Wednesday 29 August 2012

മലയാളിയുടെ ഭാഷാസ്നേഹം


മലയാളിയുടെ ഭാഷാസ്നേഹം വിചിത്രമാണ്. നമ്മുടെ പൊതുബോധത്തിൽ അടിഞ്ഞുകിടക്കുന്ന എല്ലാത്തരം മാലിന്യങ്ങളും ഭാഷാസ്നേഹത്തിലും കാണാൻ വിഷമമില്ല.ദേശീയതയ്ക്കകത്ത് ഉപദേശീയതയുടെ സ്വത്വം തിരഞ്ഞുചെന്ന നാം മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെപ്പോലെ മാതൃഭാഷയുടെ കരുത്തിൽ പ്രതീക്ഷവച്ചു. സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ ദേശസ്നേഹവും ഭാഷാസ്നേഹവും ഒരേ അനുഭവത്തിന്റെ ദ്വന്ദപ്രത്യക്ഷമായി നമ്മൾ പരിഗണിച്ചിരുന്നു.വിവിധ മതങ്ങളും ജാതിയും ജാതിക്കുള്ളിൽ ജാതിയുമായി ഭിന്നിച്ചുനിന്ന ജനതയെ ഒന്നിപ്പിക്കുവാൻ ഭാഷയെന്ന പിടിവള്ളി ഉദകി.മലയാളിയെ ഒന്നിച്ചുനിർത്താൻ അന്നും ഇന്നും നമുക്ക് മറ്റുപാധികൾ ഇല്ലല്ലോ!പുറംശക്തികളിൽനിന്ന് ഭീഷണിയുണ്ടാകുമ്പോൾ മാത്രം രൂപപ്പെടുന്ന ദേശീയതയ്ക്ക് ഇത്തരം വികാരത്തെ രൂപപ്പെടുത്തി ജനതയെ ഏകശക്തിയായി നിർത്താൻ കഴിയുമായിരുന്നില്ല;പ്രത്യേകിച്ച് സ്വാതന്ത്ര്യാനന്തര ഘട്ടത്തിൽ.മാർക്സിയൻ പ്രത്യയശാസ്ത്രത്തിന്റെ വർഗ്ഗവീക്ഷണം ഏകീകരണശക്തിക്ക് തടസ്സവുമായിരുന്നു.ഈ പശ്ചാതലത്തിലാണ് ഭാഷ പ്രധാനമാകുന്നത്.മലയാള ഭാഷയേയും കേരളസംസ്കാരത്തേയും പൊതുവികാരമായി അവതരിപ്പിക്കുന്ന കവിതകൾ എഴുതപ്പെടുന്നതിന്റെ സവിശേഷസന്ദർഭം ഇതാണ്. ഇതിന്റെ ശ്രദ്ധേയമായ ആദ്യമാതൃക വള്ളത്തോൾ കവിതകളിൽ കാണാം.വള്ളത്തോളിന്റെ’എന്റെ ഭാഷ’എന്ന കവിത അതിന്റെ രചനാധർമ്മം ഭംഗിയായി നിറവേറ്റുകയും ചെയ്തു..ആ കവിതയ്ക്ക് മലയാളത്തിൽ പിന്നെയും തുടർച്ചകളുണ്ടായി.ദേശസംസ്കൃതിക്കുമേൽ അധീശസംസ്കാരം ചിറകുനീർത്തി നിന്നപ്പോൾ ഒഴിയാനിടമില്ലാതെ ചൂളിപ്പോയ ജനത ഭാഷയെന്ന ആയുധം സമർത്ഥമയി പ്രയോഗിക്കുകയും ഭാഷകൊണ്ട് ഒരു സമൂഹത്തെ കൂട്ടിക്കെട്ടുകയും ചെയ്ത് പ്രധിരോധം തീർത്തു.സ്വാതന്ത്ര്യാനന്തരം കഥ മാറി.മറ്റെല്ലാം ചടങ്ങായതുപോലെ നമ്മുടെ ഭാഷാസ്നേഹവും ചടങ്ങ് പരിപാടിയായി അധപ്പതിച്ചു.
