മിച്ചെടുക്കാൻ കോടതി അനുവദിക്കുന്നുണ്ട്.കോടതിയുടെ പരിഹാസം ഏറ്റുവാങ്ങാനേ അത് സഹായിക്കുന്നുള്ളൂ.മാടായിൽ ഗോവിന്ദൻ ഭരതൻ കോളാമ്പി ഭരതനാണെന്ന വെളിപ്പെടുത്തൽ ഇതു സ്പഷ്ടമാക്കുന്നു.
“കോളാമ്പി എന്നാൽ കമ്മേഡ്.കമ്മേഡിന്റെ സ്ഥാനത്ത് കേരളീയർ ഉപയോഗിക്കുന്ന സർവസാധാരണമായ ഒരു ഉപകരണമാകുന്നു കോളാമ്പി.കാറിത്തുപ്പാനും മുറിക്കിത്തുപ്പാനും രാത്രികാലങ്ങളിൽ മൂത്രമൊഴിക്കാനും ചിലപ്പോൾ വിസർജനത്തിനും കോളാമ്പി ഉപയോഗിക്കുന്നു.കോളാമ്പിപ്പൂപോലും കേരളത്തിലുണ്ട്.പ്രതി,മാടായിൽ ഗോവിന്ദൻ ഭരതൻ അല്ല,കോളാമ്പി ഭരതൻ ആകുന്നു”
കോടതിയിൽ പൊട്ടിച്ചിരി സൃഷ്ടിക്കുന്ന ഈ രംഗം ഭരതനെ അന്ത്യവിധിക്ക് മുൻപുതന്നെ മാനസികമായി കൊല്ലുകയാണ്.ഐ.ഐ.ടി.യുടെ മുന്നിൽ ആദ്യമായി ബസ്സിറങ്ങുന്ന കിഷൻ ലാലിന്റെ അനുഭവവും സമാനമാണ്.അയാൾ അവിടെ എത്താൻ പാടില്ലാത്ത ആളാണെന്ന ഭാവമാണ് അവിടെ അയാൾ കണ്ടുമുട്ടുന്ന ഓരോരുത്തരിലുമുള്ളത്.അതുകൊണ്ട് അയാൾ ഇല്ലാതാകണം.അങ്ങനെ നാഗരികതയുടെ സ്വാഭാവികമായ നൃശംസത നടപ്പിലാവുന്നു.ഭരതനിലെ തീവ്രമായ അനുഭവം ഇതുതന്നെയാണ്.

