Wednesday 29 August 2012

ദളിത് സ്വത്വാവിഷ്ക്കാരം ആധുനികാനന്തര മലയാള കവിതയിൽ



ചരിത്രം കറുപ്പിൽ എഴുതിയ മനുഷ്യവംശത്തെ കവിത എങ്ങനെയാണ് അടയാളപ്പെടുത്തിയത് എന്ന അന്വേഷണം ആധുനികാനന്തര മലയാള കവിതയെ സംബന്ധിച്ചിടത്തോളം ഏറെ പ്രസക്തിയുള്ള വിഷയമാണ്.കവ്യാനുശീലനത്തിന്റെയും കാവ്യസിദ്ധാന്തങ്ങളുടെയും അടഞ്ഞ ഘടന പൊളിയുന്ന സാംസ്ക്കാരിക പശ്ചാത്തലത്തിൽ നിന്നുകൊണ്ട് ഈ വിഷയം പരിശോധിക്കുന്നത് നന്നായിരിക്കുമെന്നു തോന്നുന്നു. മത്രമല്ല ജനാധിപത്യം വാഗ്ധാനം ചെയ്യുന്ന ധാർമ്മികബാധ്യതകൂടിയാണ് അത്.

നവോത്ഥാനപ്രവർത്തനങ്ങൾ രൂപപ്പെടുത്തിയ പൊതുബോധത്തിന്റെ സാംസ്ക്കാരികഭൂമികയിലാണ് കേരളത്തിന്റെ കീഴാളജീവിത പരിസരം ചർച്ചചെയ്യപ്പെട്ടുതുടങ്ങുന്നത്.കുമാരനാശാൻ എഴുതിയ ‘വിലക്ഷണ’കാവ്യമായ’ദുരവസ്ഥ’ മലയാളിയുടെ കാവ്യഭാവനയിലും വിചാരലോകത്തിലും ഒരു പിളർപ്പ് സൃഷ്ടിച്ചിരുന്നു.പണ്ഡിറ്റ് കെ.പി.കറുപ്പനും സഹോദരൻ അയ്യപ്പനും തുടങ്ങിവച്ച കാവ്യപരിശ്രമങ്ങളുടെ സഫലമായ വളർച്ച ആശാനിൽ കാണാം.അതിന്റെ തുടർച്ച മലയാള കവിതയിൽ പിന്നീട് സജീവമാകുന്നു.
ആധുനികാനന്തര മലയളകവിതയ്ക്ക് ഈ അഖ്യാനസ്വരൂപത്തെ പിൻപറ്റാതെ മുന്നോട്ട് പോകാൻ കഴിയുമായിരുന്നില്ല.അതുകൊണ്ടുതന്നെ എസ്.ജോസഫും എം.ബി.മനോജും എം.ആർ.രേണുകുമാറും ഉൾപ്പെടുന്ന പുതുതലമുറക്കവികൾ മുൻ തലമുറ കേൾപ്പിച്ച ശബ്ദം പിൻപറ്റി കേരളത്തിലെ ദളിത് ജീവിതത്തെ ആവിഷ്ക്കരിക്കുവാനാണ് ശ്രമിച്ചത്.എന്നാൽ പുതുകവികളിൽ കവിതയുടെ സ്വരം മുൻപ് കേട്ടിട്ടില്ലാത്തവിധം വേറിട്ടുനിന്നു.ആഹ്വാനങ്ങളിൽനിന്നും പ്രതിഷേധങ്ങളിൽനിന്നും നിലവിളികളിൽനിന്നും വിട്ടുപോന്ന പുതുദളിത്കവിത തനതായ ആശയലോകവും ആഖ്യാനസന്ദർഭവും കണ്ടെത്തുകയായിരുന്നു. ചരിത്രം ആരുടെയൊക്കയോ ഇഛയാണെന്നും പൂർവനിശ്ചിതമായ അജണ്ടയാണെന്നും, ആ തിരിച്ചറിവ് കവിതയുടെ ബാധ്യതയാണെന്നും പുതുകവികൾ വിശ്വസിച്ചു.ഇത് ഒരേ സമയം മലയാള കവിതയെയും ദളിത് കവിതയെയും പൊളിച്ചെഴുതുന്നതിനുള്ള അവസരമാണ് തുറന്നിട്ടത്.ജീവിതത്തെ സംബന്ധിച്ചും കവിതയെ സംബന്ധിച്ചും പുതിയ ബോധ്യങ്ങളിൽ കവികൾ എത്തിച്ചേർന്ന സന്ദർഭം കൂടിയാണിത്.

“എഴുതപ്പെട്ട ചരിത്രത്തിനകത്തായിരുന്നു
ഞങ്ങൾ
എഴുതപ്പെടാത്ത ചരിത്രമെഴുതാനായി
തീരുമാനമെടുത്തു”
എന്ന് എം.ബി.മനോജ് എഴുതുമ്പോൾ കീഴാളന്റെ ചരിത്രബാധ്യത അംഗീകരിക്കുകയോ അവകാശപ്പെടുകയോ ചെയ്യുകയാണ്.എഴുതപ്പെടാത്ത ചരിത്രത്തിനകത്ത് അടയാളപ്പെടാതെപോയ ദളിത്ജീവിതത്തെ തിരഞ്ഞുചെല്ലുകയാണ് ഇന്നത്തെ ദളിത്കവിത.
തിരിച്ചറിവിന്റെ സൂക്ഷ്മശ്രുതികൾ
പൂർവികരായ ദളിത്കവികൾ എത്തിനിൽക്കുന്ന ആശയപരിസരം തന്നെ ആധുനികാനന്തര ദളിത്കവിക്കും ബാധകമാണ്.ദളിതനെ മൃഗതുല്യമായി കണ്ടിരുന്ന ഫ്യൂഡൽകാലഘട്ടത്തിൽ നിന്ന് സമൂഹം വളരെദൂരം മുന്നോട്ടുപോയിരിക്കുന്നു.കോളനിയനന്തര ഭാരതത്തിൽ സംഭവിച്ച നവോത്ഥാനപ്രവർത്തനങ്ങളും നിയമനിർമ്മാണത്തിലെ ജാഗ്രതകളും ദളിതന്റെ ജീവിതത്തെ മുൻ നിരയിലേക്ക് കൊണ്ടുവരേണ്ടതാണ്.എന്നാൽ മറിച്ചാണ് സംഭവിച്ചത്.ഇന്ത്യൻ സാഹചര്യത്തിൽ ദളിതന്റെ നില എന്താണെന്ന് അന്വേഷിക്കുന്ന    ’സർവേ ഓഫ് ഇന്ത്യ’ എന്ന കവിതയിൽ എം.ബി.മനോജ് എഴുതുന്നു:

“ഒരു ഗോവിനോ
ഒരു ചണ്ഡാളനോ കൂടുതൽ തൂക്കം
പേടിക്കേണ്ട
ഒരു ചത്ത ഗോവിന്
ജീവനുള്ള
അഞ്ച് ചണ്ഡാളന്റെ തൂക്കം
ജീവനുള്ള ഒരു ഗോവിന്
ഇരുപത്തഞ്ച്കോടി ചണ്ഡാളന്മാരുടെ തൂക്കം”
ഇന്ത്യൻസാഹചര്യത്തിൽ ദളിതർ നേരിടുന്ന ദുരന്തത്തിന്റെ നേർചിത്രമണിത്. മലയാളത്തിലെ ദളിത്കവിത ഈ അവസ്ഥയും പങ്കുവയ്ക്കാൻ ശ്രമിക്കുന്നുണ്ട്.

