Wednesday 29 August 2012

പുതിയ ചുവടുകൾ



ഇന്നലെ പറഞ്ഞതുതന്നെ ഇന്നും പറയുകയാണെങ്കിൽ നാം ബുദ്ധിപരമായി മരിച്ചു എന്നാണർഥമെന്ന് എം.എൻ.വിജയൻ ഒരിക്കൽ പറയുകയുണ്ടായി.ബൗദ്ധികമായ കെട്ടിക്കിടപ്പ് ജീർണ്ണതയെ വിളംബരചെയ്യലാണെന്നും അത് ജൈവികമായ യുക്തിയെയും സർഗ്ഗാത്മകതയെയും ഇല്ലായ്മചെയ്യുമെന്നും വിജയന് നല്ല ബോധ്യമുണ്ടായിരുന്നു.പ്രാചീനസംസ്കൃതിയുടെ വന്യതടസ്ഥലിയിൽനിന്ന് നവസംസ്കാരത്തിന്റെ എടുപ്പുകളിലേക്കുള്ള മനുഷ്യന്റെ എഴുന്നേറ്റുനടപ്പിൽ ഇട്ടെറിയലും കൂട്ടിച്ചേർക്കലും തേച്ചുമിനുക്കലും പലകുറി നടന്നിട്ടുണ്ട്.പുതിയ തിരിച്ചറിവുകൾ മനുഷ്യനെ ബൗദ്ധികമായ സത്യസന്ധതയുടെ പൗരനാക്കുന്നു.മാറാത്ത യുക്തി ബീജഗണിതത്തിലെ അക്കങ്ങൾപോലെ വിരസമാണ്.സർഗ്ഗാത്മകമായ യുക്തിയാവട്ടെ  കവിതപോലെ സുന്ദരമാണ്.ചരിത്രവും സാഹിത്യവും രാഷ്ട്രീയവും വാഗ്ദാനംചെയ്യുന്നയുക്തി മാറിമറിയുന്നത് അതിനകത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സർഗ്ഗാത്മകതയുടെ തള്ളിച്ചകൊണ്ടുകൂടിയാണ്.ജീവിതം അതിന്റെ ഘടനയ്ക്കകത്തുതന്നെ സ്വയം പൂർണ്ണമായ സർഗ്ഗാത്മകതയായതുകൊണ്ടാണ് കവിതയും ചരിത്രവും പോലെയുള്ള പിരിച്ചെഴുത്തുകൾ സാധ്യമാകുന്നത്.
മലയാളത്തിലെ പുതുകവിതയെക്കിറിച്ച്  ആലോചിച്ചു തുടങ്ങുമ്പോൾ ഇങ്ങനെയൊരു മുഖവുര ആവശ്യമാണെന്ന് തോന്നുന്നു.പഴകിയ കാവ്യാനുശീലനത്തിന്റെ മുഴക്കോൽകൊണ്ട് പുതുകവിതയെ അളക്കാൻശ്രമിക്കുന്ന കാവ്യവിമർശനം സ്വയം നിറയൊഴിക്കലിന്റെ രഷ്ട്രീയമാണ് നിർവഹിക്കുന്നത്.കവിത സൗന്ദര്യാത്മക നിർമ്മിതിയായിരുന്ന ആധുനികതയിൽനിന്നു പുതുകവിത പുലർത്തുന്ന ദൂരം അതിന്റെ രാഷ്ട്രീയത്തെക്കൂടി ചേർത്തുവായിക്കുമ്പോൾ മാത്രമേ ബോധ്യമാവുകയുള്ളൂ.ഭാഷയുടെ ആടയാഭരണങ്ങൾ അഴിച്ചുവച്ച് പിറന്നപടി നിൽക്കാൻ പുതുകവിത ആഗ്രഹിക്കുന്നു.അലങ്കാരങ്ങൾ കവിതയുടെ ആത്മാവിനെ ആഴത്തിൽ കുഴിച്ച്മൂടുമെന്നും ആനന്ദാന്വേഷണത്തിന്റെ ശീലങ്ങൾ ആവർത്തിക്കുകവഴി കവിത മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം തിരിച്ചറിയപ്പെടാതെപോകുമെന്നും പുതുകവികൾ വിശ്വസിക്കുന്നു.മുൻ കാലകവിത താലോലിച്ചുവന്ന ആനന്ദരാഷ്ട്രീയത്തിന് നേരെയുള്ള കലാപംകൂടിയായി ഇത് വായിച്ചെടുക്കാവുന്നതാണ്.