 മലയാളിയുടെ ഭാഷാസ്നേഹത്തിൽ യുക്തിയുടെ വെളിച്ചം തീരെയില്ലാത്തതാണ് അതിന്റെഏറ്റവും വലിയ ദുരന്തം.ബ്രിട്ടീഷ് അധിനിവേശത്തെ ചെറുത്തു തോൽപ്പിക്കാൻ കോപ്പുകൂട്ടിയ നമുക്ക് അവന്റെ ഭാഷയോടു തോന്നിയ വെറുപ്പ് സ്വാഭാവികമായിരുന്നു.എന്നാലിത് മലയാളിയുടെ എഴുത്തിൽ തെറ്റായ ശീലത്തിനു തുടക്കം കുറിച്ചു.മലയാളി ഇംഗ്ലീഷ് ഭാഷയുടെ ശത്രുവാണെന്ന ബോധം ഇത് വളർത്തിക്കൊണ്ടുവന്നു.ചരിത്രം മറ്റൊരുവഴിക്ക് വികസിച്ചുകൊണ്ടിരുന്നപ്പോഴും എഴുത്തിന്റെ ശീലം മാറിയില്ല.മലയാളിയുടെ സ്വത്വത്തെ തിരിച്ചറിയാനും കേരളത്തിന്റെ വികാസചരിത്രം പരിഗണിക്കാനും നാം ബോധപൂർവം മറന്നു.നൂറ്റാണ്ടുകളുടെ അധിനിവേശത്തിന്റെയും സ്വാംശീകരണത്തിന്റെയും ചരിത്രമുള്ള കേരളത്തെ ഇന്ത്യയിലെ ഇതര ഉപദേശീയതകളുമായി താരതമ്യം ചെയ്യുന്നതിലെ യുക്തിരാഹിത്യം തിരിച്ചറിയാതെപോയി.രക്തത്തിലും അസ്ഥിയിലും മാംസത്തിലും കൂട്ടുമുന്നണിയായിരിക്കുന്ന ഒരു ജനസമൂഹത്തിന് മാതൃഭാഷയുടെ ബലത്തിൽ പുലർന്നുപോകാൻ കഴിയും എന്നുവിചാരിക്കുന്നത് ബുദ്ധിയല്ല.ഭാഷ നമ്മുടെ വികാരമാണ്;ആയിരിക്കുകയും വേണം.പക്ഷേ വൈകാരികമായതിനെല്ലാമുള്ള പരിമിതി ഭഷയ്ക്കും ബാധകമാണ്.ഇത് തിരിച്ചറിയാത്തത് വലിയ പരിമിതിയാണ്. നമ്മുടെ ഭാഷാബോധം ഇടുങ്ങിയതാണ്.അതിന് തുറസ്സുകളില്ല.കെട്ടിക്കിടപ്പാണ് അതിന്റെ യാഥാർത്ഥ്യം.അത് ചരിത്രത്തിൽനിന്ന് പിന്നോട്ടുനടക്കാൻ ആഹ്വാനം ചെയ്യുന്നു
മലയാളിയുടെ ഭാഷാസ്നേഹം എഴുത്തിലെങ്ങനെ പ്രതിഫലിച്ചു എന്ന അന്വേഷണം അർത്ഥവത്താണ്. സ്വാതന്ത്ര്യസമരഘട്ടത്തിലും സ്വാതന്ത്ര്യാനന്തരഘട്ടത്തിലും ഭാഷയുടെ മാഹാത്മ്യം പാടിയ കവിതകൾ ഉണ്ടായിട്ടുണ്ട്. പിന്നീട് പ്രസ്ഥാനങ്ങൾ മാറിവന്നപ്പോഴും കവികളുടെ മുഖ്യവിഷയങ്ങളിലൊന്നായി ഭാഷ നിലനിന്നു പോന്നു.