ജീവിക്കുമ്പോൾ മരിക്കുകയും മരിക്കുമ്പോൾ ജീവിക്കുകയും ചെയ്യുന്ന ജീവിതമാണ് ദളിതൻ ജീവിച്ചുതീർക്കുന്നതെന്ന് പുതുദളിത്കവി കരുതുന്നു.മനോജിന്റെ ‘ചാവ്’എന്ന കവിത ഇത് സാക്ഷ്യപ്പെടുത്തുന്നു.

“കരിന്തുണിയാൽ മൂടിയ നമ്മളെ
ഇനി കളിയാക്കുന്നതാര്
ജാതിക്കുശുമ്പ് കാട്ടാൻ”(ചാവ്-മനോജ്)

എന്ന പരിഹാസം കഠിനമായ വിമർശനമാണ്.
കീഴാളന്റെ കൂട്ടായ്മയെ വരേണ്യപ്രത്യയശസ്ത്രം ബുദ്ധിപരമായി എങ്ങനെ നേരിട്ടു എന്നത് ദ്ളിത് വായനയുടെ അടിസ്ഥാനപ്രമേയങ്ങളിലൊന്നാണ്.ചാതുർവർണ്യവും അതിന്റെ തുടർച്ചയായ ജാതിവ്യവസ്ഥയും ജാതിക്കുള്ളിലെ ജാതിയും ദളിതന്റെ കൂട്ടായമയെ ഇല്ലാതാക്കി.ജനാധിപത്യസാമൂഹികവ്യവസ്ഥിയിൽ വരേണ്യപ്രത്യയശസ്ത്രവർഗ്ഗം പുതിയ തന്ത്രങ്ങൾ സ്വീകരിക്കുകയാണ്.മനോജിന്റെ ‘നസ്യം’ എന്ന കവിതയിലെ കേന്ദ്രാശയം ഇതാണ്.

“ഞങ്ങളും ഞങ്ങളെന്നു പറഞ്ഞുതുടങ്ങിയപ്പോൾ
നിങ്ങൾ
നമ്മളെന്നു തുടങ്ങി.
ഞങ്ങൾ നമ്മളെന്നു തിരുത്തി
മുഴുവൻ മനുഷ്യരുമെന്ന് നിങ്ങൾ”
കീഴാളസ്വത്ത്വരൂപീകരണത്തെ പ്രതിരോധിക്കുന്ന ശക്തികളെ നേരിടലും പുതുകവിതയുടെ ലക്ഷ്യമാണെന്ന് ഇത് വ്യക്തമാക്കുന്നു.
അനുഭവതലം മാറുന്നു
അനുഭവത്തിന്റെ സാമാന്യവൽകരണമായിരുന്നു ആധിനിക ഘട്ടംവരെയുള്ള ദളിത് കവിതയുടെ പൊതുസ്വരം.പരന്ന കാലത്തിലും സ്ഥലത്തിലും അനുഭവതലത്തിലും ആഖ്യാനം ചെയ്യപ്പെട്ട ദളിത് കവിത വായാടിത്തംകൊണ്ട് സമ്പന്നമായിരുന്നു.ദളിത് സ്വത്വത്തെ സൂക്ഷ്മതലത്തിൽ ആവിഷ്കരിക്കുവാൻ ആ കവിതകൾക്ക് കഴിഞ്ഞില്ല. ആധുനികാനന്തര ദളിത് കവിതയുടെ രീതി അതല്ല.കാലത്തെയും സ്ഥലത്തെയും പുതുകവിത ചുരുക്കിയെടുത്തു.വ്യക്തിപരമായ അനുഭവത്തിലൂടെയാണ് ആധുനികാനന്തര ദളിത് കവിത പൊതുജീവിതത്തെ അവതരിപ്പിക്കാൻ ശ്രമിക്കുന്നത്.അത് ചരിത്രപരമായ ബാധ്യതയുള്ള സ്വകാര്യതയാണ്.പ്രത്യയശാസ്ത്രത്തിന്റെ സുരക്ഷിത റയിലുകളിൽ നിന്ന് ഉൾനാടുകളിലേക്ക് ഊടുവഴികൾ വെട്ടിയാണ് ഈ കവികൾ മുന്നേറിയത്.അതിന് കൃത്യമായ രാഷ്ട്രീയമുണ്ടായിരുന്നു.ആധുനികതയുടെ കാലത്ത് പരന്നൊഴുകിപ്പോയ ദളിത് സ്വത്വത്തെ പിടിച്ചുനിർത്തുവാനും , ദളിത്കർത്തൃത്ത്വത്തെ യാഥാർഥ്യബോധത്തോടെ രൂപപ്പെടുത്തുവാനും പുതുകവികൾക്ക് കഴിഞ്ഞു. പുതുദളിത്കവികളുടെ കവിതകൾ ഇതിന് തെളിവാണ്.പൊതുസമൂഹത്തിന് അവകാശപ്പെട്ടതെല്ലാം ദളിതന് മാത്രമായി നിഷേധിക്കപ്പെടുന്ന സമൂഹഘടന പുന:പരിശോധനയ്ക്ക് വിധേയമാകേണ്ടതുണ്ട്.അത് ആരംഭിക്കേണ്ടത് ദളിതൻ തന്റെ സ്വത്വത്തെ സൂക്ഷ്മതലത്തിൽ പരിശോധിച്ചുകൊണ്ടാവണം.ഈ തിരിച്ചറിവ് പുതുകവിയുടെ ബാദ്ധ്യതയായിരുന്നു.