മലയാളിയുടെ ഭാഷാസ്നേഹം


മലയാളിയുടെ ഭാഷാസ്നേഹം വിചിത്രമാണ്. നമ്മുടെ പൊതുബോധത്തിൽ അടിഞ്ഞുകിടക്കുന്ന എല്ലാത്തരം മാലിന്യങ്ങളും ഭാഷാസ്നേഹത്തിലും കാണാൻ വിഷമമില്ല.ദേശീയതയ്ക്കകത്ത് ഉപദേശീയതയുടെ സ്വത്വം തിരഞ്ഞുചെന്ന നാം മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെപ്പോലെ മാതൃഭാഷയുടെ കരുത്തിൽ പ്രതീക്ഷവച്ചു. സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ ദേശസ്നേഹവും ഭാഷാസ്നേഹവും ഒരേ അനുഭവത്തിന്റെ ദ്വന്ദപ്രത്യക്ഷമായി നമ്മൾ പരിഗണിച്ചിരുന്നു.വിവിധ മതങ്ങളും ജാതിയും ജാതിക്കുള്ളിൽ ജാതിയുമായി ഭിന്നിച്ചുനിന്ന ജനതയെ ഒന്നിപ്പിക്കുവാൻ ഭാഷയെന്ന പിടിവള്ളി ഉദകി.മലയാളിയെ ഒന്നിച്ചുനിർത്താൻ അന്നും ഇന്നും നമുക്ക് മറ്റുപാധികൾ ഇല്ലല്ലോ!പുറംശക്തികളിൽനിന്ന് ഭീഷണിയുണ്ടാകുമ്പോൾ മാത്രം രൂപപ്പെടുന്ന ദേശീയതയ്ക്ക് ഇത്തരം വികാരത്തെ രൂപപ്പെടുത്തി ജനതയെ ഏകശക്തിയായി നിർത്താൻ കഴിയുമായിരുന്നില്ല;പ്രത്യേകിച്ച് സ്വാതന്ത്ര്യാനന്തര ഘട്ടത്തിൽ.മാർക്സിയൻ പ്രത്യയശാസ്ത്രത്തിന്റെ വർഗ്ഗവീക്ഷണം ഏകീകരണശക്തിക്ക് തടസ്സവുമായിരുന്നു.ഈ പശ്ചാതലത്തിലാണ് ഭാഷ പ്രധാനമാകുന്നത്.മലയാള ഭാഷയേയും കേരളസംസ്കാരത്തേയും പൊതുവികാരമായി അവതരിപ്പിക്കുന്ന കവിതകൾ എഴുതപ്പെടുന്നതിന്റെ സവിശേഷസന്ദർഭം ഇതാണ്. ഇതിന്റെ ശ്രദ്ധേയമായ ആദ്യമാതൃക വള്ളത്തോൾ കവിതകളിൽ കാണാം.വള്ളത്തോളിന്റെ’എന്റെ ഭാഷ’എന്ന കവിത അതിന്റെ രചനാധർമ്മം ഭംഗിയായി നിറവേറ്റുകയും ചെയ്തു..ആ കവിതയ്ക്ക് മലയാളത്തിൽ പിന്നെയും തുടർച്ചകളുണ്ടായി.ദേശസംസ്കൃതിക്കുമേൽ അധീശസംസ്കാരം ചിറകുനീർത്തി നിന്നപ്പോൾ ഒഴിയാനിടമില്ലാതെ ചൂളിപ്പോയ ജനത ഭാഷയെന്ന ആയുധം സമർത്ഥമയി പ്രയോഗിക്കുകയും ഭാഷകൊണ്ട് ഒരു സമൂഹത്തെ കൂട്ടിക്കെട്ടുകയും ചെയ്ത് പ്രധിരോധം തീർത്തു.സ്വാതന്ത്ര്യാനന്തരം കഥ മാറി.മറ്റെല്ലാം ചടങ്ങായതുപോലെ നമ്മുടെ ഭാഷാസ്നേഹവും ചടങ്ങ് പരിപാടിയായി അധപ്പതിച്ചു.
 മലയാളിയുടെ ഭാഷാസ്നേഹത്തിൽ യുക്തിയുടെ വെളിച്ചം തീരെയില്ലാത്തതാണ് അതിന്റെഏറ്റവും വലിയ ദുരന്തം.ബ്രിട്ടീഷ് അധിനിവേശത്തെ ചെറുത്തു തോൽപ്പിക്കാൻ കോപ്പുകൂട്ടിയ നമുക്ക് അവന്റെ ഭാഷയോടു തോന്നിയ വെറുപ്പ് സ്വാഭാവികമായിരുന്നു.എന്നാലിത് മലയാളിയുടെ എഴുത്തിൽ തെറ്റായ ശീലത്തിനു തുടക്കം കുറിച്ചു.മലയാളി ഇംഗ്ലീഷ് ഭാഷയുടെ ശത്രുവാണെന്ന ബോധം ഇത് വളർത്തിക്കൊണ്ടുവന്നു.ചരിത്രം മറ്റൊരുവഴിക്ക് വികസിച്ചുകൊണ്ടിരുന്നപ്പോഴും എഴുത്തിന്റെ ശീലം മാറിയില്ല.മലയാളിയുടെ സ്വത്വത്തെ തിരിച്ചറിയാനും കേരളത്തിന്റെ വികാസചരിത്രം പരിഗണിക്കാനും നാം ബോധപൂർവം മറന്നു.നൂറ്റാണ്ടുകളുടെ അധിനിവേശത്തിന്റെയും സ്വാംശീകരണത്തിന്റെയും ചരിത്രമുള്ള കേരളത്തെ ഇന്ത്യയിലെ ഇതര ഉപദേശീയതകളുമായി താരതമ്യം ചെയ്യുന്നതിലെ യുക്തിരാഹിത്യം തിരിച്ചറിയാതെപോയി.രക്തത്തിലും അസ്ഥിയിലും മാംസത്തിലും കൂട്ടുമുന്നണിയായിരിക്കുന്ന ഒരു ജനസമൂഹത്തിന് മാതൃഭാഷയുടെ ബലത്തിൽ പുലർന്നുപോകാൻ കഴിയും എന്നുവിചാരിക്കുന്നത് ബുദ്ധിയല്ല.ഭാഷ നമ്മുടെ വികാരമാണ്;ആയിരിക്കുകയും വേണം.പക്ഷേ വൈകാരികമായതിനെല്ലാമുള്ള പരിമിതി ഭഷയ്ക്കും ബാധകമാണ്.ഇത് തിരിച്ചറിയാത്തത് വലിയ പരിമിതിയാണ്. നമ്മുടെ ഭാഷാബോധം ഇടുങ്ങിയതാണ്.അതിന് തുറസ്സുകളില്ല.കെട്ടിക്കിടപ്പാണ് അതിന്റെ യാഥാർത്ഥ്യം.അത് ചരിത്രത്തിൽനിന്ന് പിന്നോട്ടുനടക്കാൻ ആഹ്വാനം ചെയ്യുന്നു
മലയാളിയുടെ ഭാഷാസ്നേഹം എഴുത്തിലെങ്ങനെ പ്രതിഫലിച്ചു എന്ന അന്വേഷണം അർത്ഥവത്താണ്. സ്വാതന്ത്ര്യസമരഘട്ടത്തിലും സ്വാതന്ത്ര്യാനന്തരഘട്ടത്തിലും ഭാഷയുടെ മാഹാത്മ്യം പാടിയ കവിതകൾ ഉണ്ടായിട്ടുണ്ട്. പിന്നീട് പ്രസ്ഥാനങ്ങൾ മാറിവന്നപ്പോഴും കവികളുടെ മുഖ്യവിഷയങ്ങളിലൊന്നായി ഭാഷ നിലനിന്നു പോന്നു.തനതു സംസ്കാരത്തിനുവേണ്ടി പൊരുതുന്ന കവിതയുടെ ധർമ്മം അതിനകത്തു പ്രവർത്തിച്ചിരുന്നു എന്നത് വാസ്തവമായിരുന്നു.അമേരിക്കയിലുംഫിലാദൽഫിയയിലും പോയി ഒച്ച ഉറപ്പിച്ചുവന്ന മലയാളിക്ക്(കെ.ജി.എസിന്റെ കവിത)നാട്ടിൽ കിട്ടിയ സ്വീകരണം വിമർശിക്കപ്പെട്ടു.ഇംഗ്ലീഷിനെ പ്രതിസ്ഥാനത്തു നിർത്തി നാം നടത്തിയ ഭാഷാവിചാരങ്ങൾ വഴിതെറ്റിയ സഞ്ചാരങ്ങളായിരുന്നു.ഒരു പ്രതിയോഗിയെ മുന്നിൽ കണ്ടുകൊണ്ടല്ലാതെ ഭാഷയെക്കുറിച്ച് സംസാരിക്കാൻ മലയാളിക്ക് അറിയില്ലെന്ന അവസ്ഥ സംജാതമായിരിക്കുന്നു.കേരളത്തിലെ സാംസ്കാരിക മണ്ഡലത്തിൽ ഒരു ബലിയാടിന്റെ പരിവേഷമാണ് മലയാള ഭാഷയ്ക്കുള്ളത്.നൂറ്റൊന്നാവർത്തിച്ച് ചെടിച്ചുപോയ ഈ ഭാഷാവിചാരത്തിൽനിന്ന് മലയാളി വളരേണ്ടിയിരിക്കുന്നു.
.1958-ൽ പി.കുഞ്ഞിരാമൻ നായരെഴുതിയ ‘മെക്കാളെയുടെ മകൾ’ എന്ന കവിത ഇന്നു വായിക്കുന്നത് കൗതുകകരമാണ്.കേരളസമൂഹം അരനൂറ്റാണ്ടിനകം ഒരു മലയാള കവിതയെ തിരസ്കരിച്ചുകൊണ്ട് മുന്നോട്ടുപോയതിന്റെ ചരിത്രം അതിലുണ്ട്.ഭാഷ അതായിമാത്രം നിലനിൽക്കുന്നില്ലെന്നും ഒരു സംസ്കാരത്തെ വിനിമയംചെയ്യാൻ ശ്രമിക്കുന്നുണ്ടെന്നും കഞ്ഞിരാമൻ നായർക്ക് നല്ല ബോധ്യമുണ്ടായിരുന്നു.ഇംഗ്ലീഷ് ഭാഷയോടും പാശ്ചാത്യ സംസ്കാരത്തോടും കടുത്ത വൈരമുണ്ടായിരുന്ന പി.കുഞ്ഞിരാമൻ നായർക്ക് അനായാസം എഴുതാൻ കഴിയുന്ന കവിതയായിരുന്നു’മെക്കാളെയുടെ മകൾ’. ഇംഗ്ലീഷ് ഭാഷയുടെയും  പാശ്ചാത്യ സംസ്കാരത്തിന്റെയും പ്രേരണകൾക്ക് വിധേയനായ ഒരു മലയാളി ഗൃഹനാഥന്റെ ആത്മാലാപമെന്ന നിലയിലാണ് ഈ കവിത രചിക്കപ്പെട്ടിരിക്കുന്നത്.
“പെറ്റമണ്ണിനെപ്പാടെ മറക്കാൻ ഗതികെട്ടൊ-
രുറ്റഭാഷയെത്താനേ വെറുക്കാൻ”
പരിശീലിക്കുന്ന മലയാളിയാണ് അയാൾ.അയാളിൽ കവികാണുന്ന കുഴപ്പങ്ങൾ എന്തെല്ലാമാണ്?തന്റെ നാടിന്റെ ഉദയം പടിഞ്ഞാറുനിന്നാണ് എന്നയാൾ കരുതുന്നു.
“പാഴ്മരങ്ങളാൽത്താടി വളർത്തും പഴഞ്ചനീ
വീടുവിറ്റൊരു പുത്തൻ ബംഗ്ലാവു”
തീർക്കാം എന്നയാൾ വിചാരിക്കുന്നു.അമ്പലം പൊളിച്ച് കമ്പനി പണിയാൻ അയാൾക്ക് പ്ലാനുണ്ട്.താമരക്കുളം തൂർത്തുകളയാനും മുറ്റത്തെ തുളസിത്തറയെ പട്ടിണിക്കിടാനും അയാൾ ആഗ്രഹിക്കുന്നു.മുള്ളുവേലികൾ പൊളിച്ചുകളഞ്ഞ് കൂറ്റൻ കന്മതിൽ പണിയാനാണ് അയാൾക്ക് താല്പര്യം.ഒട്ടുമാവുകൾ മാത്രം നിലനിർത്തിക്കൊണ്ട് മറ്റു മാവികളും പ്ലാവുകളും അയാൾ വെട്ടിക്കളയും.
“കയ്ക്കുന്നു പഴഞ്ചനിസ്സംസ്കാര,മെൻ കണ്മുന്നിൽ
നിൽക്കരുതിളിക്കുന്ന നാട്ടുപൂച്ചെടി വർഗ്ഗം”
ഇതാണ് അയാളുടെ മനോഭാവം.ശീമച്ചെടികളുടെ മാതൃകോദ്യാനം തീർക്കുന്ന തിരക്കിലാണയാൾ.നാട്ടുപശുക്കളെ പോറ്റാൻ അയാൾക്ക് താല്പര്യമില്ല.യന്ത്രപ്പശുവിന്റെ പൊടിപ്പാലാണ്` അയാൾക്ക് പഥ്യം.അന്തിക്ക് തെണ്ടിത്തിരിഞ്ഞുവരുന്ന നക്ഷത്രങ്ങളെ വിദ്യുത് ദീപങ്ങൾകൊണ്ട് അയാൾ പ്രധിരോധിക്കുന്നു.അന്തിക്കാറ്റിനെ പങ്കായം കൊണ്ട് പുറത്താക്കുന്നവനാണ് അവൻ.തരിശ്ശായിക്കിടക്കുന്ന ആകാശത്ത് എന്തെല്ലാമോ പദ്ധതികൾ അവൻ ആസൂത്രണം ചെയ്യുന്നുണ്ട്.റേഡിയോ സഖാവിന്റെ പാട്ടിന് കാതോർക്കുന്നവനാണ് അവൻ.കുയിൽപ്പാട്ട് നിലയ്ക്കും.പൂംകോഴിയുടെ കവിതാലാപനവും അസ്തമിക്കാൻ പോകുന്നു.
മെക്കാളെയെ നാടുകടത്തിയെങ്കിലും അയാളുടെ മകളെ നാം ഉപേക്ഷിച്ചില്ല.കവിയുടെ രോഷത്തിനു കാരണം ഇതാണ്.ഈ കവിതയിലെ ദേശീയവികാരത്തെ മാത്രം പുറത്തെടുത്താൽ ഏതൊരു മലയാളിക്കും അഭിമാനപുളകിതനാകാൻ വേണ്ട വകകൾ അതിലുണ്ട്.അതിലപ്പുറം യുക്തിരഹിതമായ കല്പനകൾകൊണ്ട് കെട്ടിപ്പൊക്കിയ യാഥാസ്ഥിതിക നിർമ്മിതിയാണ് ആ കവിത.മച്ചിലെ കെടാദീപം കെട്ടുപോകുമെന്നുള്ള ഉൽക്കണ്ഠ ആ കവിതയുടെ വിധിതന്നെ നിർണയിക്കുന്നു.സംസ്കാരത്തിന്റെ അടഞ്ഞ ഘടനയ്ക്കത്തു നിന്നുകൊണ്ട് എഴുതിയ ഈ കവിതയ്ക്ക് ചരിത്രം വലിയ തിരിച്ചടിയാണ് നൽകിയത്.ആധുനികവൽകരണവും വ്യവസായവൽകരണവും കേരളത്തിന്റെ മുഖഛായതന്നെ മാറ്റിക്കളഞ്ഞു.അമ്പലം പൊളിച്ച് കമ്പനി പണിയുന്നത് കൊടും പാതകമായി അന്നു കരുതിയിരുന്നു.ഇന്ന് അമ്പലങ്ങൾക്കുള്ളത്ര പ്രാധാന്യം ഫാക്ടറികൾക്കും ഉണ്ടെന്ന തിരിച്ചറിവ് പ്രധാനമാകുന്നു.വൈദ്യുതിയും പങ്കയും നിത്യജീവിതയാഥാർഥ്യമായിരിക്കുന്നു.തരിശ്ശായ ആകാശത്ത് ആധുനികസാങ്കേതികവിദ്യ പുതിയ സ്വപ്നങ്ങൾ വിതച്ച് ഫലം കൊയ്തുകൂട്ടുന്നു.കാർഷികരംഗത്ത് നിരന്തരം നടത്തിയ ഗവേഷണങ്ങൾ സസ്യജാതികളെ അത്യുല്പാദനശേഷിയുള്ളതാക്കി മാറ്റി.ഒട്ടുമാവുകൾ മാത്രമല്ല ഒട്ടുമിക്ക വൃക്ഷങ്ങളും ഒട്ടുവിദ്യയിലൂടെ രൂപപ്പെടുത്തിയെടുത്തു.മാധ്യമരംഗം റേഡിയോയെയും കടന്ന് ടി.വി.യിലും നവമാധ്യമങ്ങളിലും എത്തിനിൽക്കുന്നു.പൂങ്കോഴിയുടെ കളകൂജനം കേട്ട് ഉറക്കമുണരുന്ന മലയാളി ഇന്നില്ല.
“പോറ്റുകില്ലിനിമേലിലീ നാട്ടുപശുക്കളെ;-
ത്തൃപ്തനാണു ഞാൻ യന്ത്രപ്പശുവിൻ പൊടിപ്പാലാൽ”
എന്നു മലയാളി തലകുലുക്കി സമ്മതിച്ചുകഴിഞ്ഞു..ശീമമദ്യം നമ്മുടെ വരുമാനസ്രോതസ്സിന്റെ മുഖ്യ ഇനമാകുന്ന കാഴ്ച്ചയാണ് കണ്മുന്നിലുള്ളത്.ആംഗ്ലേയഭരണം അവസാനിച്ചെങ്കിലും നമ്മുടെ ഭരണഘടനയുടെയും നീതിന്യായവ്യവസ്ഥയുടെയും പാർലമെന്ററി ജനാധിപത്യത്തിന്റെയും ആണിക്കല്ല് പടിഞ്ഞാറൻ തന്നെ.ഈ യാഥാർത്ഥ്യങ്ങളെ മുഴുവൻ കുഴിച്ചുമൂടിയിട്ട് തറവാട്ടുമഹിമ പുലമ്പാൻ പ്രേരിപ്പിക്കുന്ന സാഹിത്യം യാഥാർത്ഥ്യബോധമില്ലാത്തതാണ്.സാഹിത്യത്തിന് അങ്ങനെയൊരു കുഴപ്പമുണ്ട്.അതുകൊണ്ടാവാം തന്റെ ആദർശ സാമ്രാജ്യത്തിൽനിന്ന് പ്ലേറ്റോ കലാകാരന്മാരെ പുറത്താക്കിയത്.ചിലപ്പോഴെങ്കിലും നമുക്ക് പ്ലേറ്റോയിലേക്ക് മടങ്ങേണ്ടിവരും.