തനതു സംസ്കാരത്തിനുവേണ്ടി പൊരുതുന്ന കവിതയുടെ ധർമ്മം അതിനകത്തു പ്രവർത്തിച്ചിരുന്നു എന്നത് വാസ്തവമായിരുന്നു.അമേരിക്കയിലുംഫിലാദൽഫിയയിലും പോയി ഒച്ച ഉറപ്പിച്ചുവന്ന മലയാളിക്ക്(കെ.ജി.എസിന്റെ കവിത)നാട്ടിൽ കിട്ടിയ സ്വീകരണം വിമർശിക്കപ്പെട്ടു.ഇംഗ്ലീഷിനെ പ്രതിസ്ഥാനത്തു നിർത്തി നാം നടത്തിയ ഭാഷാവിചാരങ്ങൾ വഴിതെറ്റിയ സഞ്ചാരങ്ങളായിരുന്നു.ഒരു പ്രതിയോഗിയെ മുന്നിൽ കണ്ടുകൊണ്ടല്ലാതെ ഭാഷയെക്കുറിച്ച് സംസാരിക്കാൻ മലയാളിക്ക് അറിയില്ലെന്ന അവസ്ഥ സംജാതമായിരിക്കുന്നു.കേരളത്തിലെ സാംസ്കാരിക മണ്ഡലത്തിൽ ഒരു ബലിയാടിന്റെ പരിവേഷമാണ് മലയാള ഭാഷയ്ക്കുള്ളത്.നൂറ്റൊന്നാവർത്തിച്ച് ചെടിച്ചുപോയ ഈ ഭാഷാവിചാരത്തിൽനിന്ന് മലയാളി വളരേണ്ടിയിരിക്കുന്നു.
.1958-ൽ പി.കുഞ്ഞിരാമൻ നായരെഴുതിയ ‘മെക്കാളെയുടെ മകൾ’ എന്ന കവിത ഇന്നു വായിക്കുന്നത് കൗതുകകരമാണ്.കേരളസമൂഹം അരനൂറ്റാണ്ടിനകം ഒരു മലയാള കവിതയെ തിരസ്കരിച്ചുകൊണ്ട് മുന്നോട്ടുപോയതിന്റെ ചരിത്രം അതിലുണ്ട്.ഭാഷ അതായിമാത്രം നിലനിൽക്കുന്നില്ലെന്നും ഒരു സംസ്കാരത്തെ വിനിമയംചെയ്യാൻ ശ്രമിക്കുന്നുണ്ടെന്നും കഞ്ഞിരാമൻ നായർക്ക് നല്ല ബോധ്യമുണ്ടായിരുന്നു.ഇംഗ്ലീഷ് ഭാഷയോടും പാശ്ചാത്യ സംസ്കാരത്തോടും കടുത്ത വൈരമുണ്ടായിരുന്ന പി.കുഞ്ഞിരാമൻ നായർക്ക് അനായാസം എഴുതാൻ കഴിയുന്ന കവിതയായിരുന്നു’മെക്കാളെയുടെ മകൾ’. ഇംഗ്ലീഷ് ഭാഷയുടെയും  പാശ്ചാത്യ സംസ്കാരത്തിന്റെയും പ്രേരണകൾക്ക് വിധേയനായ ഒരു മലയാളി ഗൃഹനാഥന്റെ ആത്മാലാപമെന്ന നിലയിലാണ് ഈ കവിത രചിക്കപ്പെട്ടിരിക്കുന്നത്.
“പെറ്റമണ്ണിനെപ്പാടെ മറക്കാൻ ഗതികെട്ടൊ-
രുറ്റഭാഷയെത്താനേ വെറുക്കാൻ”
പരിശീലിക്കുന്ന മലയാളിയാണ് അയാൾ.അയാളിൽ കവികാണുന്ന കുഴപ്പങ്ങൾ എന്തെല്ലാമാണ്?തന്റെ നാടിന്റെ ഉദയം പടിഞ്ഞാറുനിന്നാണ് എന്നയാൾ കരുതുന്നു.