 “മുമ്പൊക്കെ ഞങ്ങൾക്കൊന്നും കിണറില്ലായിരുന്നു
വെള്ളമെടുക്കാൻ കുൻശന്മാരുടെ വീടുകളിൽ പോണമായിരുന്നു
അവർ മുറ്റത്തുനിന്ന് തൊട്ടിയിൽ വെള്ളം കോരും
ഞ്ങ്ങൾക്ക് താഴെനിന്ന് കവുങ്ങും പാളയിൽ കോരാം
അല്ലെങ്കിൽ പാടങ്ങൾക്ക് നടുവിലെ ഓലികളുണ്ട്”
ജോസഫിന്റെ ‘വെള്ളം’ എന്ന കവിത ഇങ്ങനെ ആരംഭിക്കുന്നു.തികഞ്ഞ വ്യക്തിപരതയാണ് ഈ കവിതയെ അനുഭവതലത്തിൽ നിലനിർത്തുന്നത്. ചുറ്റുമുള്ള പ്രകൃതിയും ജന്തുജാലവും  മനുഷ്യരും ഈ അനുഭവത്തെ സജീവമാക്കി നിർത്തുന്നു.കെട്ടഴിച്ചു വിടലല്ല,കെട്ടിനിർത്തലാണ് അതിന്റെ രീതി.വ്യക്ത്യനുഭവത്തിലൂടെ പൊതുബോധത്തിലേക്ക് കടക്കുന്ന ഈ രീതി പുതുദളിത്കവിതയുടെ അനുഭവാവിഷ്ക്കാരത്തിന് തെളിവാണ്.രേണുകുമാറിന്റെ കവിതകൾ ഈ സ്വകാര്യതയെ കുറേക്കൂടി തീവ്രമാക്കുന്നുണ്ട്.’പച്ചക്കുപ്പി’ എന്ന സമാഹാരത്തിന്റെ അനുബന്ധഭാഷണത്തിൽ രേണുകുമാർ ഇങ്ങനെ അഭിപ്രായപ്പെടുന്നു:”പൊതുവും അടിസ്ഥാനപരവുമായ പ്രശ്നങ്ങളിൽ നിന്നു അടർന്നുമാറി കുറച്ചുകൂടി സൂക്ഷ്മവും സങ്കീർണ്ണവും വ്യക്തിപരവുമായ പ്രശ്നങ്ങളെ കവിതയിലേക്ക് കൊണ്ടുവരണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്.അരക്ഷിതവും വിഭവദരിദ്രവുമായ ഒരു ലോകത്തെ എഴുതുമ്പോൾ സ്വാഭാവികമായും കടുത്ത ജീവിതയാഥാർത്ഥ്യങ്ങൾക്ക് പ്രാമുഖ്യം വന്നുപോകും.എന്നാൽ ഇത്തരം യാഥാർത്ഥ്യങ്ങൾക്കിടയിലും ലോലവും തരളവുമായ ജീവിതകാമനകൾ ഇല്ലാതാകുന്നിൽല..............കഠിനവും പരന്നതുമായ അനുഭവലോകത്തിനപ്പുറം പൊതുവേ മൃദുലമെന്നു വിശേഷിപ്പിക്കുന്ന ഒരുപാട് ലോകങ്ങളെ എനിക്ക് കവിതയിലേക്ക് എടുത്തുവയ്ക്കണമെന്നുണ്ട്.അപ്പോഴൊന്നും എന്റെ സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ കാഴ്ച്ചപ്പാടുകൾ മാറരുതെന്നും”
ഈ ഇഛ്ചയാണ് പുതു ദളിത് കവി പൊതുവേ പങ്കുവയ്ക്കുന്നത്.നവോത്ഥാനകാലത്തും ആധുനികതയുടെ കാലത്തും ആവിഷ്കരിക്കപ്പെട്ട ദളിത്പ്രതിനിധാനങ്ങൾക്ക് അനുഭവത്തിലെ ഈ സൂക്ഷ്മത ഉണ്ടായിരുന്നില്ല.ദളിത് സ്വത്ത്വത്തെ അന്വേഷിക്കലോ ദളിത് കർത്തൃത്ത്വ രൂപീകരണമോ അത്തരം രചനകളിൽ സാധ്യമായില്ല.പുതുകവികൾ ഈ പരിമിതി നന്നായി തിരിച്ചറിയുന്നു എന്നത് ശ്രദ്ധേയമാണ്.
“ഇണയില്ലാത്ത
ഉടുതുണി ചുറ്റി
അപ്പൻ പുറത്തു പോകമ്പോൾ
ചാക്കുടുത്തകത്ത്
ചടഞ്ഞിക്കും
അമ്മയെപ്പറ്റി പറഞ്ഞ്
ഒരുത്തി മൂക്ക് പിഴിയുന്നു

ചീനച്ചട്ടിയിലിട്ട്
ഉണക്കുമ്പോൾ
അടിവസ്ത്രം കരിഞ്ഞ
കഥ പറഞ്ഞ് ഒരുത്തൻ
ചിരിച്ച് മണ്ണ് കപ്പുന്നു.

വിശപ്പ്മൂത്ത്
കണ്ണുപൊട്ടിയപ്പോൾ
അരണയെ ചുട്ടുതിന്ന്
മണ്ണിനു ചോറായ
എളേത്തുങ്ങളെക്കുറിച്ച്
പറഞ്ഞുതീരും മുൻപേ
ഒരുത്തി തലചുറ്റി വീഴുന്നു”
അനുഭവങ്ങളുടെ ഇടുങ്ങിയ പരിസരത്തുനിന്ന് തുറസ്സിലേക്ക് നീങ്ങുന്ന ആഖ്യാനമാണിത്.
കവിതയുടെ ഇടം ചുരുങ്ങിപ്പോയെന്ന് വിമർശനമുയർത്തുന്നവർ ഈ കവിതകളുടെ രാഷ്ട്രീയം തിരിച്ചറിയാതെപോവുകയാണ്.