കവിതയിലെ നേര്


വെയിൽ പൂക്കുമ്പോൾ മരങ്ങളും ചെടികളും ആർപ്പിടും.വരാനിരിക്കുന്ന കെടുതികളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ് ഓരോ പൂവിടലും.ഓർമ്മകളെയും താക്കീതുകളെയും വെയിൽച്ചൂടിൽ ഉരുക്കിയെടുത്ത് കാണിക്കാനുള്ള കൈവിരുത് പ്രകൃതിക്കുണ്ട്.എഴുത്തിന്റെ വഴക്കത്തിലും ഈകരവിരുത് കാണാം. പൊള്ളുന്ന കാലത്തെ പൂവിട്ടുകാണിക്കുകയാണ് കവിതയും.                       
          “എത്ര വെള്ളം കോരിയിട്ടും
          ആനന്ദൻ വന്നില്ല”(കൽപ്പറ്റ നാരായണൻ.)
ഈ ഹ്രസ്വകവിതയിൽ നൂറ്റാണ്ടുകളുടെ ഏറ്റുപറയലുണ്ട്.കുറ്റസമ്മതമോ നിസ്സഹായതയോ കുടിയിരിക്കുന്നുണ്ട്.സമൂഹത്തിലെ വിറകുവെട്ടികളും വെള്ളംകോരികളുമായ എഴുത്തുകാർക്ക് പോയവിപ്ലവകാലത്തിന്റെ കണക്കെടുക്കാതെയും വയ്യ.എന്താണ് എഴുത്തിൽ സംഭവിക്കുന്നത്?
ആശാനിൽനിന്ന് മുന്നോട്ട് നോക്കാം.അതൊരു നല്ല തുടക്കമാണ്.മറവി അത്രയൊന്നും പഴകിയിട്ടില്ലാത്ത കാലത്തിൽ നിന്ന് നോക്കാൻ എളുപ്പമുണ്ട്.ആശന്റെ ഭാവനയിൽ നടന്ന നാടകമാണ് ചണ്ഡാലഭിക്ഷുകി.പൊരിവെയിലിൽ നടക്കുന്ന നാടകം.ജാതിയിൽ താണവളുടെ ഔദാര്യത്തിന്റെ മുഹൂർത്തമാണത്.ജാതിയിൽ ഉയർന്നവന്റെ മഹത്വത്തിന്റെ നിമിഷമായി സാഹിത്യചരിത്രംവായിക്കുമെങ്കിലും.വാകമരവും വെയിലും കിണറും പശ്ചാത്തലമാകുന്നപ്രകൃതിയിലെ നാടകരംഗമാണത്.  അതാണ് യാഥാർഥ്യം. ഭിക്ഷുവും ചണ്ഡാലയുവതിയുംആശാന്റെ ഭാവനയിൽ രൂപപ്പെട്ട കഥാപാത്രങ്ങളും.ഭദ്രനാണ് ഭിക്ഷു..അയാൾക്ക്  ചണ്ഡാലയുവതിയോട് ദാഹജലത്തിനായി അർഥിക്കേണ്ടിവരുന്നു.അതിനു കാരണം നിലനിൽക്കുന്ന വ്യവസ്ഥിതിതന്നെ.വെയിലാണ് വില്ലൻ.ചരിത്രത്തിന്റെ നൃശംസതയുടെ വെയിലാണത്.പക്ഷികളുടെ നാവടക്കിക്കളയുന്ന ആ വെയിൽതന്നെയാണ് വാകമരത്തെ പൂവിടുവിക്കുന്നതും.ചണ്ഡാലയുവതിയുടെ മറുപടിയിൽ വ്യവസ്ഥിതിയുടെ നിരർഥകതയോടുള്ള തെളിഞ്ഞ പരിഹാസമില്ലേ?ഭിക്ഷു ശുദ്ധരിൽ ശുദ്ധനല്ലെന്ന കാര്യം വേറെ.വെയിൽക്കാലങ്ങളിൽ മാത്രം ദളിതനെ ചേർത്തുപിടിക്കുന്നത് ചരിത്രം. അധിനിവേശത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും യുദ്ധത്തിന്റെയും ദുരിതസന്ധികളിൽ ഈ ചേർത്തുപിടിക്കൽന്നാം കണ്ടു.പിന്നീട് കഥമാറുന്നു.
ആനന്ദഭിക്ഷുവിൽ മനുഷ്യത്വംകണ്ട ചണ്ഡാലയുവതി ആകാലടികളെ പിന്തുടർന്നു.ആനാടകം അവിടെ തീരുന്നു.ജീവിതം/ചരിത്രം തുടരുകതന്നെ.ജീവിതത്തിലെ ചണ്ഡാലയുവതി കിണറ്റുകരയിൽത്തന്നെ നിൽപ്പാണ്.ആ വെയിൽ ഇന്നും ജനകോടികളെ ചുട്ടുപൊള്ളിച്ചുകൊണ്ടിരിക്കുന്നു.നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും,കിണറ്റിലെ വെള്ളം മുഴുവനും കോരിയിട്ടും ആനന്ദന്മാർ വരുന്നില്ല.
പ്രത്യയശാസ്ത്രങ്ങൾ ഏട്ടിലെ പുലികൾ മാത്രമോ?കവിത പൂവിട്ടുകാണിക്കന്ന കനൽക്കാലം തിരിച്ചറിയാതെ പോവുകയാണോ?
“ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ
പതിതരേ നിങ്ങൾതൻ പിന്മുറക്കാർ” എന്ന കവിച്ചൊല്ല് കാതിൽ മുഴങ്ങുന്നില്ലേ?ഏതു പിന്മുറക്കാർ എന്ന ചോദ്യം ബാക്കിയാകുന്നു.പ്രത്യയശാസ്ത്രങ്ങൾ പ്രായോഗികതലത്തിൽ പരാജയപ്പെടുന്നതിന്റെ കദനകഥകൾക്ക് തീരെ പഞ്ഞമില്ല.തുരുമ്പിച്ച യന്ത്രങ്ങൾ പുതുക്കിയെടുത്ത് പ്രവർത്തനസജ്ജമാക്കുവാൻ കാലമായില്ലേ?
എഴുത്തിലെ ആശയങ്ങൾ മതബോധത്തിലെ ദൈവങ്ങളെപ്പോലെയാണ്.ജീവിതത്തിന്റെ പരുക്കൻ മണ്ണിൽ കാലുറയ്ക്കാത്തവരാണവർ.പകൽ വെളിച്ചത്തിൽ അവർ നടക്കുന്നില്ല.പ്രത്യയശാസ്ത്രത്തിന്റെ യുക്തിയാണതിൽ പ്രവർത്തിക്കുന്നത്.ബോധത്തെ തലകീഴായി പിടിക്കുമ്പോൾ തെളിഞ്ഞുവരുന്ന യുക്തിയാണത്.ബോധം മറയുമ്പോൾ പതുക്കെ തെളിയുന്ന സ്വപ്നം.സ്വപ്നങ്ങൾ ജീവിതത്തിന്റെ വിർച്വൽ പതിപ്പാണ്.അതിനെ എഡിറ്റുചെയ്യാനും വസ്തുവൽക്കരിക്കാനും നാം നടത്തുന്ന ശ്രമങ്ങൾ ഫലംകാണുമോ!

ദളിത് സ്വത്വാവിഷ്ക്കാരം ആധുനികാനന്തര മലയാള കവിതയിൽ



ചരിത്രം കറുപ്പിൽ എഴുതിയ മനുഷ്യവംശത്തെ കവിത എങ്ങനെയാണ് അടയാളപ്പെടുത്തിയത് എന്ന അന്വേഷണം ആധുനികാനന്തര മലയാള കവിതയെ സംബന്ധിച്ചിടത്തോളം ഏറെ പ്രസക്തിയുള്ള വിഷയമാണ്.കവ്യാനുശീലനത്തിന്റെയും കാവ്യസിദ്ധാന്തങ്ങളുടെയും അടഞ്ഞ ഘടന പൊളിയുന്ന സാംസ്ക്കാരിക പശ്ചാത്തലത്തിൽ നിന്നുകൊണ്ട് ഈ വിഷയം പരിശോധിക്കുന്നത് നന്നായിരിക്കുമെന്നു തോന്നുന്നു. മത്രമല്ല ജനാധിപത്യം വാഗ്ധാനം ചെയ്യുന്ന ധാർമ്മികബാധ്യതകൂടിയാണ് അത്.