“പാഴ്മരങ്ങളാൽത്താടി വളർത്തും പഴഞ്ചനീ
വീടുവിറ്റൊരു പുത്തൻ ബംഗ്ലാവു”
തീർക്കാം എന്നയാൾ വിചാരിക്കുന്നു.അമ്പലം പൊളിച്ച് കമ്പനി പണിയാൻ അയാൾക്ക് പ്ലാനുണ്ട്.താമരക്കുളം തൂർത്തുകളയാനും മുറ്റത്തെ തുളസിത്തറയെ പട്ടിണിക്കിടാനും അയാൾ ആഗ്രഹിക്കുന്നു.മുള്ളുവേലികൾ പൊളിച്ചുകളഞ്ഞ് കൂറ്റൻ കന്മതിൽ പണിയാനാണ് അയാൾക്ക് താല്പര്യം.ഒട്ടുമാവുകൾ മാത്രം നിലനിർത്തിക്കൊണ്ട് മറ്റു മാവികളും പ്ലാവുകളും അയാൾ വെട്ടിക്കളയും.
“കയ്ക്കുന്നു പഴഞ്ചനിസ്സംസ്കാര,മെൻ കണ്മുന്നിൽ
നിൽക്കരുതിളിക്കുന്ന നാട്ടുപൂച്ചെടി വർഗ്ഗം”
ഇതാണ് അയാളുടെ മനോഭാവം.ശീമച്ചെടികളുടെ മാതൃകോദ്യാനം തീർക്കുന്ന തിരക്കിലാണയാൾ.നാട്ടുപശുക്കളെ പോറ്റാൻ അയാൾക്ക് താല്പര്യമില്ല.യന്ത്രപ്പശുവിന്റെ പൊടിപ്പാലാണ്` അയാൾക്ക് പഥ്യം.അന്തിക്ക് തെണ്ടിത്തിരിഞ്ഞുവരുന്ന നക്ഷത്രങ്ങളെ വിദ്യുത് ദീപങ്ങൾകൊണ്ട് അയാൾ പ്രധിരോധിക്കുന്നു.അന്തിക്കാറ്റിനെ പങ്കായം കൊണ്ട് പുറത്താക്കുന്നവനാണ് അവൻ.തരിശ്ശായിക്കിടക്കുന്ന ആകാശത്ത് എന്തെല്ലാമോ പദ്ധതികൾ അവൻ ആസൂത്രണം ചെയ്യുന്നുണ്ട്.റേഡിയോ സഖാവിന്റെ പാട്ടിന് കാതോർക്കുന്നവനാണ് അവൻ.കുയിൽപ്പാട്ട് നിലയ്ക്കും.പൂംകോഴിയുടെ കവിതാലാപനവും അസ്തമിക്കാൻ പോകുന്നു.
മെക്കാളെയെ നാടുകടത്തിയെങ്കിലും അയാളുടെ മകളെ നാം ഉപേക്ഷിച്ചില്ല.കവിയുടെ രോഷത്തിനു കാരണം ഇതാണ്.ഈ കവിതയിലെ ദേശീയവികാരത്തെ മാത്രം പുറത്തെടുത്താൽ ഏതൊരു മലയാളിക്കും അഭിമാനപുളകിതനാകാൻ വേണ്ട വകകൾ അതിലുണ്ട്.അതിലപ്പുറം യുക്തിരഹിതമായ കല്പനകൾകൊണ്ട് കെട്ടിപ്പൊക്കിയ യാഥാസ്ഥിതിക നിർമ്മിതിയാണ് ആ കവിത.മച്ചിലെ കെടാദീപം കെട്ടുപോകുമെന്നുള്ള ഉൽക്കണ്ഠ ആ കവിതയുടെ വിധിതന്നെ നിർണയിക്കുന്നു.സംസ്കാരത്തിന്റെ അടഞ്ഞ ഘടനയ്ക്കത്തു നിന്നുകൊണ്ട് എഴുതിയ ഈ കവിതയ്ക്ക് ചരിത്രം വലിയ തിരിച്ചടിയാണ് നൽകിയത്.