“ഇന്ന് വാക്കുകൾക്ക് ഒരു പകിട്ടുമില്ല
മുനപോയ ഉളികൊണ്ടു പണിയുന്ന
ആശാരിയാണ് കവി.
ആലയില്ലാത്ത കൊല്ലൻ,
ചുറ്റികയും കരണ്ടിയുമില്ലാത്ത കൽപ്പണിക്കാരൻ
പണി നടന്നേ പറ്റൂ”(ജോസഫ്-വാക്കുകൾ)
ഒരു പകിട്ടുമില്ലാത്ത വാക്കുകൾകൊണ്ട് കവിതകെട്ടുന്ന പുതുകവിയെ മനസ്സിലാക്കാൻ ആ കവിതയുടെ രാഷ്ട്രീയം പഠിക്കേണ്ടിവരും. സാർവദേശീയ സ്വഭാവമുള്ള ആശയങ്ങളെ ശില്പവൈദഗ്ദ്ധ്യത്തോടെ അണിയിച്ചൊരുക്കുന്ന ആധുനിക കാവ്യയുക്തിയെപുതുകവിത നിഷേധിക്കുന്നു. ജീവിതത്തിന്റെ പുറമ്പോക്കിൽ /കവിതയ്ക്ക് പുറത്ത് നിന്നിരുന്ന മനുഷ്യരെ അകത്തേക്ക് കൊണ്ടുവരുവാൻ പുതുകവിത ബോധപൂർവം ശ്രമിക്കുന്നു.എല്ലാ ശിലകളിലും ശില്പമൊളിഞ്ഞിരിപ്പില്ലെന്ന വരേണ്യകാവ്യയുക്തിയെ പ്രതിരോധിക്കുവാനാണ് ഇന്നത്തെ കവിയുടെ തീരുമാനം.കവിതയ്ക്ക് യോജിക്കുന്ന ജീവിതങ്ങളും അതിന് പുറത്തുള്ള ജീവിതങ്ങളും എന്ന വേർതിരിവിനെ എതിർത്തുതോൽപ്പിക്കുകയാണ് ഈ കവിതകൾ.’കാവ്യബിംബം’ എന്ന കവിതയിൽ വീരാൻ കുട്ടി എഴുതുന്നു:
“വിശക്കാത്തവന്റെ മുന്നിലെ അപ്പത്തിനേ
കാവ്യബിംബമാകാൻ കഴിയൂ
അയാൾക്കു മുന്നിൽ
പൂർണ്ണചന്ദ്രനായ് അപ്പം നിലാവു ചൊരിയും
ആലവട്ടമായ് വീശും.
വിശക്കുന്നവൻ
കിട്ടിയപാടേ അതിനെ
തിന്നുകയേയുള്ളൂ”
പുതുകവിതയുടെ മാറിനടപ്പിന്റെ ന്യായീകരണം ഈ കവിതയിലുണ്ട്.അതേസമയം അനുഭവത്തിന്റെ രൂപപ്പെടൽ പുതുകവിതയിൽ എങ്ങനെയാണ് സംഭവിക്കുന്നത് എന്നതിന്റെ സൂചനയുമുണ്ട്.പഴയകവിതയുടെ ഉല്പന്നങ്ങൾ കൊണ്ടുതന്നെ അതിനെ നേരിടുന്ന കെ.ആർ.ടോണി പുതുകവിതയുടെ കാവ്യയുക്തി ഉറപ്പിച്ചുപറയുകയാണ്.കവിതയുടെ മാറിയപരിസരം ബോധ്യപ്പെടാത്തവർ മനസ്സിരുത്തി വായിക്കണമെന്ന് ആഗ്രഹിച്ചുകൊണ്ടാവണം ജോസഫ്’ മലയാളകവിതയ്ക്ക് ഒരു കത്ത് ‘എന്ന കവിതയെഴുതിയത്.പഴയ ശീലങ്ങളിൽനിന്ന് കുതറിയോടാൻ കവിതയും ആഗ്രഹിക്കുന്നുണ്ട്.
“നിന്റെ ആളുകളെ എനിക്കറിയാം
വലിയ കെട്ടിടങ്ങൾപോലെയുള്ളവർ
അവർ നിന്നെ ചതുരങ്ങളിലും വൃത്തങ്ങളിലും
പൂട്ടിയിട്ടു
ഒരു തുളയിലൂടെ നീ പുറംലോകം കണ്ടു.
വീട്ടുപകരണങ്ങളിൽ തട്ടി വീണു
തുണികളും ചിരികളുമെടുത്തണിഞ്ഞ്
അമ്പലത്തിലേക്ക് പോകുംവഴി
നീ കാറിലിരുന്നു എന്നെ നോക്കിയത് മറക്കത്തില്ല.
എല്ലാം മടുത്തു അല്ലേ?