നവോത്ഥാനപ്രവർത്തനങ്ങൾ രൂപപ്പെടുത്തിയ പൊതുബോധത്തിന്റെ സാംസ്ക്കാരികഭൂമികയിലാണ് കേരളത്തിന്റെ കീഴാളജീവിത പരിസരം ചർച്ചചെയ്യപ്പെട്ടുതുടങ്ങുന്നത്.കുമാരനാശാൻ എഴുതിയ ‘വിലക്ഷണ’കാവ്യമായ’ദുരവസ്ഥ’ മലയാളിയുടെ കാവ്യഭാവനയിലും വിചാരലോകത്തിലും ഒരു പിളർപ്പ് സൃഷ്ടിച്ചിരുന്നു.പണ്ഡിറ്റ് കെ.പി.കറുപ്പനും സഹോദരൻ അയ്യപ്പനും തുടങ്ങിവച്ച കാവ്യപരിശ്രമങ്ങളുടെ സഫലമായ വളർച്ച ആശാനിൽ കാണാം.അതിന്റെ തുടർച്ച മലയാള കവിതയിൽ പിന്നീട് സജീവമാകുന്നു.
ആധുനികാനന്തര മലയളകവിതയ്ക്ക് ഈ അഖ്യാനസ്വരൂപത്തെ പിൻപറ്റാതെ മുന്നോട്ട് പോകാൻ കഴിയുമായിരുന്നില്ല.അതുകൊണ്ടുതന്നെ എസ്.ജോസഫും എം.ബി.മനോജും എം.ആർ.രേണുകുമാറും ഉൾപ്പെടുന്ന പുതുതലമുറക്കവികൾ മുൻ തലമുറ കേൾപ്പിച്ച ശബ്ദം പിൻപറ്റി കേരളത്തിലെ ദളിത് ജീവിതത്തെ ആവിഷ്ക്കരിക്കുവാനാണ് ശ്രമിച്ചത്.എന്നാൽ പുതുകവികളിൽ കവിതയുടെ സ്വരം മുൻപ് കേട്ടിട്ടില്ലാത്തവിധം വേറിട്ടുനിന്നു.ആഹ്വാനങ്ങളിൽനിന്നും പ്രതിഷേധങ്ങളിൽനിന്നും നിലവിളികളിൽനിന്നും വിട്ടുപോന്ന പുതുദളിത്കവിത തനതായ ആശയലോകവും ആഖ്യാനസന്ദർഭവും കണ്ടെത്തുകയായിരുന്നു. ചരിത്രം ആരുടെയൊക്കയോ ഇഛയാണെന്നും പൂർവനിശ്ചിതമായ അജണ്ടയാണെന്നും, ആ തിരിച്ചറിവ് കവിതയുടെ ബാധ്യതയാണെന്നും പുതുകവികൾ വിശ്വസിച്ചു.ഇത് ഒരേ സമയം മലയാള കവിതയെയും ദളിത് കവിതയെയും പൊളിച്ചെഴുതുന്നതിനുള്ള അവസരമാണ് തുറന്നിട്ടത്.ജീവിതത്തെ സംബന്ധിച്ചും കവിതയെ സംബന്ധിച്ചും പുതിയ ബോധ്യങ്ങളിൽ കവികൾ എത്തിച്ചേർന്ന സന്ദർഭം കൂടിയാണിത്.

“എഴുതപ്പെട്ട ചരിത്രത്തിനകത്തായിരുന്നു
ഞങ്ങൾ
എഴുതപ്പെടാത്ത ചരിത്രമെഴുതാനായി
തീരുമാനമെടുത്തു”
എന്ന് എം.ബി.മനോജ് എഴുതുമ്പോൾ കീഴാളന്റെ ചരിത്രബാധ്യത അംഗീകരിക്കുകയോ അവകാശപ്പെടുകയോ ചെയ്യുകയാണ്.എഴുതപ്പെടാത്ത ചരിത്രത്തിനകത്ത് അടയാളപ്പെടാതെപോയ ദളിത്ജീവിതത്തെ തിരഞ്ഞുചെല്ലുകയാണ് ഇന്നത്തെ ദളിത്കവിത.
തിരിച്ചറിവിന്റെ സൂക്ഷ്മശ്രുതികൾ
പൂർവികരായ ദളിത്കവികൾ എത്തിനിൽക്കുന്ന ആശയപരിസരം തന്നെ ആധുനികാനന്തര ദളിത്കവിക്കും ബാധകമാണ്.ദളിതനെ മൃഗതുല്യമായി കണ്ടിരുന്ന ഫ്യൂഡൽകാലഘട്ടത്തിൽ നിന്ന് സമൂഹം വളരെദൂരം മുന്നോട്ടുപോയിരിക്കുന്നു.കോളനിയനന്തര ഭാരതത്തിൽ സംഭവിച്ച നവോത്ഥാനപ്രവർത്തനങ്ങളും നിയമനിർമ്മാണത്തിലെ ജാഗ്രതകളും ദളിതന്റെ ജീവിതത്തെ മുൻ നിരയിലേക്ക് കൊണ്ടുവരേണ്ടതാണ്.എന്നാൽ മറിച്ചാണ് സംഭവിച്ചത്.ഇന്ത്യൻ സാഹചര്യത്തിൽ ദളിതന്റെ നില എന്താണെന്ന് അന്വേഷിക്കുന്ന    ’സർവേ ഓഫ് ഇന്ത്യ’ എന്ന കവിതയിൽ എം.ബി.മനോജ് എഴുതുന്നു:

“ഒരു ഗോവിനോ
ഒരു ചണ്ഡാളനോ കൂടുതൽ തൂക്കം
പേടിക്കേണ്ട
ഒരു ചത്ത ഗോവിന്
ജീവനുള്ള
അഞ്ച് ചണ്ഡാളന്റെ തൂക്കം
ജീവനുള്ള ഒരു ഗോവിന്
ഇരുപത്തഞ്ച്കോടി ചണ്ഡാളന്മാരുടെ തൂക്കം”
ഇന്ത്യൻസാഹചര്യത്തിൽ ദളിതർ നേരിടുന്ന ദുരന്തത്തിന്റെ നേർചിത്രമണിത്. മലയാളത്തിലെ ദളിത്കവിത ഈ അവസ്ഥയും പങ്കുവയ്ക്കാൻ ശ്രമിക്കുന്നുണ്ട്.

ജീവിക്കുമ്പോൾ മരിക്കുകയും മരിക്കുമ്പോൾ ജീവിക്കുകയും ചെയ്യുന്ന ജീവിതമാണ് ദളിതൻ ജീവിച്ചുതീർക്കുന്നതെന്ന് പുതുദളിത്കവി കരുതുന്നു.മനോജിന്റെ ‘ചാവ്’എന്ന കവിത ഇത് സാക്ഷ്യപ്പെടുത്തുന്നു.

“കരിന്തുണിയാൽ മൂടിയ നമ്മളെ
ഇനി കളിയാക്കുന്നതാര്
ജാതിക്കുശുമ്പ് കാട്ടാൻ”(ചാവ്-മനോജ്)

എന്ന പരിഹാസം കഠിനമായ വിമർശനമാണ്.
കീഴാളന്റെ കൂട്ടായ്മയെ വരേണ്യപ്രത്യയശസ്ത്രം ബുദ്ധിപരമായി എങ്ങനെ നേരിട്ടു എന്നത് ദ്ളിത് വായനയുടെ അടിസ്ഥാനപ്രമേയങ്ങളിലൊന്നാണ്.ചാതുർവർണ്യവും അതിന്റെ തുടർച്ചയായ ജാതിവ്യവസ്ഥയും ജാതിക്കുള്ളിലെ ജാതിയും ദളിതന്റെ കൂട്ടായമയെ ഇല്ലാതാക്കി.ജനാധിപത്യസാമൂഹികവ്യവസ്ഥിയിൽ വരേണ്യപ്രത്യയശസ്ത്രവർഗ്ഗം പുതിയ തന്ത്രങ്ങൾ സ്വീകരിക്കുകയാണ്.മനോജിന്റെ ‘നസ്യം’ എന്ന കവിതയിലെ കേന്ദ്രാശയം ഇതാണ്.

“ഞങ്ങളും ഞങ്ങളെന്നു പറഞ്ഞുതുടങ്ങിയപ്പോൾ
നിങ്ങൾ
നമ്മളെന്നു തുടങ്ങി.
ഞങ്ങൾ നമ്മളെന്നു തിരുത്തി
മുഴുവൻ മനുഷ്യരുമെന്ന് നിങ്ങൾ”
കീഴാളസ്വത്ത്വരൂപീകരണത്തെ പ്രതിരോധിക്കുന്ന ശക്തികളെ നേരിടലും പുതുകവിതയുടെ ലക്ഷ്യമാണെന്ന് ഇത് വ്യക്തമാക്കുന്നു.
അനുഭവതലം മാറുന്നു
അനുഭവത്തിന്റെ സാമാന്യവൽകരണമായിരുന്നു ആധിനിക ഘട്ടംവരെയുള്ള ദളിത് കവിതയുടെ പൊതുസ്വരം.പരന്ന കാലത്തിലും സ്ഥലത്തിലും അനുഭവതലത്തിലും ആഖ്യാനം ചെയ്യപ്പെട്ട ദളിത് കവിത വായാടിത്തംകൊണ്ട് സമ്പന്നമായിരുന്നു.ദളിത് സ്വത്വത്തെ സൂക്ഷ്മതലത്തിൽ ആവിഷ്കരിക്കുവാൻ ആ കവിതകൾക്ക് കഴിഞ്ഞില്ല. ആധുനികാനന്തര ദളിത് കവിതയുടെ രീതി അതല്ല.കാലത്തെയും സ്ഥലത്തെയും പുതുകവിത ചുരുക്കിയെടുത്തു.വ്യക്തിപരമായ അനുഭവത്തിലൂടെയാണ് ആധുനികാനന്തര ദളിത് കവിത പൊതുജീവിതത്തെ അവതരിപ്പിക്കാൻ ശ്രമിക്കുന്നത്.അത് ചരിത്രപരമായ ബാധ്യതയുള്ള സ്വകാര്യതയാണ്.പ്രത്യയശാസ്ത്രത്തിന്റെ സുരക്ഷിത റയിലുകളിൽ നിന്ന് ഉൾനാടുകളിലേക്ക് ഊടുവഴികൾ വെട്ടിയാണ് ഈ കവികൾ മുന്നേറിയത്.അതിന് കൃത്യമായ രാഷ്ട്രീയമുണ്ടായിരുന്നു.ആധുനികതയുടെ കാലത്ത് പരന്നൊഴുകിപ്പോയ ദളിത് സ്വത്വത്തെ പിടിച്ചുനിർത്തുവാനും , ദളിത്കർത്തൃത്ത്വത്തെ യാഥാർഥ്യബോധത്തോടെ രൂപപ്പെടുത്തുവാനും പുതുകവികൾക്ക് കഴിഞ്ഞു. പുതുദളിത്കവികളുടെ കവിതകൾ ഇതിന് തെളിവാണ്.പൊതുസമൂഹത്തിന് അവകാശപ്പെട്ടതെല്ലാം ദളിതന് മാത്രമായി നിഷേധിക്കപ്പെടുന്ന സമൂഹഘടന പുന:പരിശോധനയ്ക്ക് വിധേയമാകേണ്ടതുണ്ട്.അത് ആരംഭിക്കേണ്ടത് ദളിതൻ തന്റെ സ്വത്വത്തെ സൂക്ഷ്മതലത്തിൽ പരിശോധിച്ചുകൊണ്ടാവണം.ഈ തിരിച്ചറിവ് പുതുകവിയുടെ ബാദ്ധ്യതയായിരുന്നു.