  • ഭാഷയിലെ വരേണ്യതയെ തകർക്കുന്നു
ദളിത്കവിത ഭാഷയിലെ വരേണ്യസങ്കൽപ്പത്തെ പ്രതിരോധിക്കുവാനുള്ള ചെറുശ്രമങ്ങൾ മുമ്പേ നടത്തിപ്പൊന്നിട്ടുണ്ട്.എന്നാൽ മലയാളഭാവനയുടെ പൊതുധാരയിൽ ആ ശബ്ദം വേണ്ടത്ര കേട്ടിരുന്നില്ല.അദളിതർ എഴുതിയ ദളിത്പ്രതിനിധാനമുള്ള കവിതകൾക്ക് ആശയം മാത്രമായിരുന്നു മുഖ്യം.കവിതയ്ക്ക് മാത്രമായി ഒരു ഭാഷയുണ്ടെന്നും  ഭാഷയുടെ ആ കൂടുതകർന്നാൽ കവിത നശിച്ചു എന്നും കരുതിയവരായിരുന്നു കവികളും വായനക്കാരും. ധ്വനിയിലും വക്രോക്തിയിലും വാർന്നു വീഴുമ്പോഴാണ് കവിതയ്ക്ക് കാമ്പുണ്ടാവുന്നത് എന്ന് ആധുനികകാലംവരെയുള്ള കവിതയും കാവ്യാസ്വാദകരും വിശ്വസിച്ചിരുന്നു.ആധാരണയെ കൃത്യമായ മുന്നൊരുക്കത്തോടെ പൊളിച്ചെഴുതിയത് സമകാലിക ദളിത് കവിതയാണ്.ഒരു ജനസമൂഹത്തെ അവരുടെ ഭാഷയിൽനിന്ന്  അടർത്തിമാറ്റി സാഹിത്യത്തിൽ ആവിഷ്കാരം തേടാനാകില്ല.സാഹിത്യം വരേണ്യവർഗ്ഗത്തിന്റെ കുത്തകയായിരുന്ന കാലത്ത് ഭാഷയെസംബന്ധിച്ച വേവലാതികൾ എഴുത്തുകാരെ അലട്ടിയിരുന്നില്ല.എന്നാൽ പിന്നീട് കവിതയുടെ ഉള്ളടക്കം മാറുകയും പുരോഗമനസാഹിത്യത്തിന്റെ കാലത്ത് പുതുചാൽ വെട്ടി ഒഴുകുകയും ചെയ്തപ്പോഴും ഭാഷയുടെ പഴയ ചട്ടക്കൂട് തകർന്നില്ല.അങ്ങനെ വരേണ്യബിംബങ്ങളുടെ തടവറയിൽ കീഴാളകവിത മരവിച്ചു നിന്നു.ഈ തിരിച്ചറിവ് പുതു ദളിത് കവിയെ ജാഗരൂകനാക്കി.മലയാളത്തിൽ ജോസഫിന്റെ കവിതകളാണ് കൃത്യമായ മുന്നൊരുക്കത്തോടെ വരേണ്യഭാഷയെ പൊളിച്ചെഴുതിത്തുടങ്ങുന്നത്.          ’മലയാളകവിതയ്ക്ക് ഒരു കത്ത്’ എന്ന കവിതയിൽ ജോസഫ് ഇങ്ങനെ കുറിക്കുന്നു
“നിന്റെ ആളുകളെ എനിക്കറിയാം
വലിയ കെട്ടിടങ്ങൾപോലെയുള്ളവർ
അവർ നിന്നെ ചതുരങ്ങളിലും വൃത്തങ്ങളിലും
പൂട്ടിയിട്ടു
ഒരു തുളയിലൂടെ നീ പുറംലോകം കണ്ടു.
വീട്ടുപകരണങ്ങളിൽ തട്ടി വീണു
തുണികളും ചിരികളുമെടുത്തണിഞ്ഞ്
അമ്പലത്തിലേക്ക് പോകുംവഴി
നീ കാറിലിരുന്നു എന്നെ നോക്കിയത് മറക്കത്തില്ല.
എല്ലാം മടുത്തു അല്ലേ?

കാടുകാണാനും ഓലപ്പുരയിലുറങ്ങാനും
ചെളിവെള്ളത്തിൽ നടക്കാനും
പെണ്ണിന് കൊതി തോന്നാം
വെയിലത്ത് അവൾ പൊള്ളും
മഴനനഞ്ഞ് പനിപിടിക്കും.

നിനക്ക് വേണ്ടത് സ്വാതന്ത്ര്യമല്ലേ?
ഇവിടെ അതേയുള്ളൂ
ഇഷ്ടമുള്ളത് പറയാം ,ചെയ്യാം
തോട്ടിൽപ്പോയി കുളിക്കാം
പറമ്പിലെത്തുന്ന കരിയിലാം പിടകളോടൊപ്പം
ചിലയ്ക്കാം
തിണ്ണയിൽ തഴപ്പായിട്ടിരിക്കാം”
പുതുകവിത ചരിത്രത്തിന്റെ ഇരുട്ടിലേക്ക് താണുപോയ മനുഷ്യരെ മാത്രമല്ല അവരുടെ ഭാഷയെയും വീണ്ടെടുക്കാനാണ് തുനിയുന്നത്. അങ്ങനെ അടഞ്ഞ ഘടനയിൽ കെട്ടിക്കിടക്കുന്ന കവിതയെ പുറം ലോകത്തേക്ക് കൊണ്ടുവരികയാണ് പുതുകവി.അതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത് ദളിത് രാഷ്ട്രീയമാണ്.ഭാഷയുടെ ഔപചരികത കുടഞ്ഞെറിഞ്ഞ് പുതുദളിത് കവിത അതിന്റെ രാഷ്ട്രീയം വെളിവാക്കുകയാണ്.അചുംബിത കവ്യബിംബങ്ങൾക്കായി കാത്തുനിൽക്കുന്നില്ല കവി.വാക്കുകൾ എന്ന കവിതയിൽ ഇക്കാര്യം ജോസഫ് വ്യക്തമാക്കുന്നുണ്ട്.
“ഇന്ന് വാക്കുകൾക്ക് ഒരു പകിട്ടുമില്ല
മുനപോയ ഉളികൊണ്ടു പണിയുന്ന
ആശാരിയാണ് കവി.
ആലയില്ലാത്ത കൊല്ലൻ,
ചുറ്റികയും കരണ്ടിയുമില്ലാത്ത കൽപ്പണിക്കാരൻ
പണി നടന്നേ പറ്റൂ”
ഈ തിരിച്ചറിവാണ് പുതുദളിത് കവിതയുടെ ശക്തി.തന്നെയും തന്റെ വംശത്തെയും അടയാളപ്പെടുത്താൻ  തനതുഭാഷ പ്രയോജനപ്പെടുത്തുകയാണ് ഇന്നത്തെ ദളിത് കവി.
‘ധ്വനി’ എന്ന കവിതയിൽ ജോസഫ് തന്റെ കാവ്യഭാഷയുടെ സ്വഭാവം കൃത്യമായി
വെളിപ്പെടുത്തിയിട്ടുണ്ട്.
“പോക്കെടമില്ല അല്ലേ?എന്ന ചോദ്യമാണ്
ഞാൻ പ്രയോഗിച്ചിട്ടുള്ള ഏറ്റവും വലിയ ധ്വനി
എന്ന് തോന്നുന്നു”
വരേണ്യഭാഷയിൽ എഴുതപ്പെട്ട ദളിത് കവിതയുടെ പരിമിതി തന്റെ കവിതയ്ക്ക് സംഭവിക്കരുതെന്ന് ജോസഫിന് നിബന്ധമുണ്ടെന്ന് സാരം.എം.ആർ.രേണുകുമാറിന്റെയും എം.ബി.മനോജിന്റെയും കവിതകളിലും ഈ ജാഗ്രതതന്നെയാണുള്ളത്.മനോജിന്റെ ‘ബാർബർഷോപ്പ് സംഭാഷണം’ എന്ന കവിത നോക്കുക
“002 എടുത്തത് പത്തെണ്ണവാ ഇരിക്കുന്നെ
അടിച്ചില്ല
523 എടുത്തോ ഇന്നടിക്കൂന്നൊറപ്പാ
975ന് നാല്പതിനായിരമടിച്ചു
നാലുരൂപപ്പലിശക്ക് കൊടുത്തു
കയ്യിവെച്ചാ ഇരിക്കുകേല