ആധുനികവൽകരണവും വ്യവസായവൽകരണവും കേരളത്തിന്റെ മുഖഛായതന്നെ മാറ്റിക്കളഞ്ഞു.അമ്പലം പൊളിച്ച് കമ്പനി പണിയുന്നത് കൊടും പാതകമായി അന്നു കരുതിയിരുന്നു.ഇന്ന് അമ്പലങ്ങൾക്കുള്ളത്ര പ്രാധാന്യം ഫാക്ടറികൾക്കും ഉണ്ടെന്ന തിരിച്ചറിവ് പ്രധാനമാകുന്നു.വൈദ്യുതിയും പങ്കയും നിത്യജീവിതയാഥാർഥ്യമായിരിക്കുന്നു.തരിശ്ശായ ആകാശത്ത് ആധുനികസാങ്കേതികവിദ്യ പുതിയ സ്വപ്നങ്ങൾ വിതച്ച് ഫലം കൊയ്തുകൂട്ടുന്നു.കാർഷികരംഗത്ത് നിരന്തരം നടത്തിയ ഗവേഷണങ്ങൾ സസ്യജാതികളെ അത്യുല്പാദനശേഷിയുള്ളതാക്കി മാറ്റി.ഒട്ടുമാവുകൾ മാത്രമല്ല ഒട്ടുമിക്ക വൃക്ഷങ്ങളും ഒട്ടുവിദ്യയിലൂടെ രൂപപ്പെടുത്തിയെടുത്തു.മാധ്യമരംഗം റേഡിയോയെയും കടന്ന് ടി.വി.യിലും നവമാധ്യമങ്ങളിലും എത്തിനിൽക്കുന്നു.പൂങ്കോഴിയുടെ കളകൂജനം കേട്ട് ഉറക്കമുണരുന്ന മലയാളി ഇന്നില്ല.
“പോറ്റുകില്ലിനിമേലിലീ നാട്ടുപശുക്കളെ;-
ത്തൃപ്തനാണു ഞാൻ യന്ത്രപ്പശുവിൻ പൊടിപ്പാലാൽ”
എന്നു മലയാളി തലകുലുക്കി സമ്മതിച്ചുകഴിഞ്ഞു..ശീമമദ്യം നമ്മുടെ വരുമാനസ്രോതസ്സിന്റെ മുഖ്യ ഇനമാകുന്ന കാഴ്ച്ചയാണ് കണ്മുന്നിലുള്ളത്.ആംഗ്ലേയഭരണം അവസാനിച്ചെങ്കിലും നമ്മുടെ ഭരണഘടനയുടെയും നീതിന്യായവ്യവസ്ഥയുടെയും പാർലമെന്ററി ജനാധിപത്യത്തിന്റെയും ആണിക്കല്ല് പടിഞ്ഞാറൻ തന്നെ.ഈ യാഥാർത്ഥ്യങ്ങളെ മുഴുവൻ കുഴിച്ചുമൂടിയിട്ട് തറവാട്ടുമഹിമ പുലമ്പാൻ പ്രേരിപ്പിക്കുന്ന സാഹിത്യം യാഥാർത്ഥ്യബോധമില്ലാത്തതാണ്.സാഹിത്യത്തിന് അങ്ങനെയൊരു കുഴപ്പമുണ്ട്.അതുകൊണ്ടാവാം തന്റെ ആദർശ സാമ്രാജ്യത്തിൽനിന്ന് പ്ലേറ്റോ കലാകാരന്മാരെ പുറത്താക്കിയത്.ചിലപ്പോഴെങ്കിലും നമുക്ക് പ്ലേറ്റോയിലേക്ക് മടങ്ങേണ്ടിവരും.

1 comment:

  1. ഒരു ഗൃഹനാഥൻ്റെ ആത്മവിചാരമായിട്ടാണ് കവിത രചിച്ചതെന്ന് താങ്കൾ എഴുതിക്കണ്ടു. ഇതിൽ, "ഭവനത്തിൻ ഭരണത്തലവൻ ഞാൻ " എന്നു കവി പറയുന്നുണ്ടല്ലോ. ഇതെങ്ങനെയാണ് യോജിക്കുന്നത്? Ph-9496293531

    ReplyDelete