 “മുമ്പൊക്കെ ഞങ്ങൾക്കൊന്നും കിണറില്ലായിരുന്നു
വെള്ളമെടുക്കാൻ കുൻശന്മാരുടെ വീടുകളിൽ പോണമായിരുന്നു
അവർ മുറ്റത്തുനിന്ന് തൊട്ടിയിൽ വെള്ളം കോരും
ഞ്ങ്ങൾക്ക് താഴെനിന്ന് കവുങ്ങും പാളയിൽ കോരാം
അല്ലെങ്കിൽ പാടങ്ങൾക്ക് നടുവിലെ ഓലികളുണ്ട്”
ജോസഫിന്റെ ‘വെള്ളം’ എന്ന കവിത ഇങ്ങനെ ആരംഭിക്കുന്നു.തികഞ്ഞ വ്യക്തിപരതയാണ് ഈ കവിതയെ അനുഭവതലത്തിൽ നിലനിർത്തുന്നത്. ചുറ്റുമുള്ള പ്രകൃതിയും ജന്തുജാലവും  മനുഷ്യരും ഈ അനുഭവത്തെ സജീവമാക്കി നിർത്തുന്നു.കെട്ടഴിച്ചു വിടലല്ല,കെട്ടിനിർത്തലാണ് അതിന്റെ രീതി.വ്യക്ത്യനുഭവത്തിലൂടെ പൊതുബോധത്തിലേക്ക് കടക്കുന്ന ഈ രീതി പുതുദളിത്കവിതയുടെ അനുഭവാവിഷ്ക്കാരത്തിന് തെളിവാണ്.രേണുകുമാറിന്റെ കവിതകൾ ഈ സ്വകാര്യതയെ കുറേക്കൂടി തീവ്രമാക്കുന്നുണ്ട്.’പച്ചക്കുപ്പി’ എന്ന സമാഹാരത്തിന്റെ അനുബന്ധഭാഷണത്തിൽ രേണുകുമാർ ഇങ്ങനെ അഭിപ്രായപ്പെടുന്നു:”പൊതുവും അടിസ്ഥാനപരവുമായ പ്രശ്നങ്ങളിൽ നിന്നു അടർന്നുമാറി കുറച്ചുകൂടി സൂക്ഷ്മവും സങ്കീർണ്ണവും വ്യക്തിപരവുമായ പ്രശ്നങ്ങളെ കവിതയിലേക്ക് കൊണ്ടുവരണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്.അരക്ഷിതവും വിഭവദരിദ്രവുമായ ഒരു ലോകത്തെ എഴുതുമ്പോൾ സ്വാഭാവികമായും കടുത്ത ജീവിതയാഥാർത്ഥ്യങ്ങൾക്ക് പ്രാമുഖ്യം വന്നുപോകും.എന്നാൽ ഇത്തരം യാഥാർത്ഥ്യങ്ങൾക്കിടയിലും ലോലവും തരളവുമായ ജീവിതകാമനകൾ ഇല്ലാതാകുന്നിൽല..............കഠിനവും പരന്നതുമായ അനുഭവലോകത്തിനപ്പുറം പൊതുവേ മൃദുലമെന്നു വിശേഷിപ്പിക്കുന്ന ഒരുപാട് ലോകങ്ങളെ എനിക്ക് കവിതയിലേക്ക് എടുത്തുവയ്ക്കണമെന്നുണ്ട്.അപ്പോഴൊന്നും എന്റെ സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ കാഴ്ച്ചപ്പാടുകൾ മാറരുതെന്നും”
ഈ ഇഛ്ചയാണ് പുതു ദളിത് കവി പൊതുവേ പങ്കുവയ്ക്കുന്നത്.നവോത്ഥാനകാലത്തും ആധുനികതയുടെ കാലത്തും ആവിഷ്കരിക്കപ്പെട്ട ദളിത്പ്രതിനിധാനങ്ങൾക്ക് അനുഭവത്തിലെ ഈ സൂക്ഷ്മത ഉണ്ടായിരുന്നില്ല.ദളിത് സ്വത്ത്വത്തെ അന്വേഷിക്കലോ ദളിത് കർത്തൃത്ത്വ രൂപീകരണമോ അത്തരം രചനകളിൽ സാധ്യമായില്ല.പുതുകവികൾ ഈ പരിമിതി നന്നായി തിരിച്ചറിയുന്നു എന്നത് ശ്രദ്ധേയമാണ്.
“ഇണയില്ലാത്ത
ഉടുതുണി ചുറ്റി
അപ്പൻ പുറത്തു പോകമ്പോൾ
ചാക്കുടുത്തകത്ത്
ചടഞ്ഞിക്കും
അമ്മയെപ്പറ്റി പറഞ്ഞ്
ഒരുത്തി മൂക്ക് പിഴിയുന്നു

ചീനച്ചട്ടിയിലിട്ട്
ഉണക്കുമ്പോൾ
അടിവസ്ത്രം കരിഞ്ഞ
കഥ പറഞ്ഞ് ഒരുത്തൻ
ചിരിച്ച് മണ്ണ് കപ്പുന്നു.

വിശപ്പ്മൂത്ത്
കണ്ണുപൊട്ടിയപ്പോൾ
അരണയെ ചുട്ടുതിന്ന്
മണ്ണിനു ചോറായ
എളേത്തുങ്ങളെക്കുറിച്ച്
പറഞ്ഞുതീരും മുൻപേ
ഒരുത്തി തലചുറ്റി വീഴുന്നു”
അനുഭവങ്ങളുടെ ഇടുങ്ങിയ പരിസരത്തുനിന്ന് തുറസ്സിലേക്ക് നീങ്ങുന്ന ആഖ്യാനമാണിത്.
കവിതയുടെ ഇടം ചുരുങ്ങിപ്പോയെന്ന് വിമർശനമുയർത്തുന്നവർ ഈ കവിതകളുടെ രാഷ്ട്രീയം തിരിച്ചറിയാതെപോവുകയാണ്.


  • ഭാഷയിലെ വരേണ്യതയെ തകർക്കുന്നു
ദളിത്കവിത ഭാഷയിലെ വരേണ്യസങ്കൽപ്പത്തെ പ്രതിരോധിക്കുവാനുള്ള ചെറുശ്രമങ്ങൾ മുമ്പേ നടത്തിപ്പൊന്നിട്ടുണ്ട്.എന്നാൽ മലയാളഭാവനയുടെ പൊതുധാരയിൽ ആ ശബ്ദം വേണ്ടത്ര കേട്ടിരുന്നില്ല.അദളിതർ എഴുതിയ ദളിത്പ്രതിനിധാനമുള്ള കവിതകൾക്ക് ആശയം മാത്രമായിരുന്നു മുഖ്യം.കവിതയ്ക്ക് മാത്രമായി ഒരു ഭാഷയുണ്ടെന്നും  ഭാഷയുടെ ആ കൂടുതകർന്നാൽ കവിത നശിച്ചു എന്നും കരുതിയവരായിരുന്നു കവികളും വായനക്കാരും. ധ്വനിയിലും വക്രോക്തിയിലും വാർന്നു വീഴുമ്പോഴാണ് കവിതയ്ക്ക് കാമ്പുണ്ടാവുന്നത് എന്ന് ആധുനികകാലംവരെയുള്ള കവിതയും കാവ്യാസ്വാദകരും വിശ്വസിച്ചിരുന്നു.ആധാരണയെ കൃത്യമായ മുന്നൊരുക്കത്തോടെ പൊളിച്ചെഴുതിയത് സമകാലിക ദളിത് കവിതയാണ്.ഒരു ജനസമൂഹത്തെ അവരുടെ ഭാഷയിൽനിന്ന്  അടർത്തിമാറ്റി സാഹിത്യത്തിൽ ആവിഷ്കാരം തേടാനാകില്ല.സാഹിത്യം വരേണ്യവർഗ്ഗത്തിന്റെ കുത്തകയായിരുന്ന കാലത്ത് ഭാഷയെസംബന്ധിച്ച വേവലാതികൾ എഴുത്തുകാരെ അലട്ടിയിരുന്നില്ല.എന്നാൽ പിന്നീട് കവിതയുടെ ഉള്ളടക്കം മാറുകയും പുരോഗമനസാഹിത്യത്തിന്റെ കാലത്ത് പുതുചാൽ വെട്ടി ഒഴുകുകയും ചെയ്തപ്പോഴും ഭാഷയുടെ പഴയ ചട്ടക്കൂട് തകർന്നില്ല.അങ്ങനെ വരേണ്യബിംബങ്ങളുടെ തടവറയിൽ കീഴാളകവിത മരവിച്ചു നിന്നു.ഈ തിരിച്ചറിവ് പുതു ദളിത് കവിയെ ജാഗരൂകനാക്കി.മലയാളത്തിൽ ജോസഫിന്റെ കവിതകളാണ് കൃത്യമായ മുന്നൊരുക്കത്തോടെ വരേണ്യഭാഷയെ പൊളിച്ചെഴുതിത്തുടങ്ങുന്നത്.          ’മലയാളകവിതയ്ക്ക് ഒരു കത്ത്’ എന്ന കവിതയിൽ ജോസഫ് ഇങ്ങനെ കുറിക്കുന്നു
“നിന്റെ ആളുകളെ എനിക്കറിയാം
വലിയ കെട്ടിടങ്ങൾപോലെയുള്ളവർ
അവർ നിന്നെ ചതുരങ്ങളിലും വൃത്തങ്ങളിലും
പൂട്ടിയിട്ടു
ഒരു തുളയിലൂടെ നീ പുറംലോകം കണ്ടു.
വീട്ടുപകരണങ്ങളിൽ തട്ടി വീണു
തുണികളും ചിരികളുമെടുത്തണിഞ്ഞ്
അമ്പലത്തിലേക്ക് പോകുംവഴി
നീ കാറിലിരുന്നു എന്നെ നോക്കിയത് മറക്കത്തില്ല.
എല്ലാം മടുത്തു അല്ലേ?