എടുക്കുമ്പോ
മുമ്പിനിക്കുന്നതാരാണെന്ന് മൊകത്ത്
നോക്കണം
ഡിജിറ്റലേതാ വലിക്കുന്നേന്ന്
അറിയാണ്ട് ചെക്ക് ചെയ്യണം
മൂന്നെണ്ണത്തിക്കൂടരുത്
കട്ടലോട്ടറീം സെയിമും ഊമ്പീരാ

മൊത്തം പോയതോ
ഓ ഒര് വീടീനൊള്ള്ത് കാണും
ഓ കോപ്പാ”
ദളിത് ഭാഷയുടെ ചുനയാണ് ഈ കവിതയെ കരുത്തുറ്റതാക്കുന്നത്.

  • ദളിതൻ തന്നെ കവിയാകുന്നു
ദളിതനുവേണ്ടി മറ്റുള്ളവർ /അദളിതർ കവിതയെഴുതുന്നതാണ് ആധുനികകാലത്തെ അനുഭവമെങ്കിൽ പുതുകവിതയിൽ ഇതിന് മാറ്റം വരുന്നത് കാണാം.മുമ്പും ദളിതർതന്നെ ദളിത്പ്രതിനിധാനമുള്ള കവിത എഴുതിയുരുന്നു.പക്ഷേ കവിതയുടെ മുഖ്യധാരയിലേക്ക് അവ കടന്നുവന്നിരുന്നില്ല.ആധുനികാനന്തര മലയാള കവിത ഈ പ്രവണതയെ ശക്തമായി പ്രധിരോധിക്കുന്നുപുതുകാലത്തെ ദളിത്കവി അതിൽ ജാഗ്രത പുലർത്തുന്നു.എസ്.ജോസഫിന്റെ കവിതകൾ അതിന്റെ ശക്തമായ തുടക്കമായിരുന്നു. ദളിത്ജീവിതാനുഭവത്തെ ദലിതൻ പകർത്തുമ്പോൾ കവിതയുടെ അനുഭവപരിസരം സമഗ്രമാകുന്നു.അതിന് അനുകൂലമായ ആസയപരിസരം രൂപപ്പെട്ടു എന്നതും പരിഗണനാർഹമാണ്.ലോകവ്യാപകമായി കോളനിയനന്തരരാജ്യങ്ങളിൽ സംജാതമായ സംസ്ക്കാരപഠനമണ്ഡലം പീഡിതവർഗ്ഗത്തിന്റെ സ്വത്ത്വരൂപീകരണത്തിന് പ്രേരണയായി.വർഗ്ഗപരവും ലിംഗപരവുമായ സ്വത്ത്വത്തെ തിരിച്ചറിയാൻ സഹായകമായ പ്രത്യയശാസ്ത്രത്തിന്റെ രൂപീകരണവും ഇതിന് സഹായകമായി.ഈ തിരിച്ചറിവിലാണ് ആധുനികാനന്തര മലയാളകവിതയും എത്തിനിൽക്കുന്നത്.പുതുദളിത്കവിതയെ യാഥാർഥ്യമാക്കുന്ന രാഷ്ട്രീയപശ്ചാത്തലം ഇതാണ്.
‘ഇന്നലെവരെ തങ്ങൾക്കുവേണ്ടി മറ്റാരോ ചെയ്തിരുന്ന പണി ഇപ്പോൾ സ്വന്തമായി ചെയ്യുന്നതിന്റെ സുഖവും സ്വതന്ത്ര്യവും ഒന്നു വേറെയാണ്’ എന്ന് ഈ അനുഭവം രേണുകുമാർ തുറന്നു പറയുന്നു.
ദളിതന്റെ ദാരിദ്ര്യവും നിസ്വാവസ്ഥയും അധ്വാനമേഖലയിൽ അവർ നേരിടുന്ന ചൂഷണവും ആധുനികകവിതയുടെ പ്രമേയങ്ങളിലൊന്നായിരുന്നു.അതിനും മുൻപ് നവോത്ഥാനകാലത്ത് ജാതിയായിരുന്നു പ്രമേയം.ഈ രണ്ടു ഘട്ടങ്ങളിലും ദളിതന്റെ സ്വത്ത്വത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾ നടന്നില്ല.അതുകൊണ്ടുതന്നെ ആ കവിതകളിലൂടെ ദളിത് കർത്തൃത്ത്വ രൂപീകരണവും സാധ്യമായിരുന്നില്ല.പുതുകവിത ഈ പരിമിതിയെ മറികടക്കാനാണ് ശ്രമിക്കുന്നത്.ആധുനികാനന്തര മലയാളകവിതയിലെ ദളിത് ദളിത് സ്വത്ത്വത്തെ തിരഞ്ഞു ചെല്ലുകയും ദളിത് കർത്തൃത്ത്വത്തെ രൂപീകരിക്കുകയും ചെയ്യാനാണ് ശ്രമിക്കുന്നത്.