കാടുകാണാനും ഓലപ്പുരയിലുറങ്ങാനും
ചെളിവെള്ളത്തിൽ നടക്കാനും
പെണ്ണിന് കൊതി തോന്നാം
വെയിലത്ത് അവൾ പൊള്ളും
മഴനനഞ്ഞ് പനിപിടിക്കും.

നിനക്ക് വേണ്ടത് സ്വാതന്ത്ര്യമല്ലേ?
ഇവിടെ അതേയുള്ളൂ
ഇഷ്ടമുള്ളത് പറയാം ,ചെയ്യാം
തോട്ടിൽപ്പോയി കുളിക്കാം
പറമ്പിലെത്തുന്ന കരിയിലാം പിടകളോടൊപ്പം
ചിലയ്ക്കാം
തിണ്ണയിൽ തഴപ്പായിട്ടിരിക്കാം”
ചതുരങ്ങളിലും വൃത്തങ്ങളിലും പൂട്ടിയിടപ്പെട്ട കവിതയെ തുറസ്സിലേക്ക് ഇറക്കിക്കൊണ്ടു വരേണ്ടത് പുതുകവിതയുടെ ബാധ്യതയാണെന്ന് ജോസഫ് കരുതുന്നു.ഒരേസമയം സ്ത്രീയേയും കവിതയേയും തടവിലാക്കിയ വരേണ്യബോധഘടനയെ ചോദ്യംചെയ്യുന്നു ഈ കവിത.തുണികളും ചിരികളും എടുത്തണിഞ്ഞ് പ്രത്യക്ഷപ്പെട്ട കവിതയെ/സ്ത്രീയെ സ്വത്ത്വം മറയ്ക്കപ്പെട്ട നിലയിലേ നാം കാണുന്നുണ്ടായിരുന്നുള്ളൂ.പുതുകവിതയിൽ ഈ അവസ്ഥയ്ക്ക് മാറ്റംവരുന്നു.അരികുകളിൽനിന്ന് കയറിവരുന്ന ജീവിതങ്ങൾ ഇന്നത്തെ കവിതയിലെ യാഥാർഥ്യമാണ്.അതിന്റെ രാഷ്ട്രീയം വേറെയാണ്.അതിന്റെ സൗന്ദര്യസങ്കല്പങ്ങൾ വ്യത്യസ്തമാണ്.മലയാളകവിതയിലെ പുതിയചുവടുകളാണ് അത്.




No comments:

Post a Comment