കാടുകാണാനും ഓലപ്പുരയിലുറങ്ങാനും
ചെളിവെള്ളത്തിൽ നടക്കാനും
പെണ്ണിന് കൊതി തോന്നാം
വെയിലത്ത് അവൾ പൊള്ളും
മഴനനഞ്ഞ് പനിപിടിക്കും.

നിനക്ക് വേണ്ടത് സ്വാതന്ത്ര്യമല്ലേ?
ഇവിടെ അതേയുള്ളൂ
ഇഷ്ടമുള്ളത് പറയാം ,ചെയ്യാം
തോട്ടിൽപ്പോയി കുളിക്കാം
പറമ്പിലെത്തുന്ന കരിയിലാം പിടകളോടൊപ്പം
ചിലയ്ക്കാം
തിണ്ണയിൽ തഴപ്പായിട്ടിരിക്കാം”
പുതുകവിത ചരിത്രത്തിന്റെ ഇരുട്ടിലേക്ക് താണുപോയ മനുഷ്യരെ മാത്രമല്ല അവരുടെ ഭാഷയെയും വീണ്ടെടുക്കാനാണ് തുനിയുന്നത്. അങ്ങനെ അടഞ്ഞ ഘടനയിൽ കെട്ടിക്കിടക്കുന്ന കവിതയെ പുറം ലോകത്തേക്ക് കൊണ്ടുവരികയാണ് പുതുകവി.അതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത് ദളിത് രാഷ്ട്രീയമാണ്.ഭാഷയുടെ ഔപചരികത കുടഞ്ഞെറിഞ്ഞ് പുതുദളിത് കവിത അതിന്റെ രാഷ്ട്രീയം വെളിവാക്കുകയാണ്.അചുംബിത കവ്യബിംബങ്ങൾക്കായി കാത്തുനിൽക്കുന്നില്ല കവി.വാക്കുകൾ എന്ന കവിതയിൽ ഇക്കാര്യം ജോസഫ് വ്യക്തമാക്കുന്നുണ്ട്.
“ഇന്ന് വാക്കുകൾക്ക് ഒരു പകിട്ടുമില്ല
മുനപോയ ഉളികൊണ്ടു പണിയുന്ന
ആശാരിയാണ് കവി.
ആലയില്ലാത്ത കൊല്ലൻ,
ചുറ്റികയും കരണ്ടിയുമില്ലാത്ത കൽപ്പണിക്കാരൻ
പണി നടന്നേ പറ്റൂ”
ഈ തിരിച്ചറിവാണ് പുതുദളിത് കവിതയുടെ ശക്തി.തന്നെയും തന്റെ വംശത്തെയും അടയാളപ്പെടുത്താൻ  തനതുഭാഷ പ്രയോജനപ്പെടുത്തുകയാണ് ഇന്നത്തെ ദളിത് കവി.
‘ധ്വനി’ എന്ന കവിതയിൽ ജോസഫ് തന്റെ കാവ്യഭാഷയുടെ സ്വഭാവം കൃത്യമായി
വെളിപ്പെടുത്തിയിട്ടുണ്ട്.
“പോക്കെടമില്ല അല്ലേ?എന്ന ചോദ്യമാണ്
ഞാൻ പ്രയോഗിച്ചിട്ടുള്ള ഏറ്റവും വലിയ ധ്വനി
എന്ന് തോന്നുന്നു”
വരേണ്യഭാഷയിൽ എഴുതപ്പെട്ട ദളിത് കവിതയുടെ പരിമിതി തന്റെ കവിതയ്ക്ക് സംഭവിക്കരുതെന്ന് ജോസഫിന് നിബന്ധമുണ്ടെന്ന് സാരം.എം.ആർ.രേണുകുമാറിന്റെയും എം.ബി.മനോജിന്റെയും കവിതകളിലും ഈ ജാഗ്രതതന്നെയാണുള്ളത്.മനോജിന്റെ ‘ബാർബർഷോപ്പ് സംഭാഷണം’ എന്ന കവിത നോക്കുക
“002 എടുത്തത് പത്തെണ്ണവാ ഇരിക്കുന്നെ
അടിച്ചില്ല
523 എടുത്തോ ഇന്നടിക്കൂന്നൊറപ്പാ
975ന് നാല്പതിനായിരമടിച്ചു
നാലുരൂപപ്പലിശക്ക് കൊടുത്തു
കയ്യിവെച്ചാ ഇരിക്കുകേല

എടുക്കുമ്പോ
മുമ്പിനിക്കുന്നതാരാണെന്ന് മൊകത്ത്
നോക്കണം
ഡിജിറ്റലേതാ വലിക്കുന്നേന്ന്
അറിയാണ്ട് ചെക്ക് ചെയ്യണം
മൂന്നെണ്ണത്തിക്കൂടരുത്
കട്ടലോട്ടറീം സെയിമും ഊമ്പീരാ

മൊത്തം പോയതോ
ഓ ഒര് വീടീനൊള്ള്ത് കാണും
ഓ കോപ്പാ”
ദളിത് ഭാഷയുടെ ചുനയാണ് ഈ കവിതയെ കരുത്തുറ്റതാക്കുന്നത്.

  • ദളിതൻ തന്നെ കവിയാകുന്നു
ദളിതനുവേണ്ടി മറ്റുള്ളവർ /അദളിതർ കവിതയെഴുതുന്നതാണ് ആധുനികകാലത്തെ അനുഭവമെങ്കിൽ പുതുകവിതയിൽ ഇതിന് മാറ്റം വരുന്നത് കാണാം.മുമ്പും ദളിതർതന്നെ ദളിത്പ്രതിനിധാനമുള്ള കവിത എഴുതിയുരുന്നു.പക്ഷേ കവിതയുടെ മുഖ്യധാരയിലേക്ക് അവ കടന്നുവന്നിരുന്നില്ല.ആധുനികാനന്തര മലയാള കവിത ഈ പ്രവണതയെ ശക്തമായി പ്രധിരോധിക്കുന്നുപുതുകാലത്തെ ദളിത്കവി അതിൽ ജാഗ്രത പുലർത്തുന്നു.എസ്.ജോസഫിന്റെ കവിതകൾ അതിന്റെ ശക്തമായ തുടക്കമായിരുന്നു. ദളിത്ജീവിതാനുഭവത്തെ ദലിതൻ പകർത്തുമ്പോൾ കവിതയുടെ അനുഭവപരിസരം സമഗ്രമാകുന്നു.അതിന് അനുകൂലമായ ആസയപരിസരം രൂപപ്പെട്ടു എന്നതും പരിഗണനാർഹമാണ്.ലോകവ്യാപകമായി കോളനിയനന്തരരാജ്യങ്ങളിൽ സംജാതമായ സംസ്ക്കാരപഠനമണ്ഡലം പീഡിതവർഗ്ഗത്തിന്റെ സ്വത്ത്വരൂപീകരണത്തിന് പ്രേരണയായി.വർഗ്ഗപരവും ലിംഗപരവുമായ സ്വത്ത്വത്തെ തിരിച്ചറിയാൻ സഹായകമായ പ്രത്യയശാസ്ത്രത്തിന്റെ രൂപീകരണവും ഇതിന് സഹായകമായി.ഈ തിരിച്ചറിവിലാണ് ആധുനികാനന്തര മലയാളകവിതയും എത്തിനിൽക്കുന്നത്.പുതുദളിത്കവിതയെ യാഥാർഥ്യമാക്കുന്ന രാഷ്ട്രീയപശ്ചാത്തലം ഇതാണ്.
‘ഇന്നലെവരെ തങ്ങൾക്കുവേണ്ടി മറ്റാരോ ചെയ്തിരുന്ന പണി ഇപ്പോൾ സ്വന്തമായി ചെയ്യുന്നതിന്റെ സുഖവും സ്വതന്ത്ര്യവും ഒന്നു വേറെയാണ്’ എന്ന് ഈ അനുഭവം രേണുകുമാർ തുറന്നു പറയുന്നു.
ദളിതന്റെ ദാരിദ്ര്യവും നിസ്വാവസ്ഥയും അധ്വാനമേഖലയിൽ അവർ നേരിടുന്ന ചൂഷണവും ആധുനികകവിതയുടെ പ്രമേയങ്ങളിലൊന്നായിരുന്നു.അതിനും മുൻപ് നവോത്ഥാനകാലത്ത് ജാതിയായിരുന്നു പ്രമേയം.ഈ രണ്ടു ഘട്ടങ്ങളിലും ദളിതന്റെ സ്വത്ത്വത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾ നടന്നില്ല.അതുകൊണ്ടുതന്നെ ആ കവിതകളിലൂടെ ദളിത് കർത്തൃത്ത്വ രൂപീകരണവും സാധ്യമായിരുന്നില്ല.പുതുകവിത ഈ പരിമിതിയെ മറികടക്കാനാണ് ശ്രമിക്കുന്നത്.ആധുനികാനന്തര മലയാളകവിതയിലെ ദളിത് ദളിത് സ്വത്ത്വത്തെ തിരഞ്ഞു ചെല്ലുകയും ദളിത് കർത്തൃത്ത്വത്തെ രൂപീകരിക്കുകയും ചെയ്യാനാണ് ശ്രമിക്കുന്നത്.