  • ചെറുതുകളുടെ പ്രാധാന്യം
ആധുനികാനന്തര മലയാളകവിത പൊതുവേ പങ്കുവയ്ക്കുന്ന ഒരു സവിശേഷതയാണ് കവിതയുടെ രൂപത്തിൽ വന്ന ചെറുപ്പം.സാർവദേശീയ സ്വഭാവമുള്ള ആശയങ്ങളെ ശില്പവൈദഗ്ദ്ധ്യത്തോടെ അണിയിച്ചൊരുക്കുന്ന കവിതാരീതി പുതുകവികൾ ഉപേക്ഷിച്ചു.കവിതയുടെ രൂപത്തിൽ വന്ന ഈ മാറ്റം ആധുനികാനന്തര ദളിത് കവിത നന്നായി പ്രയോജനപ്പെടുത്തി.ജീവിതത്തിന്റെ പുറമ്പോക്കിൽ /കവിതയ്ക്ക് പുറത്ത് നിന്നിരുന്ന മനുഷ്യരെ അകത്തേക്ക് കൊണ്ടുവരുവാൻ ആ കവിതയ്ക്ക് കഴിഞ്ഞു..എല്ലാ ശിലകളിലും ശില്പമൊളിഞ്ഞിരിപ്പില്ലെന്ന വരേണ്യകാവ്യയുക്തിയെ പ്രതിരോധിക്കുവാൻ പുതു ദളിത് കവികൾക്ക് കഴിഞ്ഞു.കവിതയ്ക്ക് യോജിക്കുന്ന ജീവിതങ്ങളും അതിന് പുറത്തുള്ള ജീവിതങ്ങളും എന്ന വേർതിരിവിനെ എതിർത്തുതോൽപ്പിക്കുകയാണ് പുതുദളിത് കവി.മീങ്കാരന്റെയും കല്പണിക്കാരന്റെയും കുഴിവെട്ടുകാരന്റെയും ജീവിതത്തിന് കാവ്യാത്മകതയില്ലെന്ന ധാരണയെ തിരുത്തുവാനാണ് പുതുകവി ശ്രമിക്കുന്നത്.’പല കവിതകൾ’ എന്ന കവിതയിൽ ജോസഫ് ഈ ആശയം ഭംഗിയായി അവതരിപ്പിക്കുന്നു.
“വേശ്യപ്പണിക്കു പോയവൾക്ക്
തകരപ്പാത്രം കവിതയാകുമോ?
ആകും.മറ്റൊരു ജീവിതം കണ്ടെത്തുകയാൽ.
പിച്ചക്കാരുടെ കവിതയാകട്ടെ
തങ്ങളെത്തന്നെ വിരലുകളില്ലാതെ
ചൂണ്ടിക്കാണിക്കേണ്ടിവരുന്നത്.
കുഴിവെട്ടുകാരന് കവിതയില്ലെന്ന് തോന്നാം
എല്ലാപ്രതീക്ഷയും വീണടിയുന്നു
പള്ളിപ്പറമ്പിലെയാറടി മണ്ണിൽ
എന്നവൻ പാടുന്നുണ്ട്”
എം.ആർ.രേണുകുമാറിന്റെ താഴെ കൊടുക്കുന്ന വിശദീകരണം പുതുദളിത്കവിതയുടെ/കവിയുടെ നിലപാട് വ്യക്തമാക്കുന്നു.
‘ചെറ്റക്കുടിലിനുമീതെ ആന്റിന കണ്ടപ്പോഴും മീൻ കാരന്റെ കയ്യിൽ മൊബൈൽ കണ്ടപ്പോഴും മെയ്ക്കാടുപണിക്കാരൻ ജീൻസിട്ടുപോകുന്നതുകണ്ടപ്പോഴും ധാർമ്മികരോഷമുണ്ടായവരാണല്ലോ നമ്മൾ.ഇതൊന്നും സ്വാഭാവികമായി അവർക്ക് കൈവരാനുള്ള അവസരം നമ്മൾ അനുവദിച്ചുകൊടുക്കുകയുമില്ല.അവരതെങ്ങാനും സ്വായത്തമാക്കിയാൽ മേൽപ്പറഞ്ഞവിധം ധാർമ്മികരോഷം വമിപ്പിക്കുകയും ചെയ്യും.പുതിയ സ്വത്വങ്ങളുടെ രംഗപ്രവേശം ഇത്തരം അധീശപൊതുബോധങ്ങളുടെയും വ്യാജലോകങ്ങളുടെയുമൊക്കെ ഇരട്ടത്താപ്പുകളെ നഗ്നമാക്കുകയും ചോദ്യംചെയ്യുകയും ചെയ്യുന്നുണ്ട്.’
മലയാളിയുടെ പൊതുബോധത്തിൽ സംഭവിച്ച പിളർപ്പിനെ കവിതകൊണ്ട് നേരിടുവാനാണ് ഇന്നത്തെ ദളിത്കവി ശ്രമിക്കുന്നത് എന്ന് ഈ വാക്കുകൾ സാക്ഷ്യപ്പെടുത്തുന്നു.ചെറുശബ്ദങ്ങൾ വലിയ മുഴക്കത്തോടെ പുതുകവിതയിൽ വരുന്നതിന് എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും നിരത്തുവാനാകും.വലുതുകൾ എപ്പോഴും ആഘോഷത്തെയും അത്ഭുതത്തെയും ലക്ഷ്യമാക്കുന്നു.വിനോദസഞ്ചാരികളെ ആകർഷിക്കുന്ന കാനായിശില്പങ്ങളുമായി ബ്രഹദാഖ്യാനങ്ങളെ താരതമ്യം ചെയ്യാവുന്നതാണ്.ആഹ്ലാദമാണതിന്റെ മുഖ്യ ലക്ഷ്യം.അതേസമയം മൺകുടിലിൽ തൊഴിലാളി മെനയുന്ന ചെറുശില്പങ്ങൾ കലയെന്നതിലുപരി ജീവിതത്തെ മെനഞ്ഞെടുക്കുന്നതിന്റെ സാക്ഷ്യങ്ങളാണ്.നടന്നുകാണുന്നതിന്റെ സുഖം ആ നിർമ്മിതികൾ ഒരിക്കലും നൽകുന്നില്ല.പുതുകാലത്തെ ദളിത് കവി മൺകുടിലിലിരുന്ന് ശില്പം മെനയുന്നവനാണ്.പണിയായുധങ്ങൾ സ്വന്തമായില്ലാത്തവന്റെ പണിത്തരമാണത്.ചെറുതുകളുടെ രാഷ്ട്രീയമാണ് ആ കവിതകളുടെ ആണിക്കല്ല്.കടമ്മനിട്ടയുടെ കുറത്തി,കാട്ടാളൻ തുടങ്ങിയ കവിതകളിൽ നിന്ന് പുതു ദളിത്കവിത പുലർത്തുന്ന ദൂരം ഇങ്ങനെ അളന്നെടുക്കാവുന്നതാണ്.