  • ചെറുതുകളുടെ പ്രാധാന്യം
ആധുനികാനന്തര മലയാളകവിത പൊതുവേ പങ്കുവയ്ക്കുന്ന ഒരു സവിശേഷതയാണ് കവിതയുടെ രൂപത്തിൽ വന്ന ചെറുപ്പം.സാർവദേശീയ സ്വഭാവമുള്ള ആശയങ്ങളെ ശില്പവൈദഗ്ദ്ധ്യത്തോടെ അണിയിച്ചൊരുക്കുന്ന കവിതാരീതി പുതുകവികൾ ഉപേക്ഷിച്ചു.കവിതയുടെ രൂപത്തിൽ വന്ന ഈ മാറ്റം ആധുനികാനന്തര ദളിത് കവിത നന്നായി പ്രയോജനപ്പെടുത്തി.ജീവിതത്തിന്റെ പുറമ്പോക്കിൽ /കവിതയ്ക്ക് പുറത്ത് നിന്നിരുന്ന മനുഷ്യരെ അകത്തേക്ക് കൊണ്ടുവരുവാൻ ആ കവിതയ്ക്ക് കഴിഞ്ഞു..എല്ലാ ശിലകളിലും ശില്പമൊളിഞ്ഞിരിപ്പില്ലെന്ന വരേണ്യകാവ്യയുക്തിയെ പ്രതിരോധിക്കുവാൻ പുതു ദളിത് കവികൾക്ക് കഴിഞ്ഞു.കവിതയ്ക്ക് യോജിക്കുന്ന ജീവിതങ്ങളും അതിന് പുറത്തുള്ള ജീവിതങ്ങളും എന്ന വേർതിരിവിനെ എതിർത്തുതോൽപ്പിക്കുകയാണ് പുതുദളിത് കവി.മീങ്കാരന്റെയും കല്പണിക്കാരന്റെയും കുഴിവെട്ടുകാരന്റെയും ജീവിതത്തിന് കാവ്യാത്മകതയില്ലെന്ന ധാരണയെ തിരുത്തുവാനാണ് പുതുകവി ശ്രമിക്കുന്നത്.’പല കവിതകൾ’ എന്ന കവിതയിൽ ജോസഫ് ഈ ആശയം ഭംഗിയായി അവതരിപ്പിക്കുന്നു.
“വേശ്യപ്പണിക്കു പോയവൾക്ക്
തകരപ്പാത്രം കവിതയാകുമോ?
ആകും.മറ്റൊരു ജീവിതം കണ്ടെത്തുകയാൽ.
പിച്ചക്കാരുടെ കവിതയാകട്ടെ
തങ്ങളെത്തന്നെ വിരലുകളില്ലാതെ
ചൂണ്ടിക്കാണിക്കേണ്ടിവരുന്നത്.
കുഴിവെട്ടുകാരന് കവിതയില്ലെന്ന് തോന്നാം
എല്ലാപ്രതീക്ഷയും വീണടിയുന്നു
പള്ളിപ്പറമ്പിലെയാറടി മണ്ണിൽ
എന്നവൻ പാടുന്നുണ്ട്”
എം.ആർ.രേണുകുമാറിന്റെ താഴെ കൊടുക്കുന്ന വിശദീകരണം പുതുദളിത്കവിതയുടെ/കവിയുടെ നിലപാട് വ്യക്തമാക്കുന്നു.
‘ചെറ്റക്കുടിലിനുമീതെ ആന്റിന കണ്ടപ്പോഴും മീൻ കാരന്റെ കയ്യിൽ മൊബൈൽ കണ്ടപ്പോഴും മെയ്ക്കാടുപണിക്കാരൻ ജീൻസിട്ടുപോകുന്നതുകണ്ടപ്പോഴും ധാർമ്മികരോഷമുണ്ടായവരാണല്ലോ നമ്മൾ.ഇതൊന്നും സ്വാഭാവികമായി അവർക്ക് കൈവരാനുള്ള അവസരം നമ്മൾ അനുവദിച്ചുകൊടുക്കുകയുമില്ല.അവരതെങ്ങാനും സ്വായത്തമാക്കിയാൽ മേൽപ്പറഞ്ഞവിധം ധാർമ്മികരോഷം വമിപ്പിക്കുകയും ചെയ്യും.പുതിയ സ്വത്വങ്ങളുടെ രംഗപ്രവേശം ഇത്തരം അധീശപൊതുബോധങ്ങളുടെയും വ്യാജലോകങ്ങളുടെയുമൊക്കെ ഇരട്ടത്താപ്പുകളെ നഗ്നമാക്കുകയും ചോദ്യംചെയ്യുകയും ചെയ്യുന്നുണ്ട്.’
മലയാളിയുടെ പൊതുബോധത്തിൽ സംഭവിച്ച പിളർപ്പിനെ കവിതകൊണ്ട് നേരിടുവാനാണ് ഇന്നത്തെ ദളിത്കവി ശ്രമിക്കുന്നത് എന്ന് ഈ വാക്കുകൾ സാക്ഷ്യപ്പെടുത്തുന്നു.ചെറുശബ്ദങ്ങൾ വലിയ മുഴക്കത്തോടെ പുതുകവിതയിൽ വരുന്നതിന് എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും നിരത്തുവാനാകും.വലുതുകൾ എപ്പോഴും ആഘോഷത്തെയും അത്ഭുതത്തെയും ലക്ഷ്യമാക്കുന്നു.വിനോദസഞ്ചാരികളെ ആകർഷിക്കുന്ന കാനായിശില്പങ്ങളുമായി ബ്രഹദാഖ്യാനങ്ങളെ താരതമ്യം ചെയ്യാവുന്നതാണ്.ആഹ്ലാദമാണതിന്റെ മുഖ്യ ലക്ഷ്യം.അതേസമയം മൺകുടിലിൽ തൊഴിലാളി മെനയുന്ന ചെറുശില്പങ്ങൾ കലയെന്നതിലുപരി ജീവിതത്തെ മെനഞ്ഞെടുക്കുന്നതിന്റെ സാക്ഷ്യങ്ങളാണ്.നടന്നുകാണുന്നതിന്റെ സുഖം ആ നിർമ്മിതികൾ ഒരിക്കലും നൽകുന്നില്ല.പുതുകാലത്തെ ദളിത് കവി മൺകുടിലിലിരുന്ന് ശില്പം മെനയുന്നവനാണ്.പണിയായുധങ്ങൾ സ്വന്തമായില്ലാത്തവന്റെ പണിത്തരമാണത്.ചെറുതുകളുടെ രാഷ്ട്രീയമാണ് ആ കവിതകളുടെ ആണിക്കല്ല്.കടമ്മനിട്ടയുടെ കുറത്തി,കാട്ടാളൻ തുടങ്ങിയ കവിതകളിൽ നിന്ന് പുതു ദളിത്കവിത പുലർത്തുന്ന ദൂരം ഇങ്ങനെ അളന്നെടുക്കാവുന്നതാണ്.

  • സ്വകാര്യത ഏറുന്നു
ആധുനികകാല ദളിത് കവിതയിൽനിന്ന് ആധുനികാനന്തര ദളിത്കവിതയിലേക്ക് വരുമ്പോൾ കാണുന്ന ഒരു വലിയ മാറ്റമാണ് സ്വകാര്യതയോട് പുതുകവികൾക്കുള്ള ആഭിമുഖ്യം. നാടും വീടും പരിസരവും  കൃത്യമായി അടയാളപ്പെടുത്തുവാനും ആഖ്യാതാവിന്റെ കർതൃത്ത്വത്തെ സ്ഥാപിക്കുവനും പര്യാപ്തമായ ആഖ്യാനസ്വരം പുതുകവിത സ്വീകരിക്കുന്നു.ആവേശത്തെക്കാൾ ആത്മവത്തയ്ക്ക് കവിതയിൽ ഇടം നൽകുമ്പോൾ രൂപപ്പെടുന്ന അന്തരീക്ഷ്മാണ് ദളിത് കർത്തൃത്ത്വത്തിന്റെ സ്ഥാപനത്തിന് ഗുണകരമെന്ന് പുതുകവിത തിരിച്ചറിയുന്നുണ്ട്.അതിൽ പൊതിഞ്ഞുവച്ച രാഷ്ട്രീയമുണ്ട്.സ്വയംവിമർശനത്തിന്റെ സ്വരമുണ്ട്.വ്യവസ്ഥിതിയെ ചൂഴ്ന്നുനിൽക്കുന്ന കെടുതികളുടെ സൂചനകളുണ്ട്.
“രഹസ്യക്കാരെ പിടിക്കാൻ
ചുറ്റും നടന്ന ഒരാമ്പ്രന്നോനെ
ഇരുട്ട് വട്ടം കറക്കുന്നു

കാറ്റ് പ്ലാവില പറത്തിച്ചു
അത് അവള് ചാക്കുവിരിച്ചിടം
കന്നാലി കാപ്പിയെലേൽ നടന്നു
ഇത് പായ ചുരുട്ടിയ സ്ഥലം
കാല് താന്ന പാട്
നെത് അവൾടെ അടിപ്പാവാടകണ്ട ഇത്തറ്റം
അയാൾ തെളിവുകൾ വാരിക്കത്തിക്കുന്നു”(എം.ബി.മനോജ്-അടക്കം,ഒതുക്കം,സൗമ്യം)

പെട്ടുപോയ കയത്തിലെ ഈ വട്ടംചുറ്റൽ ,വേരുകളോളം ആഴ്ന്ന് ചെല്ലുന്ന ഈ വേദന ഒരു രഹസ്യവർത്തമാനമായല്ല കാണേണ്ടത്.അമ്മമാർ എന്ന കവിതയിൽ മനോജ് എഴുതുന്നു:
“ഒരമ്മ ചീത്തയാണെന്നാരേലും
പറഞ്ഞാൽ
തന്തയാണേലും
സ്വന്തം ഉടൽ ഉയർത്തിപ്പിടിച്ച്
തല്ലാൻ ചെല്ലേണ്ടിവരും

അവർ വിളമ്പുന്ന
തവിയിലേക്കുനോക്കി
കണ്ടവൻ കേറി
വന്നവഴി കളങ്കപ്പെടുത്തിയെന്ന്
മനസ്സിൽപ്പറഞ്ഞ്
പിടിയുരുട്ടി
ചാറിൽ മുക്കി
ചവച്ച്
മിഴുങ്ങിക്കൊണ്ട്”
രേണുകുമാറിലെത്തുമ്പോൾ ഈ സ്വകാര്യതയുടെ ഇടം കൂടുതൽ വിസ്തൃതമാകുന്നു.ബാല്യവും കൗമാരവും യൗവനവും ഇഴചേരുന്ന ഓർമ്മകളുടെ പെരുക്കം കവിതകളുടെ നിർമ്മാണവസ്തുവാകുന്നു.
“പുല്ലിയ മീനുകൾ
പരതുന്നതിനിടയിൽ
വെള്ളത്തിനടിയിൽ
ഒമയുടെ ഉള്ളിൽ വച്ച്
ഞങ്ങളുടെ വിരലുകൾ
ഇടയ്ക്ക് കണ്ടുമുട്ടുന്നു”
എന്നിങ്ങനെ പ്രണയാനുഭവം കുറിക്കുന്നു.പണിയിടത്തിൽ ഇണയുടെ ഉടൽ ഓർമ്മകൊണ്ട് കൂർമ്പിച്ചെടുത്ത് രസിക്കുന്ന തൊഴിലാളിയുടെ ഉച്ചിയിൽ കൂടംവീഴുന്ന ചിത്രവും രേണുകുമാർ വരയ്ക്കുന്നു.’ഒന്ന് കോച്ചിവലിച്ച് മലം,മൂത്രം,ശുക്ലം എന്നിവയോടൊപ്പം ജീവനും വിസർജ്ജിച്ച’ തൊഴിലാളിയുടെ ക്ഷമാപണം ഇങ്ങനെ:
“സറന്മാർക്കൊക്കെ
വലിയ ബുദ്ധിമുട്ടായല്ലേ?
മന:പൂർവമായിരുന്നില്ല;ഒന്നും”
സ്വകാര്യമാകുമ്പോഴും ഈകവിതകൾ ചെന്നു തൊടുന്ന ഇടങ്ങൾ കൃത്യമാണ്.കീഴാളജീവിതത്തിന്റെ നേരനുഭവമായി,അകവും പുറവുമായി കവിത രൂപപ്പെടുന്നു. ‘സറന്മാർക്കൊക്കെ
വലിയ ബുദ്ധിമുട്ടായല്ലേ?’ എന്ന ചോദ്യത്തിനകത്ത് ആ കവിതകളുടെ രാഷ്ടീയമുണ്ട്.
“തലയിൽ വീണ
മഴത്തുള്ളികളിൽനിന്ന്
കണ്ണീരിനെ പിരിച്ചെഴുതാൻ
എനിക്ക് കവിതയും”(പിരിച്ചെഴുത്ത്)
എന്ന് തന്റെ കവിതയുടെ യുക്തി മറ്റൊരിടത്ത് രേണുകുമാർ വെളിപ്പെടുത്തുകയും ചെയ്യുന്നു.

  • പ്രകൃതിബോധം
പുതുദളിത്കവികളുടെ പ്രകൃതിബോധവും സവിശേഷപ്രാധാന്യം അർഹിക്കുന്നു.അത് പൂർവകാല കവിതയുടെ കല്പനിക പ്രകൃതിബോധത്തെ നിരാകരിക്കുന്നതാണ്.ചുറ്റുമുള്ള ജീവികളോടും ചെടികളോടും മരങ്ങളോടും ആധുനികാനന്തര ദളിത്കവി പ്രതികരിക്കുന്നത് കാല്പനികത ചോർത്തിക്കളഞ്ഞ ശുദ്ധവികാരത്തോടെയാണ്.മുളപൊട്ടുമ്പോലെ ,പൂവിരിയുമ്പോലെ,ഇലയടരുമ്പോലെ സ്വാഭാവികമായി ജീവിച്ചുതീർക്കുന്ന ജീവിതമാണ് ഇന്നത്തെ ദളിത്കവിയുടെ സ്വപ്നം.നിസ്സഹായരെ ചേർത്തുപിടിക്കുവാൻ കവിത ശ്രമിക്കുന്നു.മണ്ണിനോടും മണ്ണിൽ കുരുക്കുന്ന സസ്യവർഗ്ഗങ്ങളോടും അതിലെ ജീവരാശികളോടും സമഭാവനയോടെ പെരുമാറാൻ നമ്മുടെ കവിത മുൻപൊന്നും ഇത്ര ജാഗ്രത കാട്ടിയിട്ടില്ല.പ്രകൃതിബോധത്തിലെ ഈ സമഗ്രത പുതുദളിത് കവിതയുടെ സവിശേഷതയാണ്.
  • നല്ലത്/ചീത്ത എന്ന സങ്കൽപ്പം തകരുന്നു
ആധുനികാനന്തര ദളിത്കവിത മലയാളിയുടെ കാവ്യഭാവുകത്വത്തെ പിളർന്നുകൊണ്ടാണ് അതിന്റെ അസ്തിത്വം ഉറപ്പിച്ചത്.കവിതയെ നല്ലതും ചീത്തയുമാക്കുന്ന സൗന്ദര്യയുക്തിയുടെ കെട്ടിനകത്ത് കുടുങ്ങിക്കിടന്ന മലയാളകവിതയെ മോചിപ്പിച്ചെടുക്കുക എളുപ്പമായിരുന്നില്ല.ലോകസാഹചര്യത്തിൽ കവിതയും കവിതയെ സംബന്ധിച്ച ധാരണകളും മാറിയിട്ടും മളയാളകവിത മാറിയില്ല.കവിതയെക്കാൾ വാശിയോടെ മാറാതെ നിന്നത് കാവ്യനിരൂപണമായിരുന്നു.കവിതയിലെ മാറ്റത്തെ അവർ ചീത്തക്കവിതയായി കണ്ടു.കവിതയുടെ മരണമായി വ്യാഖ്യാനിച്ചു.ഇതിനെതിരെ പൊരുതിക്കൊണ്ടാണ് ഇക്കാലമത്രയും പുതുകവിത ജീവിച്ചത്. ഇത് സൂചിപ്പിക്കുന്നത് പുതുദളിത്കവി മലയാളകാവ്യചരിത്രത്തിൽ ഇരട്ടദൗത്യം നിറവേറ്റിക്കൊണ്ടാണ് മുന്നേറിയത് എന്നാണ്.ഒന്നാമതായി അത് മലയാളകവിതയെ പുതുഭാവുകത്ത്വത്തിലേക്ക് നയിച്ചു.രണ്ടാമതായി അത് ദളിത്കവിതയ്ക്ക് അർത്ഥപൂർണ്ണമായ മാനം നൽകി.        നല്ലത്/ചീത്ത എന്ന ദ്വന്ദം ചരിത്രത്തിലെ നിർദ്ദോഷമായ ഗണപ്പെടുത്തലല്ലെന്നും അതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത് അധീശത്ത്വയുക്തിയാണെന്നും ഭൂരിപക്ഷത്തെ ചരിത്രത്തിന് പുറത്തു നിർത്താനുള്ള ഇഛ്ച അതിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഇന്നത്തെ ദളിത്കവി തിരിച്ചറിയുന്നുണ്ട്.
“ജനാലയിലിരുന്ന് ഒരു പെൺകുട്ടി മുടി ചീകുന്നു
ഈ ഒരു വാക്യം മതി ഒരു കവിതയാകുവൻ”(തൂവാല-ജോസഫ്)
എന്ന് ജോസഫ് എഴുതുന്നു.പുതുദളിത്കവിയുടെ കാവ്യസങ്കല്പം ഈ വരികളിലുണ്ട്.കവിതയെ നല്ലതും ചീത്തയുമാക്കുന്ന ഘടകങ്ങളെക്കുറിച്ചുള്ള നിരൂപണസങ്കല്പങ്ങളോട് അവർ വിയോജിക്കുന്നു.കവിത പൊരുതലും വെളിപ്പെടലും വെളിപ്പെടുത്തലുമാകുമ്പോൾ പറയുന്നത് പ്രധാനമാവുകയും പറയുന്നരീതി മാറുകയും ചെയ്യും.ഇത് പുതുകവിതയുടെ രാഷ്ട്രീയത്തെയാണ് പുറത്തുകൊണ്ടുവരുന്നത്.

  • പുതിയ പ്രതിസന്ധികൾ രൂപപ്പെടുന്നു
ആഗോളവൽകൃത സമൂഹത്തിൽ ജീവിതത്തിന്റെ മാനദണ്ഡങ്ങളും സമൂഹശ്രേണിയിലെ വർഗ്ഗങ്ങളുടെ നിലയും മാറിക്കൊണ്ടിരിക്കുന്നു. വർഗ്ഗ-വർണ്ണ താല്പര്യങ്ങൾ പ്രസക്തമല്ലാത്ത,ശരീരത്തെ തന്നെ അപ്രസക്തമാക്കുന്ന സൈബർജീവിതത്തിലേക്ക് മലയാളിയും കടന്നിരിക്കുന്നു.ഇത്   കേരളത്തിലെ ദളിത്സമൂഹത്തെ ചില പുതിയ പ്രതിസന്ധികളിൽ എത്തിച്ചിട്ടുണ്ട്..ദളിത് സമൂഹത്തിലെ ഒരു ന്യൂനപക്ഷം ഇന്ന് എത്തിച്ചേർന്ന ജീവിതപരിസരം ദളിത് സമൂഹത്തെ ഒറ്റ ഖണ്ഡമായി പരിഗണിക്കാൻ കഴിയാതാക്കിയിട്ടുണ്ട്. പുതുദളിത്കവിത ഇത് തിരിച്ചറിഞ്ഞുതുടങ്ങിയിട്ടുണ്ട്.രേണുകുമാറിന്റെ ‘അൾസിര@’ എന്ന കവിത ഈ പ്രതിസന്ധിയെ സാക്ഷ്യപ്പെടുത്തുന്നു.
“ചില മലയാളികൾ
ഒറ്റയ്ക്ക് അനുഭവിക്കുന്ന ഒരു നശിച്ച ജീവിതമുണ്ട്”(ഗ്രൂപ്പ് ഫോട്ടോ)
എന്നു ജോസഫ് കുറിക്കുമ്പോൾ ദളിത്കവിതയുടെ/കവിയുടെ പുതിയ വെല്ലുവിളി ഓർമ്മിപ്പിക്കുകയാവുമോ?
                               *********************