  • സ്വകാര്യത ഏറുന്നു
ആധുനികകാല ദളിത് കവിതയിൽനിന്ന് ആധുനികാനന്തര ദളിത്കവിതയിലേക്ക് വരുമ്പോൾ കാണുന്ന ഒരു വലിയ മാറ്റമാണ് സ്വകാര്യതയോട് പുതുകവികൾക്കുള്ള ആഭിമുഖ്യം. നാടും വീടും പരിസരവും  കൃത്യമായി അടയാളപ്പെടുത്തുവാനും ആഖ്യാതാവിന്റെ കർതൃത്ത്വത്തെ സ്ഥാപിക്കുവനും പര്യാപ്തമായ ആഖ്യാനസ്വരം പുതുകവിത സ്വീകരിക്കുന്നു.ആവേശത്തെക്കാൾ ആത്മവത്തയ്ക്ക് കവിതയിൽ ഇടം നൽകുമ്പോൾ രൂപപ്പെടുന്ന അന്തരീക്ഷ്മാണ് ദളിത് കർത്തൃത്ത്വത്തിന്റെ സ്ഥാപനത്തിന് ഗുണകരമെന്ന് പുതുകവിത തിരിച്ചറിയുന്നുണ്ട്.അതിൽ പൊതിഞ്ഞുവച്ച രാഷ്ട്രീയമുണ്ട്.സ്വയംവിമർശനത്തിന്റെ സ്വരമുണ്ട്.വ്യവസ്ഥിതിയെ ചൂഴ്ന്നുനിൽക്കുന്ന കെടുതികളുടെ സൂചനകളുണ്ട്.
“രഹസ്യക്കാരെ പിടിക്കാൻ
ചുറ്റും നടന്ന ഒരാമ്പ്രന്നോനെ
ഇരുട്ട് വട്ടം കറക്കുന്നു

കാറ്റ് പ്ലാവില പറത്തിച്ചു
അത് അവള് ചാക്കുവിരിച്ചിടം
കന്നാലി കാപ്പിയെലേൽ നടന്നു
ഇത് പായ ചുരുട്ടിയ സ്ഥലം
കാല് താന്ന പാട്
നെത് അവൾടെ അടിപ്പാവാടകണ്ട ഇത്തറ്റം
അയാൾ തെളിവുകൾ വാരിക്കത്തിക്കുന്നു”(എം.ബി.മനോജ്-അടക്കം,ഒതുക്കം,സൗമ്യം)

പെട്ടുപോയ കയത്തിലെ ഈ വട്ടംചുറ്റൽ ,വേരുകളോളം ആഴ്ന്ന് ചെല്ലുന്ന ഈ വേദന ഒരു രഹസ്യവർത്തമാനമായല്ല കാണേണ്ടത്.അമ്മമാർ എന്ന കവിതയിൽ മനോജ് എഴുതുന്നു:
“ഒരമ്മ ചീത്തയാണെന്നാരേലും
പറഞ്ഞാൽ
തന്തയാണേലും
സ്വന്തം ഉടൽ ഉയർത്തിപ്പിടിച്ച്
തല്ലാൻ ചെല്ലേണ്ടിവരും

അവർ വിളമ്പുന്ന
തവിയിലേക്കുനോക്കി
കണ്ടവൻ കേറി
വന്നവഴി കളങ്കപ്പെടുത്തിയെന്ന്
മനസ്സിൽപ്പറഞ്ഞ്
പിടിയുരുട്ടി
ചാറിൽ മുക്കി
ചവച്ച്
മിഴുങ്ങിക്കൊണ്ട്”
രേണുകുമാറിലെത്തുമ്പോൾ ഈ സ്വകാര്യതയുടെ ഇടം കൂടുതൽ വിസ്തൃതമാകുന്നു.ബാല്യവും കൗമാരവും യൗവനവും ഇഴചേരുന്ന ഓർമ്മകളുടെ പെരുക്കം കവിതകളുടെ നിർമ്മാണവസ്തുവാകുന്നു.
“പുല്ലിയ മീനുകൾ
പരതുന്നതിനിടയിൽ
വെള്ളത്തിനടിയിൽ
ഒമയുടെ ഉള്ളിൽ വച്ച്
ഞങ്ങളുടെ വിരലുകൾ
ഇടയ്ക്ക് കണ്ടുമുട്ടുന്നു”
എന്നിങ്ങനെ പ്രണയാനുഭവം കുറിക്കുന്നു.പണിയിടത്തിൽ ഇണയുടെ ഉടൽ ഓർമ്മകൊണ്ട് കൂർമ്പിച്ചെടുത്ത് രസിക്കുന്ന തൊഴിലാളിയുടെ ഉച്ചിയിൽ കൂടംവീഴുന്ന ചിത്രവും രേണുകുമാർ വരയ്ക്കുന്നു.’ഒന്ന് കോച്ചിവലിച്ച് മലം,മൂത്രം,ശുക്ലം എന്നിവയോടൊപ്പം ജീവനും വിസർജ്ജിച്ച’ തൊഴിലാളിയുടെ ക്ഷമാപണം ഇങ്ങനെ:
“സറന്മാർക്കൊക്കെ
വലിയ ബുദ്ധിമുട്ടായല്ലേ?
മന:പൂർവമായിരുന്നില്ല;ഒന്നും”
സ്വകാര്യമാകുമ്പോഴും ഈകവിതകൾ ചെന്നു തൊടുന്ന ഇടങ്ങൾ കൃത്യമാണ്.കീഴാളജീവിതത്തിന്റെ നേരനുഭവമായി,അകവും പുറവുമായി കവിത രൂപപ്പെടുന്നു. ‘സറന്മാർക്കൊക്കെ
വലിയ ബുദ്ധിമുട്ടായല്ലേ?’ എന്ന ചോദ്യത്തിനകത്ത് ആ കവിതകളുടെ രാഷ്ടീയമുണ്ട്.
“തലയിൽ വീണ
മഴത്തുള്ളികളിൽനിന്ന്
കണ്ണീരിനെ പിരിച്ചെഴുതാൻ
എനിക്ക് കവിതയും”(പിരിച്ചെഴുത്ത്)
എന്ന് തന്റെ കവിതയുടെ യുക്തി മറ്റൊരിടത്ത് രേണുകുമാർ വെളിപ്പെടുത്തുകയും ചെയ്യുന്നു.

  • പ്രകൃതിബോധം
പുതുദളിത്കവികളുടെ പ്രകൃതിബോധവും സവിശേഷപ്രാധാന്യം അർഹിക്കുന്നു.അത് പൂർവകാല കവിതയുടെ കല്പനിക പ്രകൃതിബോധത്തെ നിരാകരിക്കുന്നതാണ്.ചുറ്റുമുള്ള ജീവികളോടും ചെടികളോടും മരങ്ങളോടും ആധുനികാനന്തര ദളിത്കവി പ്രതികരിക്കുന്നത് കാല്പനികത ചോർത്തിക്കളഞ്ഞ ശുദ്ധവികാരത്തോടെയാണ്.മുളപൊട്ടുമ്പോലെ ,പൂവിരിയുമ്പോലെ,ഇലയടരുമ്പോലെ സ്വാഭാവികമായി ജീവിച്ചുതീർക്കുന്ന ജീവിതമാണ് ഇന്നത്തെ ദളിത്കവിയുടെ സ്വപ്നം.നിസ്സഹായരെ ചേർത്തുപിടിക്കുവാൻ കവിത ശ്രമിക്കുന്നു.മണ്ണിനോടും മണ്ണിൽ കുരുക്കുന്ന സസ്യവർഗ്ഗങ്ങളോടും അതിലെ ജീവരാശികളോടും സമഭാവനയോടെ പെരുമാറാൻ നമ്മുടെ കവിത മുൻപൊന്നും ഇത്ര ജാഗ്രത കാട്ടിയിട്ടില്ല.പ്രകൃതിബോധത്തിലെ ഈ സമഗ്രത പുതുദളിത് കവിതയുടെ സവിശേഷതയാണ്.
  • നല്ലത്/ചീത്ത എന്ന സങ്കൽപ്പം തകരുന്നു
ആധുനികാനന്തര ദളിത്കവിത മലയാളിയുടെ കാവ്യഭാവുകത്വത്തെ പിളർന്നുകൊണ്ടാണ് അതിന്റെ അസ്തിത്വം ഉറപ്പിച്ചത്.കവിതയെ നല്ലതും ചീത്തയുമാക്കുന്ന സൗന്ദര്യയുക്തിയുടെ കെട്ടിനകത്ത് കുടുങ്ങിക്കിടന്ന മലയാളകവിതയെ മോചിപ്പിച്ചെടുക്കുക എളുപ്പമായിരുന്നില്ല.ലോകസാഹചര്യത്തിൽ കവിതയും കവിതയെ സംബന്ധിച്ച ധാരണകളും മാറിയിട്ടും മളയാളകവിത മാറിയില്ല.കവിതയെക്കാൾ വാശിയോടെ മാറാതെ നിന്നത് കാവ്യനിരൂപണമായിരുന്നു.കവിതയിലെ മാറ്റത്തെ അവർ ചീത്തക്കവിതയായി കണ്ടു.കവിതയുടെ മരണമായി വ്യാഖ്യാനിച്ചു.ഇതിനെതിരെ പൊരുതിക്കൊണ്ടാണ് ഇക്കാലമത്രയും പുതുകവിത ജീവിച്ചത്. ഇത് സൂചിപ്പിക്കുന്നത് പുതുദളിത്കവി മലയാളകാവ്യചരിത്രത്തിൽ ഇരട്ടദൗത്യം നിറവേറ്റിക്കൊണ്ടാണ് മുന്നേറിയത് എന്നാണ്.ഒന്നാമതായി അത് മലയാളകവിതയെ പുതുഭാവുകത്ത്വത്തിലേക്ക് നയിച്ചു.രണ്ടാമതായി അത് ദളിത്കവിതയ്ക്ക് അർത്ഥപൂർണ്ണമായ മാനം നൽകി.        നല്ലത്/ചീത്ത എന്ന ദ്വന്ദം ചരിത്രത്തിലെ നിർദ്ദോഷമായ ഗണപ്പെടുത്തലല്ലെന്നും അതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത് അധീശത്ത്വയുക്തിയാണെന്നും ഭൂരിപക്ഷത്തെ ചരിത്രത്തിന് പുറത്തു നിർത്താനുള്ള ഇഛ്ച അതിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഇന്നത്തെ ദളിത്കവി തിരിച്ചറിയുന്നുണ്ട്.
“ജനാലയിലിരുന്ന് ഒരു പെൺകുട്ടി മുടി ചീകുന്നു
ഈ ഒരു വാക്യം മതി ഒരു കവിതയാകുവൻ”(തൂവാല-ജോസഫ്)
എന്ന് ജോസഫ് എഴുതുന്നു.പുതുദളിത്കവിയുടെ കാവ്യസങ്കല്പം ഈ വരികളിലുണ്ട്.കവിതയെ നല്ലതും ചീത്തയുമാക്കുന്ന ഘടകങ്ങളെക്കുറിച്ചുള്ള നിരൂപണസങ്കല്പങ്ങളോട് അവർ വിയോജിക്കുന്നു.കവിത പൊരുതലും വെളിപ്പെടലും വെളിപ്പെടുത്തലുമാകുമ്പോൾ പറയുന്നത് പ്രധാനമാവുകയും പറയുന്നരീതി മാറുകയും ചെയ്യും.ഇത് പുതുകവിതയുടെ രാഷ്ട്രീയത്തെയാണ് പുറത്തുകൊണ്ടുവരുന്നത്.

  • പുതിയ പ്രതിസന്ധികൾ രൂപപ്പെടുന്നു
ആഗോളവൽകൃത സമൂഹത്തിൽ ജീവിതത്തിന്റെ മാനദണ്ഡങ്ങളും സമൂഹശ്രേണിയിലെ വർഗ്ഗങ്ങളുടെ നിലയും മാറിക്കൊണ്ടിരിക്കുന്നു. വർഗ്ഗ-വർണ്ണ താല്പര്യങ്ങൾ പ്രസക്തമല്ലാത്ത,ശരീരത്തെ തന്നെ അപ്രസക്തമാക്കുന്ന സൈബർജീവിതത്തിലേക്ക് മലയാളിയും കടന്നിരിക്കുന്നു.ഇത്   കേരളത്തിലെ ദളിത്സമൂഹത്തെ ചില പുതിയ പ്രതിസന്ധികളിൽ എത്തിച്ചിട്ടുണ്ട്..ദളിത് സമൂഹത്തിലെ ഒരു ന്യൂനപക്ഷം ഇന്ന് എത്തിച്ചേർന്ന ജീവിതപരിസരം ദളിത് സമൂഹത്തെ ഒറ്റ ഖണ്ഡമായി പരിഗണിക്കാൻ കഴിയാതാക്കിയിട്ടുണ്ട്. പുതുദളിത്കവിത ഇത് തിരിച്ചറിഞ്ഞുതുടങ്ങിയിട്ടുണ്ട്.രേണുകുമാറിന്റെ ‘അൾസിര@’ എന്ന കവിത ഈ പ്രതിസന്ധിയെ സാക്ഷ്യപ്പെടുത്തുന്നു.
“ചില മലയാളികൾ
ഒറ്റയ്ക്ക് അനുഭവിക്കുന്ന ഒരു നശിച്ച ജീവിതമുണ്ട്”(ഗ്രൂപ്പ് ഫോട്ടോ)
എന്നു ജോസഫ് കുറിക്കുമ്പോൾ ദളിത്കവിതയുടെ/കവിയുടെ പുതിയ വെല്ലുവിളി ഓർമ്മിപ്പിക്കുകയാവുമോ?
                               *********************






3 comments:

  1. നല്ലത് പുതിയ കാല കവികളെ കൂടി നിരീക്ഷിക്കണം

    ReplyDelete